ഒരു കള്ളവോട്ടിന്റെ പേരില്‍ റീപോളിങ‌് തെറ്റായ കീഴ‌്‌വഴക്കം സൃഷ്ടിക്കും: കോടിയേരി

ഒരു കള്ളവോട്ടിന്റെ പേരില്‍ റീപോളിങ‌് നടത്തുന്നത‌് തെറ്റായ കീഴ‌്‌വഴക്കം സൃഷ്ടിക്കുമെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആള്‍മാറാട്ടം നടത്തി ആരെങ്കിലും വോട്ടു ചെയ‌്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുകയാണു വേണ്ടത‌്. അതിനു പകരം ആ ബൂത്തില്‍ വോട്ടു ചെയ‌്ത ആയിരം പേരെയും ശിക്ഷിക്കേണ്ടതുണ്ടോയെന്ന‌് തെരഞ്ഞെടുപ്പു കമീഷന്‍ പരിശോധിക്കണം. ഇങ്ങനെ വന്നാല്‍ ഏതു ബൂത്തിലും ആക്ഷേപം വരാം. കേരളത്തിലെ മുഴുവന്‍ ബൂത്തുകളിലും റീപോളിങ‌് നടത്തേണ്ട സാഹചര്യമാണുണ്ടാവുക– കോടിയേരി പറഞ്ഞു. കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

റീപോളിങ‌് നടക്കുന്ന ഏഴു ബൂത്തിലും എല്‍ഡിഎഫ‌് നില മെച്ചപ്പെടുത്തും. എല്ലായിടത്തും കഴിഞ്ഞ തവണത്തെക്കാള്‍ അനുകൂല സ്ഥിതിയാണുള്ളത‌്. യുഡിഎഫ‌് നേതാക്കള്‍ റീപോളിങ്ങിനെ എതിര്‍ക്കുന്നത‌് അവര്‍ക്ക‌് തിരിച്ചടിയുണ്ടാകുമെന്നുറപ്പായതിനാലാണ‌്. ഞങ്ങള്‍ എതിര്‍ക്കുന്നില്ല. അവസാനഘട്ടത്തില്‍ റീപോളിങ‌് നടത്താന്‍ തീരുമാനിച്ചതിനെയാണ‌് വിമര്‍ശിച്ചത‌്. മൂന്നു ബൂത്തുകളില്‍ 17ന‌് വൈകിട്ട‌് നാലിനാണ‌് റിപോളിങ‌് പ്രഖ്യാപിച്ചത‌്. പ്രചരണത്തിന‌് കിട്ടിയത‌് രണ്ടു മണിക്കൂര്‍ മാത്രം. ദൂരസ്ഥലങ്ങളില്‍നിന്നു വരേണ്ട വോട്ടര്‍മാര്‍ക്കൊന്നും എത്താനാവില്ല. വേണ്ടത്ര അവധാനതയോടെയല്ല തെരഞ്ഞെടുപ്പു കമീഷന്‍ തീരുമാനമെടുത്ത‌്. ആദ്യം പ്രഖ്യാപിച്ച നാലു ബൂത്തുകള്‍ക്കൊപ്പം തന്നെ ഈ മൂന്നു ബൂത്തുകളിലും പ്രഖ്യാപിക്കാമായിരുന്നു.

പര്‍ദ ധരിച്ച‌് വോട്ടു ചെയ്യാന്‍ വരുന്നതിനോട‌് എതിര്‍പ്പില്ലെന്നും എന്നാല്‍ മുഖം മറച്ച‌് വോട്ടു ചെയ്യുന്നത‌് തെറ്റാണെന്നും കോടിയേരി ചോദ്യത്തിനു മറുപടി നല്‍കി. കേരളത്തില്‍ വളരെക്കാലമായി സ‌്ത്രീകള്‍ പര്‍ദ ധരിച്ച‌് വോട്ടുചെയ്യുന്നുണ്ട‌്. ഈ സൗകര്യം ആര്‍മാറാട്ടം നടത്തി വോട്ടു ചെയ്യാന്‍ മുസ്ലിംലീഗുകാര്‍ ദുരുപയോഗപ്പെടുത്തുന്നുവെന്നത‌് വസ‌്തുതയാണ‌്. പോളിങ‌് ഏജന്റുമാരോ ഉദ്യോഗസ്ഥരോ ആവശ്യപ്പെട്ടാല്‍ മുഖാവരണം മാറ്റി യഥാര്‍ഥ വോട്ടറാണെന്നു വെളിപ്പെടുത്താന്‍ ഏത‌് വോട്ടര്‍ക്കും ബാധ്യതയുണ്ട‌്. ഇക്കാര്യത്തില്‍ ശരിയായ തീരുമാനമാണ‌് തെരഞ്ഞെടുപ്പു കമീഷന്‍ എടുത്തത‌്.

ഇത‌് മതത്തിന്റെ പ്രശ‌്നമല്ല. മുഖം മറച്ച‌് വോട്ടുചെയ്യാമെന്നു വന്നാല്‍ നാളെ മറ്റു മതത്തില്‍പ്പെട്ടവരും ഇങ്ങനെ വന്നേക്കും. ഇതിന്റെ പേരില്‍ മുസ്ലിംലീഗുകാര്‍ വര്‍ഗീയവിഷം തുപ്പുന്ന പ്രചാരണം നടത്തുന്നത‌് മനസ്സിലാക്കാം. എന്നാല്‍ പ്രതിപക്ഷ നേതാവ‌് അടക്കമുള്ള കോണ്‍ഗ്രസ‌് നേതാക്കളും നടത്തിയാലോ. എസ‌്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും ഏജന്റുമാരായാണ‌് കോണ്‍ഗ്രസ‌് നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത‌്. അങ്ങേയറ്റത്തെ രാഷ‌്ട്രീയ അധഃപതനമാണിത‌്. തലശേരിയില്‍ മുന്‍ നഗരസഭാംഗം സി ഒ ടി നസീറിന‌് വെട്ടേറ്റ സംഭവത്തില്‍ സിപിഐ എമ്മിനു പങ്കില്ലെന്നും കോടിയേരി ചോദ്യത്തോടു പ്രതികരിച്ചു. അയാളെ ശത്രുപക്ഷത്തു നിര്‍ത്തേണ്ട ആവശ്യം സിപിഐ എമ്മിനില്ല. കൊതുകിനെ കൊല്ലാന്‍ ആരെങ്കിലും തോക്കെടുക്കുമോ– അദ്ദേഹം ചോദിച്ചു.

Top