സാന്റിയാഗോ മാർട്ടിനോട് മാപ്പ് പറഞ്ഞ് മനോരമ ;മനോരമ മാപ്പ് പറയേണ്ടത് മുതലാളിയോടല്ല വായനക്കാരോടാണ് എ.എ.റഹിം ; സാന്റിയാഗോ മാർട്ടിന്റെ പേരിൽ സിപിഐഎം നെതിരെ മനോരമ വർഷങ്ങളായി വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു.

ദീർഘമായ ഒരുകാലം സിപിഐ(എം) നെ വേട്ടയാടാൻ മനോരമ ഉപയോഗിച്ച ആയുധമായിരുന്നു സാന്റിയാഗോ മാർട്ടിൻ എന്ന ലോട്ടറി വ്യവസായി. മനോരമയുടെ ‘കൂലിയെഴുത്തുകാർ’ എഴുതി പിടിപ്പിച്ച അപസർപ്പക കഥകൾ വായനക്കാർ മറന്നിട്ടില്ല. അത്രത്തോളം കള്ളക്കഥകളാണ് സിപിഐഎം നെതിരെ മനോരമ പത്രത്തിൽ എഴുതി നിറച്ചത്. ഒടുവിൽ ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിനെതിരെ വാര്‍ത്ത നല്‍കിയതില്‍ മലയാള മനോരമയുടെ ക്ഷമാപണം. ഇന്ന് പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലൂടെയാണ് മനോരമ വിവാദ ലോട്ടറി വ്യവസായിക്കെതിരെ നല്‍കിയ വാര്‍ത്തകളുമായി ബന്ധപ്പെട്ട് നിരുപാധികം ഖേദിക്കുന്നതായി അറിയിച്ചത്. സാന്റിയാഗോ മാര്‍ട്ടിന്‍ മനോരമയ്‌ക്കെതിരെ നല്‍കിയ കേസുകള്‍ പിന്‍വിലിപ്പിക്കുന്നതിന്റെ ഭാഗമാണ് നടപടി.

എ എ റഹിമിന്റെ പോസ്റ്റ്‌ ചുവടെ :-

മാപ്പ് പറയേണ്ടത്, മുതലാളിയോടല്ല, വായനക്കാരോടാണ്.

അങ്ങനെ മഹാനായ പത്ര മുതലാളി ‘അന്തസ്സായി’മാപ്പ് പറഞ്ഞിരിക്കുന്നു.പണം കൊടുത്തു പത്രം വാങ്ങി വായിക്കുന്നവർ ഒരിക്കൽ കൂടി മണ്ടന്മാരായതായി മനോരമ ഇതിനാൽ പ്രഖ്യാപിക്കുന്നു. എന്താല്ലേ?

സാന്റിയാഗോ മാർട്ടിൻ.. ദീർഘമായ ഒരുകാലം സിപിഐ(എം) നെ വേട്ടയാടാൻ മനോരമ ഉപയോഗിച്ച ആയുധമായിരുന്നു.
മനോരമയുടെ ‘കൂലിയെഴുത്തുകാർ’ എഴുതി പിടിപ്പിച്ച അപസർപ്പക കഥകൾ വായനക്കാർ മറന്നിട്ടില്ല. ഇന്നിതാ സാന്റിയാഗോ മുതലാളിയുടെ മുന്നിൽ മനോരമ മുതലാളി നിരുപാധികം മാപ്പ് പറഞ്ഞ് പ്രശ്നങ്ങൾ അവസാനിപ്പിച്ചുവത്രെ!.


ഒന്നാം പേജിൽ ഒരുപാട് കാലം എഴുതി വിട്ടതൊക്കെ പച്ചക്കള്ളമായിരുന്നു
നിങ്ങളുടെ നുണകൾ പണം കൊടുത്തു വാങ്ങി വായിച്ച മലയാളികളോടാണ് മനോരമ മാപ്പ് പറയേണ്ടത്.

ഐഎസ്ആർഒ ചാരക്കേസ് നമ്മൾ മറന്നിട്ടില്ല. മനോരമയുടെ മാധ്യമ രീതികളിൽ പലതും മാധ്യമ വിദ്യാർഥികൾ പഠിക്കേണ്ടതാണ് -എങ്ങനെയാകരുത് റിപ്പോര്ട്ടിങ് -എന്ന് പഠിപ്പിപ്പിക്കാൻ മനോരയുടെ ഈ നുണ വാർത്തകൾ ചില്ലിട്ട അലമാരയിൽ സൂക്ഷിച്ചു വയ്ക്കണം.

മനോരമയുടെ മാപ്പ് പറഞ്ഞ് എഴുതിയ വാർത്ത ചുവടെ :-

സിക്കിം ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളിൽ സാന്റിയാഗോ മാർട്ടിനും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളും മലയാള മനോരമയും തമ്മിൽ നിലവിലുള്ള എല്ലാ കേസുകളും രമ്യമായി പരിഹരിക്കാൻ തീരുമാനമായി.

മാർട്ടിനെയും അദ്ദേഹത്തിന്റെ ലോട്ടറി ബിസിനസിനെയും സംബന്ധിച്ചു മലയാള മനോരമ ദിനപത്രത്തിലും ഒാൺലൈൻ പ്രസിദ്ധീകരണങ്ങളിലും വന്ന വാർത്തകൾ ഒന്നുംതന്നെ അദ്ദേഹത്തെ വ്യക്തിപരമായോ, അദ്ദേഹത്തിന്റെ ബിസിനസ് സ്ഥാപനങ്ങളെയോ അപകീർത്തിപ്പെടുത്താനോ കളങ്കപ്പെടുത്താനോ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നു മനോരമ തുറന്ന മനസ്സോടെ വിശദീകരിച്ചു.

സാന്റിയാഗോ മാർട്ടിനെപ്പറ്റി ‘ലോട്ടറി രാജാവ്’, ‘ലോട്ടറി മാഫിയ’, ‘കൊള്ളക്കാരൻ’ തുടങ്ങിയ പദങ്ങൾ എഴുതാൻ ഇടയായതിൽ മാനേജ്മെന്റ് നിർവ്യാജം ഖേദിക്കുന്നതിനൊപ്പം അവ പിൻവലിക്കുന്നുവെന്നും അറിയിച്ചു; ഇപ്രകാരമുള്ള വാർത്തകളുടെയും പദപ്രയോഗങ്ങളുടെയും പേരിൽ മാർട്ടിനും അദ്ദേഹത്തിന്റെ ബിസിനസിനും കളങ്കം നേരിട്ടതായ പ്രതീതിയുണ്ടായതിനും ഖേദം വ്യക്തമാക്കി.

സാന്റിയാഗോ മാർട്ടിനുമായോ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളുമായോ ബന്ധപ്പെട്ട വാര്‍ത്തകള്‍ ഭാവിയില്‍ പ്രസിദ്ധീകരിക്കേണ്ടി വന്നാല്‍ അവ പത്രധര്‍മത്തോടും ധാര്‍മിക മൂല്യങ്ങളോടും നീതി പുലര്‍‌ത്തിത്തന്നെയാവുമെന്നും മധ്യസ്ഥചര്‍ച്ചകളില്‍ മനോരമ വ്യക്തമാക്കി. ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ, സിക്കിമിലും നാഗാലാന്‍ഡിലും നിലവിലുള്ള എല്ലാ കേസുകളും രമ്യമായി അവസാനിപ്പിക്കാനും മേലിൽ ഇതുമായി ബന്ധപ്പെട്ട യാതൊരുവിധ വ്യവഹാരങ്ങളും ഉണ്ടാവുകയില്ലെന്നും പരസ്പരം ധാരണയായി.

Top