ബിജെപി പിളര്‍പ്പിലേക്ക്

എറണാകുളം: തൃപ്പൂണിത്തുറയില്‍ ബിജെപി പിളര്‍പ്പിലേക്ക്. നഗരസഭാ പ്രതിപക്ഷ നേതാവായ വിആര്‍ വിജയകുമാറിനെതിരെ നടപടിയെടുക്കാനുള്ള നീക്കം പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറികള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. കഴിഞ്ഞമാസം 15-ന് രാത്രി വീടിന് മുന്നില്‍ വച്ച്‌ വിആര്‍ വിജയകുമാറിനെ രണ്ടുപേര്‍ കൈയേറ്റം ചെയ്ത സംഭവമാണ് പ്രശ്നങ്ങള്‍ രൂക്ഷമാക്കിയത്.

സംഭവത്തില്‍ വിജയകുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകരായ വിപിന്‍, ഹരി എന്നിവര്‍ക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. പ്രാദേശികമായ വിഭാഗീയത നിലനില്‍ക്കെ തൃപ്പൂണിത്തറ തെക്കുംഭാഗത്ത് ഒരു രക്ഷാബബന്ധന്‍ ചടങ്ങില്‍ വിജയകുമാര്‍ പങ്കെടുത്തതായിരുന്നു പ്രതികളെ പ്രകോപിച്ചത്.

വിജയകുമാറിന് മര്‍ദ്ദനമേറ്റത് നഗരാസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളത്തിന് ഇടയാക്കിയിരുന്നു. വിജയകുമാറിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് സഭയില്‍ ആവശ്യമുയര്‍ന്നു. എന്നാല്‍ ബിജെപിക്ക് 12 അംഗളുള്ള നഗരസഭ കൗണ്‍സിലില്‍ ഏഴ് പേര്‍ ഇതിനോട് വിയോജിപ്പ് രേഖപ്പെടുത്തിയതോടെ പാര്‍ട്ടിയിലെ ഭിന്നത പരസ്യമായി പുറത്തുവന്നു.

തൃപ്പൂണിത്തുറയിലെ പാര്‍ട്ടി ഓഫീസ്‍ ചേര്‍ന്ന ജില്ല കോര്‍ കമ്മിറ്റിയുടേയും മണ്ഡലം കോര്‍ കമ്മിറ്റിയുടേയും സംയുക്ത യോഗത്തില്‍ ഏഴ് കൗണ്‍സിലര്‍മാരും വിജയകുമാറിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാണ് വിജയകുമാറിനെതിരെ ഇവര്‍ ഉന്നയിക്കുന്ന ആരോപണം. എന്നാല്‍ വിജയകുമാറിനെ പിന്തുണയ്ക്കുന്നവര്‍ പാര്‍ട്ടി നടപടിക്കെതിരെ ശക്തമായി രംഗത്ത് എത്തിയത് ബിജെപിയെ പ്രതിരോധത്തിലാക്കി.

ആര്‍എസ്‌എസിലൂടെ ബിജെപിയിലേക്കെത്തിയ വി.ആര്‍. വിജയകുമാര്‍ പാര്‍ട്ടിയുടെ സംസ്ഥാന കൗണ്‍സിലംഗമാണ്. മേഖലയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും വലിയ സ്വാധീനം ഉള്ള നേതാവാണ് വിജയകുമാര്‍. നഗരസഭാ പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനത്തു നിന്ന്‌ തന്നെ നീക്കിയതായി ആരും അറിയിച്ചിട്ടില്ലെന്നാണ് വിജയകുമാര്‍ വ്യക്തമാക്കുന്നത്.

Top