കാശ്മീരിലെ ജനങ്ങള്‍ക്ക് ജയിലുകളല്ല, തൊഴിലാണ് വേണ്ടതെന്ന് മുഹമ്മദ് യൂസഫ് താരിഗാമി

ഡല്‍ഹി: കശ്മീരിലെ ജനങ്ങള്‍ക്ക് ജയിലുകളല്ല, തൊഴിലാണ് വേണ്ടതെന്ന് സിപിഎം നേതാവ് മുഹമ്മദ് യൂസഫ് താരിഗാമി. പുനസംഘടനക്ക് ശേഷം കശ്മീരിനെ കേന്ദ്ര സര്‍ക്കാര്‍ തളര്‍ത്തി കളഞ്ഞെന്ന് പറഞ്ഞ തരിഗാമി നീതി ലഭിക്കാന്‍ രാജ്യത്തെ ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും പറഞ്ഞു.

കശ്മീര്‍ പുനസംഘടനയോടെ ജനങ്ങളുടെ ജീവിതം ദുസ്സഹമായി. ആരോഗ്യമേഖലയിലടക്കം സ്ഥിതിഗതികള്‍ ഗുരുതരമാണ് .കശ്മീരിലെ ജനങ്ങള്‍ തീവ്രവാദികള്‍ അല്ല. ജയിലുകള്‍ അല്ല തൊഴിലുകളാണ് അവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടത്. രാഷ്ട്രീയക്കാര്‍ മാത്രമല്ല സാമൂഹ്യപ്രവര്‍ത്തകരും ജയിലിലാണെന്നും താരിഗാമി പറഞ്ഞു.

ഇന്നലെ സിപിഎം സെക്രട്ടരി സീതാറാം യെച്ചൂരിയും കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.കേന്ദ്രസര്‍ക്കാര്‍ പറയുന്നതിനു വിരുദ്ധമാണ് കശ്മീരിലെ സ്ഥിതിയെന്നാണ് യെച്ചൂരി പറഞ്ഞത്.കശ്മീരിലെ സ്ഥിതി ചൂണ്ടിക്കാട്ടി സിപിഎം വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു

നാല്പത് ദിവസത്തിലേറെയായി തൊഴിലെടുക്കാന്‍ പോലും ആകാത്ത സ്ഥിതിയിലാണ് കശ്മീരിലെ ജനങ്ങള്‍, വൈദ്യുതിയോ സുഗമമായ ഗതാഗതസംവിധാനമോ അവിടെയില്ല. ആശുപത്രികളില്‍ ആവശ്യത്തിനു മരുന്ന് പോലും ഇല്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നാല് തവണ എംഎല്‍എ ആയ വ്യക്തിയാണ് താരിഗാമി. അദ്ദേഹത്തെയാണ് സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയത്. ഭീകരവാദത്തിന് എതിരായ സമരത്തിന്റെ പേരില്‍ ജന പ്രതിനിധികളെ തടവില്‍ ആക്കുന്നത് എന്തിനാണ്. ഫാറൂഖ് അബ്ദുള്ളയുടെ അറസ്റ്റ് അംഗീകരിക്കാനാവുന്നതല്ല. കശ്മീരിനെ ഇന്ത്യയുടെ ഭാഗമായി നിലനിര്‍ത്താന്‍ യത്‌നിച്ച വ്യക്തിയാണ് അദ്ദേഹം, അത് മറക്കരുത്. താരിഗാമിക്ക് ഡല്‍ഹിയില്‍ എത്താന്‍ അനുവാദം നല്‍കിയ സുപ്രിം കോടതിയോട് നന്ദി അറിയിക്കുന്നതായും യെച്ചൂരി പറഞ്ഞു.

Top