തൃശൂരില്‍ ഞാന്‍ തോല്‍ക്കുമെന്ന് ടി.എന്‍. പ്രതാപന്‍

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ 20ല്‍ 20 സീറ്റും വിജയിച്ച്‌ കയറുമെന്ന് പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ച്‌ കൊണ്ട് തൃശൂരില്‍ തോല്‍വി മുന്‍കൂട്ടി പ്രവചിച്ച്‌ ടി.എന്‍. പ്രതാപന്‍. തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ തോറ്റാല്‍ അത്ഭൂതപ്പെടാനില്ലെന്നാണ് ഇന്നലെ ചേര്‍ന്ന കെ.പി.സി.സി യോഗത്തില്‍ പ്രതാപന്‍ തുറന്നടിച്ചത് ഞെട്ടലോടെയാണ് നേതാക്കള്‍ കേട്ടത്. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വമാണ് പ്രധാന തിരിച്ചടി. ഹിന്ദുവോട്ടുകളില്‍ ചോര്‍ച്ച സംഭവിച്ചേക്കും. കോണ്‍ഗ്രസിനു ലഭിക്കേണ്ട ഹിന്ദുവോട്ടുകള്‍ ബി.ജെ.പിക്കു പോയിട്ടുണ്ട്. നെഗറ്റീവ് ഫലവും തൃശ്ശൂരില്‍ നിന്ന് പ്രതീക്ഷിക്കാമെന്നും പ്രതാപന്‍ തുറന്നു പറഞ്ഞത് യോഗം ഞെട്ടലോടെയാണ് കേട്ടത്. കോണ്‍ഗ്രസ് മത്സരിച്ച 16 സീറ്റുകളിലെയും വിജയസാധ്യത സംബന്ധിച്ച്‌ യോഗത്തില്‍ ചര്‍ച്ചയുണ്ടായി. കോണ്‍ഗ്രസിന്റെ 15 സ്ഥാനാര്‍ഥികളിലും വിജയപ്രതീക്ഷയുണ്ടെന്നാണ് യോഗം വിലയിരുത്തിയത്. എന്നാല്‍, പ്രതാപന്‍ മാത്രമാണ് തൃശ്ശൂരിന്റെ ആശങ്ക മുന്നോട്ടുവെച്ചത്.

തൃശ്ശൂരില്‍ അനുകൂല സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ഥി ആയിരുന്നെങ്കില്‍ ഒരുലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമായിരുന്നു. ക്രിസ്ത്യന്‍-മുസ്ലിം വോട്ടുകള്‍ യു.ഡി.എഫിന് അനുകൂലമായി കേന്ദ്രീകരിക്കപ്പെട്ടു. എന്നാല്‍ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം സാഹചര്യം മാറ്റി. ഹിന്ദുവോട്ടുകള്‍ വലിയരീതിയില്‍ സുരേഷ് ഗോപിക്ക് പോയി. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധ വോട്ടുകളും സുരേഷ് ഗോപിയിലൂടെ ബി.ജെ.പിയിലാണ് എത്തിയിട്ടുണ്ടാവുക. ധീവരമേഖലയിലും വോട്ട് ചോര്‍ച്ചയുണ്ടായിട്ടുണ്ട്. എന്നാല്‍ വിജയസാധ്യതയുള്ള മണ്ഡലമായാണ് തൃശ്ശൂരിനെ പരിഗണിക്കുന്നതെന്നാണ് ഉമ്മന്‍ ചാണ്ടി അടക്കുമുള്ള നേതാക്കളുടെ പ്രതികരണം. മുപ്പത്തയ്യായിരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പ്രതാപന്‍ ജയിക്കുമെന്നായിരുന്നു തൃശ്ശൂരില്‍നിന്നുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം.

വിനയംകൊണ്ടാണ് ഇത്തരത്തിലൊരു പ്രതികരണം പ്രതാപന്‍ നടത്തിയതെന്ന് ബെന്നി ബെഹനാന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും പറഞ്ഞു. അതേസമയം മറ്റു ഡിസിസി പ്രസിഡന്റുമാര്‍ വോട്ടര്‍പട്ടികയിലെ ക്രമക്കേടിനെയാണ് പഴിചാരിയത്. ഒരുലക്ഷത്തിനു മുകളില്‍ ഭൂരിപക്ഷം നേടേണ്ട മണ്ഡലങ്ങളായിരുന്നു തങ്ങളുടേതെന്നും എന്നാല്‍ വോട്ടുകള്‍ വെട്ടിനിരത്തിയത് തിരിച്ചടിയായെന്നും അവര്‍ യോഗത്തില്‍ പറഞ്ഞു. എന്നാല്‍ വോട്ടെടുപ്പിലെ ക്രമക്കേടിനെ ഒരു പഴുതായി കണ്ട് ആരും അതിനെ പഴിചാരേണ്ടെന്നും ഈമാസം 23നു ശേഷം അതുസംബന്ധിച്ച്‌ ചര്‍ച്ച ചെയ്യാമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ യാതൊരു പ്രവര്‍ത്തനത്തിനും ഇറങ്ങിയിട്ടില്ല. അത് നേതൃത്വത്തിന് നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ, കോഴിക്കോട്, കാസര്‍ഗോഡ് മണ്ഡലങ്ങളിലാണ് കൂടുതലും നേതാക്കള്‍ പ്രവര്‍ത്തിക്കാതിരുന്നത്. ഇവര്‍ക്കെതിരെ മാതൃകാപരമായ നടപടിയുണ്ടാകുമെന്ന് വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

Top