പാഠം ഒന്ന് ഏല്ലാവരും പാടത്തേയ്ക്ക്…. കാര്‍ഷിക പ്രശ്‌നോത്തരി മത്സരം കുട്ടികള്‍ക്ക് അറിവും ആവേശവും പകര്‍ന്നു

പുതുതലമുറയെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും കൈകോര്‍ത്തു നടപ്പാക്കുന്ന പാഠം ഒന്ന് ഏല്ലാവരും പാടത്തേയ്ക്ക് ‘ പരിപാടിക്ക് മുന്നോടിയായി കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കാര്‍ഷിക പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ചു. നെല്ലിന്റെ ജ•ദിനമായി കണക്കാക്കുന്ന കന്നിമാസത്തിലെ മകം നക്ഷത്രനാള്‍ വരുന്ന സെപ്തംബര്‍ 26നാണ് പാഠം ഒന്ന് ഏല്ലാവരും പാടത്തേക്ക് എന്ന പരിപാടി സംഘടിപ്പിക്കുന്നത്.

കട്ടപ്പന കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ് പരിധിയിലുള്ള ആറ് ഗ്രാമപഞ്ചായത്തുകളിലെയും കട്ടപ്പന നഗരസഭയിലെയും സ്‌കൂളുകളിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് മത്സരം സംഘിപ്പിച്ചത്. ഇരു വിഭാഗങ്ങളില്‍ നിന്നും രണ്ടുപേരടങ്ങുന്ന ഓരോ ടീമു വീതമാണ് പഞ്ചായത്തുക്കളെ പ്രതിനിധീകരിച്ചെത്തിയത്. കട്ടപ്പന നഗരസഭ ഹാളില്‍ നടന്ന മത്സരം കട്ടപ്പന നഗരസഭ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. കട്ടപ്പന കൃഷി അസിസ്റ്റന്റ് ഡയാറക്ടര്‍ സുസന്‍ ബഞ്ചമിന്‍ അദ്ധ്യക്ഷത വഹിച്ചു. കാര്‍ഷിക മേഖലയില്‍ നെല്‍കൃഷിക്ക് ഊന്നല്‍ നല്കിയുള്ള ക്വിസ് മത്സരത്തില്‍ കാര്‍ഷിക രംഗത്തെ പ്രശസ്ത വ്യക്തികള്‍, സ്ഥലങ്ങള്‍, വിശേഷണങ്ങള്‍, വിളകള്‍ തുടങ്ങിയ ചോദ്യങ്ങളെല്ലാം ഉള്‍പ്പെട്ടിരുന്നു. 10 റൗണ്ടുകളിലായി നടത്തിയ മത്സരത്തില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ എസ്.എം.എച്ച്.എസ് മേരികുളവും ഹയര്‍ സെക്കണ്ടറി തലത്തില്‍ കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്‌കൂളും വിജയികളായി.

കാര്‍ഷിക പ്രശ്‌നോത്തരിയുടെ ജില്ലാതല മത്സരം തൊടുപുഴ ജില്ലാ കൃഷി ഓഫീസിലെ താലൂക്ക് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു. സംസ്ഥാന തല മത്സരം ഇരുപതാം തീയതി തൃശൂരില്‍ നടക്കും. കട്ടപ്പനയില്‍ നടന്ന മത്സരം ഉപ്പുതറ കൃഷി ഓഫീസര്‍ കെ.കെ.ബിനുമോന്‍, കാഞ്ചിയാര്‍ കൃഷി ഓഫീസര്‍ റ്റിന്റുമോള്‍ ജോസഫ് എന്നിവര്‍ നയിച്ചു. കൃഷി അസിസ്റ്റന്റ് ഓഫീസര്‍മാരായ എ. അനീഷ്, , മനോജ് അഗസ്റ്റിന്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


കട്ടപ്പന എ ഡി എ ഓഫീസ് പരിധിയിലുള്ള എല്ലാ സ്‌കൂളുകളിലും കാര്‍ഷിക ക്ലബ്ബുകള്‍ രൂപികരിച്ചു കൊണ്ട് നെല്‍കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സെപ്തംബര്‍ 26 ന് ആരംഭിക്കുമെന്ന് കട്ടപ്പന കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സൂസന്‍ ബഞ്ചമിന്‍ പറഞ്ഞു.

ധീര ജവാന്‍ ഒ.പി സാജുവിന് മാതൃവിദ്യാലയത്തിന്റെ അനുസ്മരണം

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച ധീരജവാന്‍ ഒ.പി സാജുവിനെ മാതൃവിദ്യാലയമായ രാജാക്കാട് എന്‍.ആര്‍.സിറ്റി എസ്എന്‍വി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അനുസ്മരിച്ചു. ജൂണ്‍ 28ന് മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിലാണ് സാജു കൊല്ലപ്പെട്ടത്. എന്‍.ആര്‍ സിറ്റി എസ്എന്‍വി സ്‌കൂളില്‍ 1989-90 ബാച്ചിലാണ് സാജു പഠനം പൂര്‍ത്തിയാക്കിയത്. അനുസ്മരണ ചടങ്ങില്‍ സാജുവിന്റെ കുടുംബം സ്‌കൂളിലെ കായിക വിദ്യാര്‍ത്ഥികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറി. കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച സാജു സംസ്ഥാന മീറ്റില്‍ ഗോള്‍ഡ് മെഡലും നാഷണല്‍ മീറ്റ് ജേതാവുമായിരുന്നു. അന്നത്തെ കായികാധ്യാപകരായ വിജയന്‍മാഷും ലീലടീച്ചറുമായിരുന്നു സാജുവിന്റെ പരിശീലകര്‍. സ്പോര്‍ട്സ് ക്വാട്ടയിലാണ് സാജു സിആര്‍പിഎഫില്‍ പ്രവേശനം നേടിയത്. രാജക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ എം.എസ് സതി അനുസ്മരണ പ്രഭാഷണം നടത്തി. സിആര്‍പിഎഫ് അഡീഷണല്‍ സബ് ഇന്‍സ്പെക്ടര്‍ യൂസഫ്, സിആര്‍പിഎഫ് മദ്രാസ് റെജിമെന്റ് ഓഫീസര്‍ ജോസ് എന്നിവര്‍ ചേര്‍ന്ന് സ്‌കൂളിന് സാജുവിന്റെ അനുസ്മരണ ഫോട്ടോ സമര്‍പ്പിച്ചു. സാജുവിന്റെ കുടുംബത്തിന് സ്‌കൂള്‍ മാനേജ്മെന്റ് മൊമന്റോ നല്‍കി ആദരിച്ചു.

രാജാക്കാട് മുക്കുടി ഒറോലിക്കല്‍ പരേതനായ പാപ്പന്റെയും തങ്കമ്മയുടെയും മകനാണ് സാജു. ഇരട്ടയാര്‍ സ്വദേശി സുജയാണ് ഭാര്യ. ചങ്ങനാശേരി എന്‍. എസ്. എസ് കോളേജ് ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥി അജയ് സാജുവും വെള്ളയാംകുടി സെന്റ് ജോര്‍ജ് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ആര്യനന്ദയുമാണ് മക്കള്‍. രാജക്കാട് എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് എംബി ശ്രീകുമാര്‍ അനുസ്മരണ യോഗത്തിന്റെ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ രാധാകൃഷ്ണന്‍ തമ്പി, എക്സ് സര്‍വീസ് ലീഗ് പ്രതിനിധി ക്യാപ്റ്റന്‍ സുരേഷ് കുമാര്‍, ത്രിതല പഞ്ചായത്തംഗങ്ങളായ ബിജി സന്തോഷ്, രാധാമണി പുഷ്പജന്‍, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് റെജി ഒ.എസ്, പിടിഎ പ്രസിഡന്റ് ഷാജി സി.ആര്‍, സാജുവിന്റെ സഹപാഠികളായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സംസാരിച്ചു.

ജില്ലാ ശുചിത്വമിഷന്‍ ഓഫീസുകളില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

ജില്ലാ ശുചിത്വമിഷനുകളില്‍ അസിസ്റ്റന്റ് ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ തസ്തികകളിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്നും ശുചിത്വമിഷന്‍ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ള ജീവനക്കാരില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ (ഐ.ഇ.സി)യുടെ ഓരോ ഒഴിവിലേക്കും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്)ന്റെ ഓരോ ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആയി അപേക്ഷിക്കുന്നവര്‍ സയന്‍സ് ബിരുദധാരികളോ, സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ/ ബിരുദധാരികളോ ആയിരിക്കണം. അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്ററുടെ (ഐ.ഇ.സി) ശമ്പള സ്‌കെയില്‍ 27800-59400 ഉം അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്ററുടെ (എസ്.ഡബ്ല്യൂ.എം) ശമ്പളസ്‌കെയില്‍ 30700-65400 ഉം ആണ്. താല്‍പര്യമുള്ളവര്‍ കെ.എസ്.ആര്‍ പാര്‍ട്ട്(1) റൂള്‍ 144 പ്രകാരമുള്ള അപേക്ഷയും നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രവും സഹിതം ഒക്‌ടോബര്‍ അഞ്ചിന് മുമ്പായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സംസ്ഥാന ശുചിത്വമിഷന്‍, സ്വരാജ് ഭവന്‍, നന്തന്‍കോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം – 695003 എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ ലഭ്യമാക്കണം. വെബ്‌സൈറ്റ് www.sanitation.kerala.gov.in

ജില്ലാ സിവില്‍ സര്‍വ്വീസ് കായികമേള
സെപ്തംബര്‍ 27, 28 തീയതികളില്‍

ജില്ലാ സിവില്‍ സര്‍വ്വീസ് കായികമേള സെപ്തംബര്‍ 27, 28 തീയതികളില്‍ അറക്കുളം സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ട,് വണ്ടമറ്റം അക്വാറ്റിക് സെന്റര്‍, എച്ച്.ആര്‍.സി ക്ലബ് മൂലമറ്റം എന്നിവിടങ്ങളിലായി നടത്തും. ആറ് മാസത്തിലേറെ സര്‍വ്വീസുള്ളവരും സ്ഥിരനിയമനം ലഭിച്ചിട്ടുള്ളവരുമായ ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഫുട്‌ബോള്‍, വോളിബോള്‍, ക്രിക്കറ്റ്, ബാസ്‌ക്കറ്റ് ബോള്‍, ഗുസ്തി, പവര്‍ ലിഫ്റ്റിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ് ആന്റ് ബെസ്റ്റ് ഫിസിക്ക്, ചെസ്, ലോണ്‍ ടെന്നീസ് എന്നീ ഇനങ്ങളില്‍ പുരുഷന്‍മാര്‍ക്കും അത്‌ലറ്റിക്‌സ്, ഷട്ടില്‍, ബാഡ്മിന്റണ്‍, നീന്തല്‍, കബഡി, ടേബിള്‍ ടെന്നീസ് തുടങ്ങിയ ഇനങ്ങളില്‍ പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കുമായിട്ടാണ് മത്സരങ്ങള്‍. അത്‌ലറ്റിക്‌സ്, ഷട്ടില്‍, ബാഡ്മിന്റണ്‍, നീന്തല്‍, ചെസ് എന്നിവയില്‍ മത്സരങ്ങളും ബാക്കിയുള്ള ഇനങ്ങളില്‍ സെലക്ഷന്‍ ട്രയല്‍സും നടത്തും. അത്‌ലറ്റിക്‌സ്, ഷട്ടില്‍ ബാഡ്മിന്റണ്‍, നീന്തല്‍ എന്നീ വിഭാഗങ്ങളില്‍ വെറ്ററന്‍സ് വിഭാഗത്തിന് മത്സരമുണ്ടായിരിക്കും. സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുവാനുള്ള ഇടുക്കി ജില്ലാ ടീമിനെ ഈ മത്സരത്തില്‍ നിന്നും തെരഞ്ഞെടുക്കും. ചെസ്സില്‍ ഒരു വനിതക്കും സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള പ്രവേശന ഫോറം പൂരിപ്പിച്ച് മേലധികാരികള്‍ മുഖേന സെപ്തംബര്‍ 25ന് മുമ്പ് പൈനാവിലുള്ള ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ സമര്‍പ്പിക്കണം. അത്‌ലറ്റിക്‌സ് ഗെയിംസ് മത്സരങ്ങളില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ സെപ്തംബര്‍ 27ന് രാവിലെ 8.30ന് അറക്കുളം സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ടില്‍ എത്തിച്ചേരണം.

അസാപില്‍ സീറ്റ് ഒഴിവ്

കേരള ഗവണ്‍മെന്റിന്റെ നൈപുണ്യ പരിശീലന പദ്ധതിയായ അസാപിന്റെ ഷീ സ്‌കില്‍ പ്രോഗ്രാമിലേക്കു ഏതാനും സീറ്റ് ഒഴിവുണ്ട്. അടിമാലി, തൊടുപുഴ, കട്ടപ്പന എന്നിവിടങ്ങളിലായി നടക്കുന്ന മൂന്ന് മാസത്തെ കോഴ്‌സുകള്‍, തൊഴില്‍നൈപുണ്യം നേടുന്നതിനോടൊപ്പം പ്ലേസ്‌മെന്റ് അസിസ്റ്റന്റും നല്‍കും. പതിനഞ്ചു വയസിനുമുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. പരമാവധി 5000 രൂപ ഫീസ് ഉള്ള ഈകോഴ്‌സുകള്‍ എസ്.സി, എസ്.റ്റി , ഒബിസി, ഒ.ഇ.സി, ബി.പി.എല്‍, ശാരീരിക ന്യൂനത ഉള്ളവര്‍ എന്നിവര്‍ക്ക് പൂര്‍ണമായും സൗജന്യമാണ്. മിനിമം യോഗ്യത എസ്.എസ്.എല്‍.സി. താല്പര്യമുള്ളവര്‍
9495999655 (തൊടുപുഴ), 9495999780 , 9496591686 (അടിമാലി), 9495999691 (കട്ടപ്പന), 9495999634 (ഇടുക്കി) എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

പട്ടികവര്‍ഗ്ഗ കോളനിയില്‍ റബര്‍ തൈ
വിതരണത്തിന് ടെണ്ടര്‍ ക്ഷണിച്ചു

ഇടുക്കി ഐ.റ്റി.ഡി.പിയുടെ പ്രവര്‍ത്തന മേഖലയിലുള്ള വിവിധ പട്ടികവര്‍ഗ്ഗ കോളനികളിലേക്കായി രണ്ട് തട്ട് ഇലയോടുകൂടിയതും റബ്ബര്‍ ബോര്‍ഡിന്റെ നിബന്ധനകള്‍ക്കനുസൃതവുമായ ആര്‍.ആര്‍.ഐ.ഐ 430 നല്ലയിനം 8000 കൂട തൈകള്‍ വിതരണത്തിന് താല്‍പര്യമുള്ള ഗവ. അംഗീകൃത നഴ്‌സറികളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. സര്‍ക്കാര്‍ നിബന്ധനകള്‍ ടെണ്ടറിന് ബാധകമായിരിക്കും. ടെണ്ടര്‍ ഫോറത്തിന്റെ വില 1000 രൂപയും ജി.എസ്.റ്റിയും ഇ.എം.ഡി 5000 രൂപയും (ചെക്ക്) ആയിരിക്കും. താല്‍പ്പര്യമുള്ളവര്‍ ഒക്‌ടോബര്‍ മൂന്നിന് രണ്ട് മണിക്ക് മുമ്പായി മുദ്രവച്ച ടെണ്ടറുകള്‍ ഇ.എം.ഡി സഹിതം ഇടുക്കി ഐ.റ്റി.ഡി.പി ഓഫീസില്‍ സമര്‍പ്പിക്കണം. ടെണ്ടര്‍ഫോറം ഒക്‌ടോബര്‍ മൂന്നിന് 12 മണിവരെ ഓഫീസില്‍ നിന്നും ലഭിക്കും. വിവരങ്ങള്‍ക്ക് ഫോണ്‍ 04862 222399, 9496070330.

ഫോട്ടോ അടിക്കുറിപ്പ്

• കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കട്ടപ്പന നഗരസഭ ഹാളില്‍ നടന്ന കാര്‍ഷിക പ്രശ്‌നോത്തരി മത്സരം കട്ടപ്പന നഗരസഭ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്യുന്നു.
• സാജുവിന്റെ കുടുംബം സ്‌കൂളധികൃതര്‍ക്ക് ചെക്ക് കൈമാറുന്നു.

Top