പുതിയ മോട്ടോര്‍ വാഹന നിയമപ്രകാരം കാളവണ്ടി ഉടമക്ക് പിഴ ചുമത്തി പൊലീസ്

ഡെറാഡൂണ്‍: പുതുക്കിയ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള കേസുകളും പിഴകളും കഴിഞ്ഞ കുറച്ചുദിവസങ്ങളായി വാര്‍ത്തകളില്‍ സജീവമാണ്. നിയമലംഘനങ്ങള്‍ക്കുള്ള വന്‍ പിഴകള്‍ക്ക് പുറമേ നിരവധി കൗതുക വാര്‍ത്തകളും പുതിയ നിയമം പ്രാബല്യത്തില്‍ വന്നതിനു പിന്നാലെയെത്തുന്നുണ്ട്. ഹെല്‍മെറ്റ് ധരിക്കാത്തതിന് കാര്‍ യാത്രികന് ഉത്തര്‍പ്രദേശില്‍ പിഴ ചുമത്തിയതും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ഓട്ടോ ഡ്രൈവര്‍ക്ക് പിഴയിട്ടതുമൊക്കെ അത്തരത്തില്‍ ചിലതാണ്. ഇപ്പോഴിതാ പുതിയ മോട്ടോര്‍ വാഹന നിയമപ്രകാരം ഒരു കാളവണ്ടി ഉടമക്ക് പൊലീസ് പിഴ ചുമത്തിയതാണ് പുതിയ വാര്‍ത്ത.

ഡെറാഡൂണിലെ സഹാസ്പൂരിലാണ് സംഭവം. ചാര്‍ബ ഗ്രാമത്തിലെ കാളവണ്ടി ഉടമയായ റിയാസ് ഹസനാണ് 1000 രൂപ ഫൈന്‍ ലഭിച്ചത്. തന്റെ കൃഷിസ്ഥലത്തിനടുത്തായി കാളവണ്ടി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ഇദ്ദേഹം. രാത്രി സബ് ഇന്‍സ്‌പെക്ടര്‍ പങ്കജ് കുമാറിന്റെ നേതൃത്വത്തിലുള്ള ഒരു പോലീസ് സംഘം പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടെ ഈ വണ്ടി കണ്ടു. തുടര്‍ന്ന് നാട്ടുകാരോട് അന്വേഷിച്ചപ്പോള്‍ റിയാസിന്റെ കാളവണ്ടിയാണെന്ന് കണ്ടെത്തുകയും വണ്ടി പോലീസ് റിയാസിന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു. തുടര്‍ന്ന് എംവി ആക്ടിന്റെ സെക്ഷന്‍ 81 പ്രകാരം 1000 രൂപയുടെ ചലാന്‍ ഉടമക്ക് കൈമാറി.

Top