തലയിൽ തട്ടം ഇടാൻ അനുവാദമില്ല, തിരുവനന്തപുരം ജ്യോതി നിലയം സീനിയർ സെക്കണ്ടറി സ്കൂളിൽ നിന്ന് വിദ്യാർത്ഥിനിയെ ടിസി നൽകി പറഞ്ഞുവിട്ടു.


തിരുവനന്തപുരം ജ്യോതി നിലയം സീനിയർ സെക്കണ്ടറി സ്കൂളിൽ 8ആം ക്ലാസ്സിൽ ചേരാൻ എത്തിയ വിദ്യാർത്ഥിനിയെ തട്ടമിട്ടതിന്റെ പേരിൽ ടിസി നൽകി സ്കൂൾ അധികൃതർ പുറത്താക്കി. ഷംഹാന ഷാജഹാൻ എന്ന വിദ്യാർത്ഥിനിക്കാണ് തട്ടത്തിന്റെ പേരിൽ സ്കൂൾ അധികൃതർ പഠിക്കാൻ ഉള്ള സ്വാതന്ത്ര്യം നിഷേധിച്ചത്.

ഏഴാം ക്ലാസ് വരെ തിരുവനന്തപുരം നിർമല ഭവനിലായിരുന്നു കുട്ടി പഠിച്ചിരുന്നത്. ശേഷം കഠിനംകുളത്തിലേക്ക്‌ വീട് മാറിയതുകൊണ്ടാണ് ജ്യോതി നിലയം സ്കൂളിൽ എട്ടാം ക്ലാസ്സിലേക്ക് കുട്ടിക്ക് അഡ്മിഷൻ എടുത്തത്. അഡ്മിഷന് വേണ്ടി എൻട്രൻസ് എക്സാം നടത്തിയ സമയത്ത് കുട്ടി തട്ടമിട്ടാണ് സ്കൂളിൽ എത്തിയത്, അപ്പോഴൊന്നും സ്കൂളിൽ ഹിജാബിന് വിലക്കുള്ളകാര്യം സ്കൂൾ അധികൃതർ പറഞ്ഞില്ലെന്ന് കുട്ടിയുടെ ഉമ്മ ഐ വിറ്റ്നസ്സ് ന്യൂസിനോട് പറഞ്ഞു. പിന്നീട് ആദ്യ ദിനം സ്കൂളിൽ എത്തിയപ്പോൾ സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്ന് വളരെ മോശമായ സമീപനമാണ് കുട്ടിക്ക് തങ്ങൾക്കും നേരെ ഉണ്ടായതെന്നും ഉമ്മ പറഞ്ഞു. അഡ്മിഷൻ സമയത്തെ ഇങ്ങനെയൊരു നിയമം സ്കൂളിൽ ഉണ്ടെന്നറിഞ്ഞിരുന്നേൽ അവിടെ കുട്ടിയെ ചേർക്കില്ലായിരുന്നെന്നും കുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞു.

ടിസി ആപ്ലിക്കേഷനിൽ തലയിൽ തട്ടം ഇടാൻ അനുവാദമില്ലാത്തതിനാൽ ടിസിക്ക്‌ അപേക്ഷിക്കുന്നെന്നാണ് കുട്ടിയുടെ മാതാപിതാക്കൾ എഴുതിയത് പക്ഷെ സ്കൂൾ അധികൃതർ ടിസി ഫോം നൽകിയപ്പോൾ അതിൽ കാരണമായി “better facilities ” എന്ന് തിരുത്തി എഴുതിയാണ് നൽകിയത്.

തട്ടത്തിന്റെ പേരിൽ വിദ്യാഭ്യാസം നിഷേധിക്കാൻ ഒരാൾക്കും അവകാശമില്ല. വിദ്യാഭ്യാസം എന്നത് ഓരോ വിദ്യാർത്ഥിയുടെയും അവകാശമാണ്. ഇത് നിഷേധിക്കുന്ന സ്കൂൾ അധികൃതരുടെ നിലപാട് പ്രതിഷേധാർഹമാണ്.

പക്ഷെ ഇങ്ങനെയൊരു നടപടി എടുക്കാൻ സ്കൂളിന് ഒരു നിയമസാധ്യതയും ഇല്ലെന്നും DEO ഇതിൽ വ്യക്തമായ അന്വേഷണം നടത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Top