‘നാളെ വരൂ’ പ്രയോഗിച്ച ഉദ്യോഗസ്ഥരെ വീട്ടിലിരുത്തി മന്ത്രി; അപേക്ഷകനെ മൂന്ന് ദിവസം നടത്തിച്ച രജിസ്ട്രാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ഒറ്റ ദിവസം കൊണ്ട് ചെയ്തുകൊടുക്കേണ്ടിയിരുന്ന സേവനം വൈകിപ്പിക്കുകയും അപേക്ഷകനെ പരിഹസിക്കുകയും ചെയ്ത നാല് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. അപേക്ഷകരോട് അപമര്യാദയായി പെരുമാറിയ കോഴിക്കോട് മുക്കം സബ്‌രജിസ്ട്രാര്‍ ദേവി പ്രസാദ്, സീനിയര്‍ ക്ലര്‍ക്ക് ശിവരാമന്‍ നായര്‍, ക്ലര്‍ക്ക് ടി കെ മോഹന്‍ദാസ്, ഓഫീസ് അറ്റന്‍ഡന്റ് പി ബി രജീഷ എന്നീ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

സേവനത്തിനായി ഓഫീസിലെത്തുന്ന പൊതുജനങ്ങള്‍ക്ക് യാതൊരു സേവനവും നല്‍കാതെ നാളെ വരൂ എന്ന് നിര്‍ദ്ദേശിക്കുകയും പൊതുജനങ്ങള്‍ക്ക് ഗുണമേന്‍മയുള്ള സേവനം കാര്യക്ഷമമായും അഴിമതിരഹിതമായും നല്‍കണമെന്ന രജിസ്‌ട്രേഷന്‍ വകുപ്പിന്റേയും സര്‍ക്കാരിന്റേയും കാഴ്ചപ്പാടിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്ത മുക്കം സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരുടെ പ്രവൃത്തി പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധവും സര്‍ക്കാരിന് അവമതിപ്പുണ്ടാക്കുന്നതുമാണെന്ന് മന്ത്രി വ്യക്തമാക്കി.

Top