മികച്ച റോഡുകള്‍ വന്നപ്പോള്‍ അപകടങ്ങള്‍ തുടര്‍ക്കഥ. അമിതവേഗതയും അലക്ഷ്യമായ ഡ്രൈവിങ്ങും നടുറോഡില്‍ ജീവനുകള്‍ പൊലിയുന്നതിന് കാരണമാവുന്നു. വിദേശ രാജ്യങ്ങളുടെ പ്രധാന വരുമാന മാര്‍ഗമായ ട്രാഫിക് ഫൈനുകള്‍ കേരളത്തിലും കാര്യക്ഷമമായി നടപ്പിലാക്കണ്ടേ ?

മികച്ച റോഡുകളുള്ള കേരളത്തിൽ റോഡ് അപകടങ്ങൾ തുടർക്കഥയാകുമ്പോൾ നാം ആരെയാണ് പഴിക്കേണ്ടത്. ഓരോ അപകടങ്ങളിലും പൊലിയുന്നത് നിരവധി ജീവനുകളാണ്. അശ്രദ്ധമായ ഡ്രൈവിങ്ങിലൂടെ അപകടങ്ങളെ ക്ഷണിച്ച് വരുത്തുകയാണ് മലയാളികൾ.
കേരളത്തിലെ പ്രധാനപ്പെട്ട റോഡുകളെല്ലാംതന്നെ മികച്ച രീതിയിൽ കൃത്യമായി അറ്റകുറ്റപണികൾ ചെയ്ത് വരുന്നു. അതുകൊണ്ട് തന്നെ പലരും റോഡികളിലൂടെ അലസമായി അമിത വേഗത്തിലാണ് വണ്ടി ഓടിക്കുന്നത്. ഒരു നിമിഷത്തെ അശ്രദ്ധയ്ക്ക് വലിയ വിലയാണ് നൽകേണ്ടി വരിക. സർക്കാരിന്റെ വരുമാനം കൂട്ടാനായി അടിക്കടി മദ്യത്തിന് വിലക്കൂട്ടുന്നതിന് പകരം ഗതാഗത മേഖലയിൽ ഒരു ശതമാനം കൂടുതൽ ശ്രദ്ധിച്ച്‌ റോഡുകളെ സംരക്ഷിച്ച് ഓവർ സ്പീഡിങ്ങിനും, അലസമായ ഡ്രൈവിങ്ങിനും, നിയമ ലംഘനങ്ങൾക്കും കൂടുതൽ പിഴ ഈടാക്കുകയാണ് ചെയ്യേണ്ടത്. അമിത വേഗതയിൽ ചീറിപ്പായുന്ന വാഹനങ്ങൾക്ക് പിഴ കാര്യക്ഷമമായി പിഴ ഈടാക്കാൻ സർക്കാർ തീരുമാനിച്ചാൽ തന്നെ റോഡ് അപകടങ്ങൾ പകുതി കുറയും. ഇപ്പോഴത്തെ ഓവർ സ്പീഡ് കണ്ടുപിടിക്കാനുള്ള ക്യാമറകൾ 100 % മികച്ചതെന്ന് പറയാൻ സാധിക്കില്ല. പുതിയ പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കേണ്ടത്. വണ്ടിക്കുള്ളിൽ നിന്നുതന്നെ ‘അമിത വേഗതയിൽ ഒരു നിശ്ചിത ദൂരം ‘ പിന്നിട്ടാൽ ഓട്ടോമാറ്റിക്കായി ബന്ധപ്പെട്ട ട്രാഫിക് വകുപ്പുകളിലേക്ക് ഓവർസ്പീഡിന്റെ മെസ്സേജ് ചെല്ലാനുള്ള പദ്ധതികളൊക്കെ ആവിഷ്കരിക്കാവുന്നതാണ്. അതുവഴി ക്യാമറ ഇല്ലാത്ത പ്രദേശങ്ങളിലും ഓവർ സ്പീഡിങ് നടത്തുന്നത് തടയാൻ സാധിക്കും.
അപകടങ്ങൾ പരമാവധി ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ചില റോഡ് നിയമങ്ങൾ പ്രാവർത്തികമാക്കിയാലും നമ്മൾ കേരളീയർ  പുച്ഛത്തോടെ എല്ലാം തള്ളിക്കളയുകയാണ് പതിവ്. ഒരുപക്ഷെ അന്യരാജ്യങ്ങളിലേതത്  പോലെ കർശനമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെങ്കിൽ ഇത്തരം അവഗണനകൾ ഉണ്ടാകില്ലായിരുന്നു. ഇന്ത്യൻ നിയമങ്ങളുടെ പാളിച്ചകളാണ് ഇതിലൂടെ വ്യക്തമാകുന്നത്.അന്യരാജ്യങ്ങളിലെ ട്രാഫിക് സംവിധാനങ്ങളും റോഡ് സുരക്ഷയ്ക്കായി അവർ കൈക്കൊള്ളുന്ന രീതികളും നമുക്ക് മാതൃകയാക്കാവുന്നതാണ്.
നമ്മൾ ചിലകാര്യങ്ങളിൽ ശ്രദ്ധാലുക്കളായാൽ വരാനിരിക്കുന്ന അപകടങ്ങൾ നമ്മുക്ക് തന്നെ ഒഴിവാക്കാവുന്നതാണ്. സ്വയ രക്ഷയ്ക്കും മറ്റുള്ളവർക്കും വേണ്ടി റോഡ് നിയമങ്ങൾ പാലിച്ച് കൊണ്ട് വണ്ടിയോടിച്ചാൽ എത്രയെത്ര അപകടങ്ങൾ ഇല്ലാതാക്കാം. റോഡിൽ ഇരുകണ്ണും മനസും തുറന്ന് പ്രവർത്തിക്കേണ്ടതുണ്ട്.റോഡ് ഒരാളുടെയും സ്വന്തം സ്വത്തല്ല എന്ന ബോധമാണ് ആദ്യം ഉണ്ടാകേണ്ടത്.
ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്നത് ഇരുചക്ര വാഹനങ്ങളേയാണ്. ഇന്ത്യയിൽ വാഹനാപകടങ്ങളുടെ കണക്ക് എടുത്തു നോക്കിയാൽ ഇരുചക്രവാഹനങ്ങളുടേതാണ് കൂടുതലായും രേഖപ്പെയുത്തിയിട്ടുള്ളത്. റോഡ് നിയമങ്ങൾ യഥാക്രമം പാലിക്കാത്തതാണ് അപകടങ്ങൾക്കുള്ള മുഖ്യ കാരണങ്ങൾ. ഇന്ത്യയിൽ പ്രത്യേകിച്ച് എന്ത് നിയമങ്ങൾ പ്രാവർത്തികമാക്കിയാലും ആളുകളത് പാലിക്കാനുള്ള മനസ്ഥിതി കാണിക്കാറില്ല. ഹെൽമെറ്റ് ധരിക്കാതെയുള്ള യാത്രയും അമിത വേഗതയുമാണ് അപകടങ്ങൾ ക്ഷണിച്ച് വരുത്തുന്നത്. വൺ-വെ ട്രാഫിക് എന്ന സംവിധാനം ഏർപ്പെടുത്തിയത് തന്നെ എതിരെ വരുന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനും റോഡ് മുറിച്ച് കടക്കുന്നവരുടെ സൗകര്യവും കണക്കിലെടുത്താണ്. എന്നാൽ വൺ-വെ സമ്പ്രദായം മിക്കപ്പോഴും പാലിക്കപ്പെടാറില്ല എന്നതാണ് വാസ്തവം. ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളുമാണ് നിയമം തെറ്റിക്കുന്നതിൽ മുൻപന്തിയിൽ. വൺ വെ നിയമം തെറ്റിച്ച് റോഡിലേക്ക് കയറിവരുമ്പോൾ എതിരെ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടത്തിനുള്ള സാധ്യത കൂടുതലാണെന്നോർക്കണം.
റോഡ് സ്വന്തമാണെന്ന ധാരണയിലാണ് മിക്കവരും റോഡിൽ ഇറങ്ങിനടക്കുന്നത്. ചിലർ ഒരുമുന്നറിയിപ്പുമില്ലാതെയാണ് റോഡ് മുറിച്ച് കടക്കുക. ചിലപ്പോൾ കുട്ടികളും റോഡിന് കുറുകെയോടുന്നതും പതിവാണ്. അതിനാൽ കാൽനടയാത്രക്കാർ ശ്രദ്ധയിൽ പെടുകയാണെങ്കിൽ വേഗതകുറയ്ക്കേണ്ടതാണ്. മാത്രമല്ല അവർക്ക് കടന്ന് പോകാനുള്ള സമയം നൽകേണ്ടതുണ്ട്. ഒരാളെ ഇടിച്ച് വീഴ്ത്തിയാൽ എന്താണെന്നുള്ള ശിക്ഷ എപ്പോഴും ഓർമയിലുണ്ടാകണം. കൂടുതൽ അപകടങ്ങളും സംഭവിക്കുന്നത് മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ പേരിലാണ്. അമിതമായി മദ്യപിച്ച് വാഹനം നിയന്ത്രണത്തിക്കാനാകില്ലെന്ന ധാരണയുണ്ടെങ്കിൽ അത്തരം സന്ദർഭങ്ങളിൽ കഴിവതും വണ്ടിയെടുക്കാതെ ഇരിക്കാനാണ് ശ്രമിക്കേണ്ടത്.
മദ്യപിച്ച്  വണ്ടിയോടിക്കുന്നവരെ പിടിക്കാൻ ചെക്കിംഗ് ശക്തമാക്കിയിട്ട് മാത്രം കാര്യമില്ല  മറിച്ച് ഇത് ശ്രദ്ധയിൽ പെട്ടാൽ ഉടനടി ലൈസൻസ് റദ്ദക്കുകയാണ് ചെയ്യേണ്ടത്.  ഇതുപോലെ ചില നിയമങ്ങൾ കർശനമാക്കിയാൽ എല്ലാ അപകടങ്ങളും ഒരുപരിധി വരെ ഒഴിവാക്കാം.
ട്രാഫിക് നിയമങ്ങൾ കർശനമാക്കുകയും ഫൈൻ തുക വർദ്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ അപകടങ്ങളുടെ എണ്ണം കുറക്കാൻ സാധിക്കും. 20016-ൽ 4216 മരണങ്ങൾ ഉണ്ടായി എന്നാൽ 2017 ആയപ്പോഴേക്കും 200 ഓളം മരണങ്ങൾ കുറക്കാൻ സാധിച്ചു. പിന്നീട് വന്ന വർഷങ്ങളിൽ മരണ നിരക്ക് കുറഞ്ഞുതന്നെയാണ് വരുന്നത്.
ഹെൽമെറ്റ് ഇല്ലാതെ വണ്ടി ഓടിക്കുന്നവരുടെ ചിത്രം അയച്ചു തന്നാൽ നടപടി എടുക്കാൽ തേർഡ് ഐ എന്ന പ്രൊജക്ട് പ്രവർത്തിക്കുന്നുണ്ട്. വാഹനങ്ങളിൽ നടത്തുന്ന അമിതമായ മോഡിഫിക്കേഷൻസ് അപകടങ്ങളുടെ പ്രധാനകാരണങ്ങളിൽ ഒന്നാണ്. വാഹനങ്ങളുടെ കളർ മാറ്റാനും, എൻജിനുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും മോട്ടോർ വാഹന വകുപ്പിൽ ആൾട്രേഷനുള്ള ഫീസ് അടച്ച് നിയമപരമായി ചെയ്യാൻ സാധിക്കും.
Top