അസൗകര്യം ഉണ്ട്; വയനാട്ടിലെ റോഡ് ഉദ്ഘാടനത്തിന് വരാന്‍ കഴിയില്ലെന്നറിയിച്ച്‌ രാഹുല്‍ ഗാന്ധിയുടെ കത്ത്

ദില്ലി: ശനിയാഴ്ച്ച പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യുന്ന അഗസ്ത്യന്‍മുഴി- കുന്ദമംഗലം റോഡിന്‍റെയും നവീകരിച്ച വയനാട് ചുരത്തിന്‍റെയും ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കാനാവില്ലെന്ന് അറിയിച്ച്‌ വയാനാട് എംപി രാഹുല്‍ ഗാന്ധി തിരുവമ്ബാടി എംഎല്‍എ ജോര്‍ജ്ജ് എം തോമസിന് കത്തയച്ചു. സ്ഥലം എംപിയായ രാഹുല്‍ ഗാന്ധിയെ ഉദ്ഘാടന ചടങ്ങിലേക്ക് ജോര്‍ജ്ജ് എം തോമസ് ക്ഷണിച്ചിരുന്നു. ഇതിന് മറുപടിയായാണ് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അസൗകര്യം ഉണ്ടെന്ന് അറിയിച്ച്‌ രാഹുല്‍ ഗാന്ധി എംഎല്‍എക്ക് കത്തയച്ചത്. വയനാടിന്‍റെ വികസന മുന്നേറ്റത്തിന് പ്രത്യേക ശ്രദ്ധയും പരിഗണനയും നല്‍കുമെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു.

മന്ത്രി ജി സു​ധാ​ക​രന്‍ ഉ​ദ്ഘാ​ട​ക​നാ​കു​ന്ന ച​ട​ങ്ങി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി രാ​ഹു​ല്‍ ഗാ​ന്ധിയെ ഉള്‍പ്പെടുത്തി പോസ്റ്ററും ഇറക്കിയത് നേരത്തെ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. ഫ്ലെക്സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെയും ജി സുധാകരന്‍റെയും ചിത്രങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധിയുടെ ചിത്രം ഉള്‍പ്പെടുത്തിയിരുന്നത്. രാഹുല്‍ ഗാന്ധിയുടെ അനുമതിയില്ലാതെയാണ് പേരും ചിത്രവും ഉപയോഗിച്ചതെന്നും പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരും തിരുവമ്ബാടി നിയോജക മണ്ഡലത്തിലെ എംഎല്‍എയും ചേര്‍ന്നാണ് ഇത്തരമൊരു പരിപാടി ആസൂത്രണ ചെയ്തതെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ വിമര്‍ശനം.

രാഹുല്‍ ഗാന്ധിയെ അറിയിക്കാതെയും അനുവാദം വാങ്ങാതെയുമാണ് പ്രവര്‍ത്തി ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയാക്കിയത്. പാര്‍ലമെന്‍റ് സെഷന്‍ നടക്കുന്നതിനാല്‍ 13 ന് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ എംപിമാര്‍ക്ക് കഴിയില്ലെന്നിരിക്കെ മനഃപൂര്‍വ്വമാണ് രാഹുല്‍ ഗാന്ധിയെ ചടങ്ങില്‍ മുഖ്യാഥിതിയാക്കിയതെന്നാണ് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് ടി സിദ്ധീഖ് ആരോപിച്ചത്.

Top