ലക്ഷ്മി നായരും, അനധികൃത ഫ്ലാറ്റ് സമുച്ഛയവും, 88 ലക്ഷവുമെന്ന നാടകത്തിന് തിരശ്ശീല വീണു ; കുപ്രചരണത്തെ പൊളിച്ചടുക്കുന്ന കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ; ഗോപകുമാർ ടി എഴുതുന്നു.

ഇടത് സർക്കാരിനെതിരെ കൃത്യമായ പദ്ധതികളോടെ മെനഞ്ഞെടുത്ത ഒരു പ്രളയ ഫണ്ട്‌ നാടകം കൂടി പൊളിഞ്ഞ സങ്കടത്തിൽ കോൺഗ്രസ്സും ബിജെപിയും. പ്രളയ ഫണ്ട്‌ വിനിയോഗത്തിൽ സർക്കാരിനെതിരെ വ്യാജ ആരോപണങ്ങളുമായി കെ എം ഷാജഹാൻ രംഗത്തെത്തിയത് കഴിഞ്ഞ ദിവസം ആയിരിന്നു.ഷാജഹാന്റെ ഫേസ്ബുക് പോസ്റ്റ്‌ കണ്ടപാടെ കോൺഗ്രസ്സ് – ബിജെപി പ്രവർത്തകർ ഇതിനെ സർക്കാരിനെതിരെയുള്ള ഒരു ആയുധമാക്കി മാറ്റുകയും, ഒരു മടിയും കൂടാതെ പ്രചരിപ്പിക്കുകയും ചെയ്തു. സത്യാവസ്ഥ എന്തെന്ന് ഈ കൂട്ടർക്ക് അറിയേണ്ട കാര്യമില്ല പകരം ജനങ്ങളിലേക്ക് എത്രത്തോളം തെറ്റിദ്ധാരണ പരത്താമെന്നാണ് ഇവരുടെ ചിന്ത. പക്ഷെ ഈ കുപ്രചരണങ്ങളെ അടപടലം തകർക്കുന്ന കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

ഗോപകുമാർ ടി യുടെ പോസ്റ്റ്‌ ചുവടെ :-

രണ്ടുദിവസമായി സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു 88 ലക്ഷം രൂപയുടെ കണക്ക് ചീഞ്ഞു നാറുന്നു. കേരളത്തിലെ പ്രളയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നൂറുവട്ടം വ്യക്തമായി മുഖ്യമന്ത്രി തന്നെ പറഞ്ഞതാണ്. അപ്പൊഴൊന്നും ആർക്കും ഒന്നും ചോദിക്കാനുമില്ല, പറയാനുമില്ല. അവിടവും കടന്ന് അമരവും കടന്ന് ചില പരമ്പരാഗത തൊഴുത്തിൽ കുത്തികൾ ഫേസ്ബുക്ക് പോസ്റ്റിടുമ്പോൾ അതും പൊക്കിപ്പിടിച്ച് ഓടി വരും കുറെ ഫേസ് ബുക്ക് ബുദ്ധിജീവികൾ. അവരെക്കണ്ടാൽ അന്തംവിട്ട് ഓട്ടം തുടങ്ങും ചില നിഷ്കു പരബ്രഹ്മങ്ങൾ. ചില സൈബർ ബുദ്ധിജീവികൾക്ക് അരണബുദ്ധിയാണ്. അവർക്ക് ഇതൊക്കെ അതാത് സമയം ആരെങ്കിലും കോരി വായിൽ നിറച്ചു കൊടുത്താലേ ഓർമ്മ വരൂ. അതുപോട്ടെ, ഈ 88 ലക്ഷത്തിലേക്ക് മടങ്ങി വരാം.

കേരളത്തിൽ പ്രളയത്തിൽപെട്ട ആൾക്കാർക്ക് കൊടുക്കാനുള്ള പണത്തിൽ നിന്ന് 88 ലക്ഷം എടുത്ത് ഏതോ ലക്ഷ്മീനായരുടെ ഫ്ലാറ്റ് മോഡി പിടിപ്പിക്കാൻ പിണറായി വിജയൻ ശ്രമിക്കുന്നു എന്നല്ലേ ആരോപണം? അങ്ങനെ ചില നായർ വാലുള്ള പെണ്ണുങ്ങൾ കയറിയിറങ്ങിയ കാലം ഉണ്ടായിരുന്നു മൂന്നു കൊല്ലം മുമ്പ്. ആ കാലം കഴിഞ്ഞു പോയി.

ഇപ്പോൾ ഓഫീസ് തുടങ്ങുന്ന Rebuild Kerala Initiative എന്നത് ദുരിതാശ്വാസത്തിന്റെ പണം എടുത്ത് ചെലവാക്കുന്ന ഇടപാടല്ല. അത് പ്രളയം തകർത്ത കേരളത്തെ പുനർനിർമ്മിക്കാനുള്ള പദ്ധതിയാണ്. അത് വീട് പോയവർക്ക് വീട് നിർമ്മിച്ച് നൽകുന്ന പദ്ധതിയോ ജീവനോപാധി നൽകുന്ന പദ്ധതിയോ അല്ല. അതെന്താണെന്നു പിന്നാലെ വിശദമാക്കാം.
പ്രളയ ദുരിതാശ്വാസം എങ്ങുമെത്താതെ നിൽക്കെ ഇത്തരം ധൂർത്ത് പാടുണ്ടോ എന്ന ചോദ്യത്തിൽ ഒരുവിധം നിഷ്ക്കുമനുഷ്യരൊക്കെ വീണുപോകും. സത്യത്തിൽ ഇപ്പോൾ ആരംഭിക്കുന്ന ഓഫീസുമായി ദുരിതാശ്വാസത്തിന് ഒരു ബന്ധവുമില്ല.
ദുരിതാശ്വാസവും സഹായവുമൊക്കെ വളരെയേറെ നടന്നു കഴിഞ്ഞു. പൂർണ്ണമായി എന്ന് പറയാനാവില്ല, അത് ഇപ്പൊഴും നടന്നുകൊണ്ടിരിക്കുന്നു. ചില വീടുകളോ തൊഴുത്തുകളോ അല്ല പ്രളയത്തിൽ തകർന്നത്. അത് 26718 കോടിയുടെ നഷ്ടമാണ് ഉണ്ടാക്കിയത്. കേരളത്തെ പുതിയ കേരളമായി പുതുക്കിപ്പണിത് എടുക്കാൻ കുറഞ്ഞത് 36000 കോടി രൂപയെങ്കിലും വേണം. ദുരിതാശ്വാസവും കേരളത്തിന്റെ പുനർനിർമ്മാണവും ഒന്നല്ല, രണ്ടാണ്.

കഴിവിന്റെ പരമാവധി ഭുരിതാശ്വാസ ഫണ്ടിലേക്ക് ആൾക്കാർ സംഭാവന ചെയ്യുകയും സർക്കാർ ദുരിത ബാധിതർക്ക് സഹായം നൽകുകയും ചെയ്തു. അത് ഇപ്പൊഴും തുടരുകയാണ്. അതിന്റെ ഏകദേശരൂപം പറയാം. കൃത്യം കണക്കുകൾ വേണ്ടവർ അത് വെബ് സൈറ്റിൽ പോയി നോക്കിക്കൊളളണം. CMDRF വഴി ശേഖരിച്ച ഏതാണ്ട് തുക 3862 കോടിയാണ്. അതിൽ 1917.97 കോടി രൂപ 7,37,475 ലക്ഷം കുടുംബങ്ങൾക്കായി കൊടുത്തിട്ടുണ്ട്. വിശദവിവരങ്ങൾക്ക്:
https://donation.cmdrf.kerala.gov.in/index.php/settings/transparency#expenditure

അതിൽ ഭാഗികമായി കേടുപാടുകൾ സംഭവിച്ച 251227 വീടുകൾക്കായി 1163 കോടി വിതരണം ചെയ്തു. പൂർണമായി നശിച്ച 14886 വീടുകൾക്കായി 221 കോടി രൂപ വിതരണം ചെയ്തു. 3060 വീടുകൾ പുനർ നിർമ്മിച്ച് കഴിഞ്ഞു. ബാക്കി നിർമാണത്തിന്റെ അവസാന ഘട്ടത്തിലാണ്.
ഇതിന്‍റെ കണക്കും ലഭ്യമാണ്. ഉദാഹരണത്തിന് എറണാകുളം ജില്ലയുടെ കണക്ക് ഇവിടെ ലഭിക്കും.
https://www.lacmas.kerala.gov.in/flood/summary_list.php

ജീവനോപാധികൾ നഷ്ടപ്പെട്ട 127237 കുടുംബങ്ങൾക്കായി കുടുംബശ്രീ വഴി 1149 കോടിയും MNREGA വഴി 9.48 ലക്ഷം കുടുംബങ്ങൾക്കായി 559 കോടിയും ചെലവഴിച്ചു കഴിഞ്ഞു. 4851 കോടി രൂപയുടെ പുതിയ ഉപജീവന പദ്ധതികൾ ഈ വർഷത്തെ പ്ലാൻ പദ്ധതിയിൽ തന്നെ വിവിധ വകുപ്പുകളിലൂടെ നടപ്പിലാക്കുകയാണ്. . ഇതിന് പുറമേ 2.38 ലക്ഷം കർഷകർക്ക് ആശ്വാസമായി 198 കോടിയും നൽകിയിട്ടുണ്ട്. കാർഷിക കടങ്ങൾക്കു സഹായകമായി 54 കോടിയും നൽകി.
ഇത്തരത്തിൽ അടിയന്തിര ധനസഹായം, അവശ്യസാധനകിറ്റ്, ചികിത്സാസഹായം തുടങ്ങിയവയ്ക്കൊക്കെയുമുള്ള പണം മാത്രമേ CMDRFൽ നിന്ന് നൽകിയിട്ടുള്ളൂ. ഇതൊക്കെയാണ് പ്രളയദുരിതാശ്വാസ പരിപാടികൾ. ഇത് പൂർണ്ണമാണെന്നല്ല പറഞ്ഞുവരുന്നത്. ഇനിയും പലതും തീരാനുണ്ട്. ഉദാഹരണത്തിന്, പുറമ്പോക്കിലും പുഴയിറമ്പിലും മണ്ണിടിയുന്ന താഴ് വാരത്തും ഒക്കെ ഉണ്ടായിരുന്ന വീട് നഷ്ടപ്പെട്ടവർക്ക് ഭൂമി കണ്ടെത്തി വീട് വയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. വീട് നഷ്ടപ്പെട്ടവരിൽ സ്വത്ത് തർക്കമോ മറ്റുകേസുകളോ ഉള്ളവർക്ക് സമയമെടുത്തേ അത് തീർക്കാനാവൂ.

CMDRFൽ നിന്ന് പ്രളയ ദുരിതാശ്വസം അല്ലാതെ കഴിഞ്ഞ മുന്ന് വർഷമായി 1100 കോടിയാണ് മറ്റ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഈ സർക്കാർ ചെലവാക്കിയത്. അതെല്ലാം ഇലക്ട്രോണിക് ട്രാൻസ്ഫർ ആയി ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് ആണ് എത്തിയത്. സർക്കാരിന് ഒരു നയാപൈസയുടെയും ദുർവ്യയമില്ലാതെ. അതിന്റെറയൊക്കെ കണക്ക് കൃത്യമായും സുതാര്യമായും ലഭ്യമാണ്. എന്നാൽ കഴിഞ്ഞ UDF സർക്കാർ ഈ മേഖലയിൽ അഞ്ചു വർഷംകൊണ്ട് ചെലവഴിച്ചത് 808 കോടിയാണ്. അത് നൽകാൻ സംഘടിപ്പിച്ച ബഹുജന സമ്പർക്ക പരിപാടി എന്ന തമ്പുരാൻ കോംപ്ലക്സ് പി.ആർ. പരിപാടിക്ക് ചെലവായത് ഏതാണ്ട് 15 കോടി രൂപയാണ്. ഇതൊന്നും ഒരു സൈബർ ആക്ടിവിസ്റ്റും ഇപ്പോൾ ഓർമ്മിക്കുന്നില്ല, ചോദിക്കുന്നുമില്ല.
ഇതിന് പുറമേയാണ് തകർന്നുപോയ നമ്മുടെ റോഡുകളും പാലങ്ങളും അടക്കമുളള ഇൻഫ്രാസ്ട്രക്ചറിന്റെ പുനർനിർമ്മാണം. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് എടുത്തല്ല ഇത് ചെയ്യുന്നത്. അങ്ങനെയാണെന്ന് ചിലർക്ക് വേണമെങ്കിൽ തെറ്റിദ്ധരിപ്പിക്കാം എന്നേയുള്ളൂ. തകർന്നുപോയ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കാൻ പദ്ധതി ചെലവിൽ 20% കുറവുവരുത്തി ആ തുക ഉപയോഗിക്കുമെന്ന് ബജറ്റിൽ തോമസ് ഐസക് പറഞ്ഞപ്പോൾ ഫേസ് ബുക്കിൽ കുത്തിക്കൊണ്ടിരുന്നെങ്കിൽ അത് കേട്ടുകാണാൻ സാധ്യതയില്ല. അത് പിണറായി വിജയന്റെ കുറ്റമല്ല. ഈ ഇൻഫ്രാസ്ട്രക്ചർ പുനർ നിർമ്മാണം പോലും റീബിൽഡ് കേരള അല്ല.

ഇനി എന്താണ് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് എന്ന് പറയാം.
പ്രളയത്തിന് ശേഷം UN സംഘം നടത്തിയ പഠനത്തിൽ അവർ നിർദ്ദേശിച്ച കേരള പുനർ നിർമ്മാണ പദ്ധതിയാണ് Rebuild Kerala Initiative. ഇത് ചെറിയ കളിയല്ല ഷാനീ… അടുത്ത അഞ്ച് – ആറ് വർഷം കൊണ്ട് 36,000 കോടി മുതൽ മുടക്കിൽ സൃഷ്ടിക്കപ്പെട്ടുന്ന പുതുകേരള നിർമ്മാണമാണ്. അതാകട്ടെ UNന്റെയും ലോക ബാങ്കിന്റെയും ഒക്കെ സഹായത്തോടെയും ഇടപെടലോടെയും നടത്തേണ്ട ഒന്നാണ്. കലുങ്ക് കെട്ടലും മതിലു പണിയും മാത്രമല്ല അതിൽ വരുന്നത്. പല കാരണങ്ങളാലും മാറിപ്പോയ നദികളുടെ ഒഴുക്ക് നേരയാക്കുക, കൃഷിയിടങ്ങളും തണ്ണീർത്തടങ്ങളും പുന:സൃഷ്ടിക്കുക, കുട്ടനാട് പോലുള്ള പ്രകൃതിദുർബല പ്രദേശങ്ങളുടെ വികസനം, തീരദേശം, മലയോരം തുടങ്ങിയ മേഖലയിലെ പുതിയ നിർമ്മാണരീതികൾ ആവിഷ്കരിക്കുക തുടങ്ങി ആവാസ വ്യവസ്ഥയും മനുഷ്യജീവിത പുരോഗതിയും ഒരുപോലെ ഉറപ്പുവരുത്തിക്കൊണ്ടുള്ള നവകേരള നിർമ്മാണമാണ് റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ്. അത്തരത്തിലുള്ള ദീർഘകാല പദ്ധതി നടത്തുന്നതിനുള്ള ഓഫീസ് പ്രവർത്തിക്കാനുള്ള സ്ഥലം കണ്ടെത്തിയത് സംബന്ധിച്ചാണ് ഇപ്പോൾ ചർച്ച നടക്കുന്നത്. UN, ലോക ബാങ്ക്, അന്തർദ്ദേശീയ തലത്തിലുള്ള ഏജൻസികൾ എന്നിവയുമായൊക്കെ നിരന്തരം ബന്ധപ്പെട്ടുകയും അവരുടെ സാന്നിധ്യം ഏറക്കുറെ സ്ഥിരമായി ഉണ്ടാവുകയും ചെയ്യുന്ന ഒരു പ്രൊജക്ട് ഓഫീസ് പ്രവർത്തിപ്പിക്കാൻ ഗവ: സെക്രട്ടേറിയറ്റിൽ സ്ഥലം ഒഴിവില്ലെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. സർക്കാരിന്റെ പല ഏജൻസികളും കമ്മീഷനുകളും എല്ലാം ഇപ്പോൾത്തന്നെ സ്വകാര്യ കെട്ടിടങ്ങളിൽ വാടകയ്ക്ക് പ്രവർത്തിക്കുകയാണ്. അതേ രൂപത്തിൽ സെക്രട്ടേറിയറ്റിന് സമീപത്തായി 3000 ച. അടി സ്ഥലം കണ്ടെത്തിയതാണ് ഈ പറയുന്നത്. അറിഞ്ഞേടത്തോളം അത് ഒരു നായരുടെയും വകയല്ല. ഒരു മാത്യു ആണ് അതിന്റെ ഉടമ എന്നാണ് മനസ്സിലാക്കുന്നത്. ച. അടിക്ക് 50 രൂപയ്ക്കാണ് അത് വാടകയ്ക്ക് എടുത്തിരിക്കുന്നത് എന്ന് അറിയുന്നു. ഇത് തെറ്റാണെങ്കിൽ തിരുത്താൻ തയ്യാറാണ്. ഇതിലും കുറഞ്ഞ വാടകയ്ക്ക് സെക്രട്ടേറിയറ്റിന് സമീപത്ത് Rebuild Kerala Initiative നിർദ്ദേശിക്കുന്ന നിലവാരത്തിൽ 3000 ച. അടി സ്ഥലം ഈ കുറ്റം പറയുന്നവർ ആരെങ്കിലും ചൂണ്ടിക്കാട്ടുമോ?

ഓഫീസ് സ്പേസ് എടുത്താൽ അത് ഫർണിഷ് ചെയ്യണമെന്ന് ആർക്കും അറിയുന്ന സംഗതിയാണ്. വാടകയ്ക്ക് തരുന്നവർ ഫർണിഷ് ചെയ്ത് തരില്ല. അന്തർദ്ദേശീയ ഏജൻസികൾക്കടക്കം പ്രവർത്തിക്കാവുന്ന വിധത്തിൽ ഓഫീസ് ഫർണിഷ് ചെയ്യുന്നതിനായി KSEB ലിമിറ്റഡ് സമർപ്പിച്ച ഒരു എസ്റ്റിമേറ്റ് മാത്രമാണ് ഇപ്പോൾ പൊക്കിപ്പിടിച്ചിരിക്കുന്നത്. Tender ചെയ്താൽ മാത്രമേ അതിന്റെ യഥാർത്ഥ തുക അറിയാൻ കഴിയൂ. ഇനി 88 ലക്ഷം ആണെന്ന് തന്നെയിരിക്കട്ടെ, 5-6 വർഷം പ്രവർത്തിക്കേണ്ടതും അന്തർദ്ദേശീയ ഏജൻസികൾ ഇടപെടുന്നതുമായ ഒരു ഓഫീസ് നല്ല നിലവാരത്തിൽ സംവിധാനം ചെയ്യുകയല്ലേ വേണ്ടത്? UN പ്രതിനിധികൾ അടക്കം വരുമ്പോൾ ഇരുമ്പ് കസേര ഇട്ട് സ്വീകരിച്ചാൽ മതിയെന്ന് ഫേസ് ബുക്കിൽ തള്ളാൻ പറ്റും. 5-6 വർഷം കഴിഞ്ഞാൽ ഇപ്പോൾ നടത്തുന്ന ഫർണിഷിംഗ് വർക്കുകൾ സ്വന്തമാക്കുന്നത് കെട്ടിട ഉടമയ്ക്ക് വലിയ ലാഭമാണ് ഉണ്ടാക്കുക എന്നൊക്കെ തള്ളിയാൽ ഒരു പെട്ടിക്കടയെങ്കിലും നടത്തിയിട്ടുള്ളവർ ചിരിച്ചുപോകും. ഗ്ലാസ്സുകൊണ്ടുള്ള വർക്സ്റ്റേഷൻ മാതൃകയിലാണ് ക്യൂബിക്കിളുകളും വിഡിയോ കോൺഫെറെൻസ് ഹാളുകളും ചെയ്യാൻ നിർദേശിച്ചിരിക്കുന്നത്. ഇത്തരം ഓഫിസുകൾ മാറുമ്പോൾ അതേതരത്തിൽ അഴിച്ചു പുനരുപയോഗിക്കാൻ കഴിയും. മാത്രമല്ല അന്ന് സ്ഥലം മാറുമ്പോൾ എടുക്കാവുന്ന സാധനങ്ങളെല്ലാം അവിടെ നിന്ന് മാറ്റുകയും ചെയ്യും. ഇപ്പാഴും സർക്കാർ ഓഫീസുകൾ ഒഴിഞ്ഞു പോകുമ്പോൾ ഇത്തരത്തിൽ സാധന സാമഗ്രികളും ക്യൂബിക്കിളുകളും പുനരുപയോഗിക്കുകയാണ് ചെയ്യുന്നത്.

സർക്കാരിന്റെ മുതലിനോടൊക്കെ വലിയ ഉത്തരവാദിത്വമുള്ള ഫേസ്ബുക്ക് എം.എൽ.എ ഒരു വലിയ പദ്ധതിക്ക് മുന്നിൽ മൂക്കുമുറിച്ച് ശകുനം മുടക്കാതെ പറ്റുമെങ്കിൽ ആ പഞ്ചവടി പാലത്തിൽ ‘ചിലവായിൽ’ പോയ ആ നൂറു കോടി (അതെ 88 ലക്ഷമല്ല, 100 കോടി) ഇങ്ങു വാങ്ങിത്തരണേ…

Top