നവോദയ കോബാർ ഏരിയ കമ്മിറ്റിയുടെയും കോബാർ കുടുംബവേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണപൂക്കൾ – 2019 ഓണം ഫെസ്റ്റ് സംഘടിപ്പിച്ചു. കോബാർ അസീസിയ്യയിൽ വെച്ചു നടന്ന പരിപാടി നവോദയ കേന്ദ്ര രക്ഷാധികാരി ഇ. എം. കബീർ ഉദ്ഘാടനം ചെയ്തു.

എല്ലാവരെയും ഒന്നുപോലെ കണ്ട പഴയ കാലത്തിന്റെ മധുര സ്മരണകൾ അയവിറക്കി മൗനിയായി പ്രതികരണശേഷി നഷ്ടപ്പെട്ട ജഢമായി ഇരുന്നാൽ ഇരുണ്ട ഭാവികാലമാണ് നമ്മെ കാത്തിരിക്കുന്നതെന്നും അസമത്വത്തിന്റെ വർത്തമാനകാലത്തു സമത്വവും നന്മയും തിരിച്ചുപിടിക്കാനുള്ള പരിശ്രമങ്ങൾക്ക് ഏവരും പിന്തുണ നൽകണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

നവോദയ കോബാർ ഏരിയ പ്രസിഡന്റ് പി. എ. സമദ് അധ്യക്ഷ്യത വഹിച്ചു. നവോദയ കേന്ദ്ര ആക്ടിങ് സെക്രട്ടറി നിധീഷ് മുത്തമ്പലം, ജോ. സെക്രട്ടറി റഹിം മടത്തറ, കോബാർ ഏരിയ രക്ഷാധികാരി പ്രകാശൻ നെടുങ്കണ്ടി, ഏരിയ സെക്രട്ടറി വിദ്യാധരൻ കോയാടൻ, കോബാർ കുടുംബവേദി സെക്രട്ടറി സാലു, വനിതാവേദി കൺവീനർ റബീബ ആഷിക്ക് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ ടി. എൻ. ഷബീർ സ്വാഗതവും ഏരിയ ട്രഷറർ വർഗീസ് കുര്യാക്കോസ് നന്ദിയും അറിയിച്ചു.

രാവിലെ 10 മണിക്ക് തുടങ്ങി വൈകുന്നേരം 6 മണിയോടെ അവസാനിച്ച കലാപരിപാടികളിൽ നവോദയ കോബാർ ഏരിയയിലെ വിവിധ യൂണിറ്റുകളിൽ നിന്നും കുടുംബവേദിയിൽ നിന്നുമായി നൂറോളം കലാകാരന്മാരും കലാകാരികളും വിവിധ പരിപാടികൾ അവതരിപ്പിച്ചു.

കുടുംബവേദിയിലെ വനിതകൾ അവതരിപ്പിച്ച തിരുവാതിരകളി, ഭരതനാട്യം, മോഹനിയാട്ടം, കുട്ടികൾ അവതരിപ്പിച്ച സംഘനൃത്യങ്ങൾ, വഞ്ചിപ്പാട്ട്, പുലിക്കളി തുടങ്ങിയവ പരിപാടിയുടെ മികച്ച ആകർഷണീയതയായിരുന്നു. സമകാലിക സംഭവങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ചാക്യാർക്കൂത്ത് സദസ്സിന് വേറിട്ട അനുഭവമായി.

വനിതകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കുമായി വെവ്വേറേ നടത്തിയ കമ്പവലി മത്സരം കാണികൾക്ക് ആവേശമായി.

കേരള തനിമയുടെ രുചിയും സ്വാദും നാവിനു സമ്മാനിച്ച വിഭവ സമൃദ്ധമായ ഓണസദ്യ എല്ലാവർക്കും നാടിന്റെ കൊതിയൂറുന്ന ഓര്മകളിലേക്കുള്ള തിരിച്ചു പോക്കായി അനുഭവപ്പെട്ടു.

നവോദയ കേന്ദ്ര കമ്മിറ്റി അംഗം ലിജോ വര്‍ഗീസ്, കുടുംബവേദി കേന്ദ്ര എക്സികുട്ടിവ് അംഗം ആഷിക്ക് കപൂർ, ഏരിയ വൈസ് പ്രസിഡന്റ് രമണൻ, ജോ. സെക്രട്ടറി വിജയകുമാർ, ഏരിയ രക്ഷാധികാരി സിദ്ധീഖ് കല്ലായി, കുടുംബവേദി പ്രസിഡന്റ് ശ്രീജിത്ത് ബാലകൃഷ്ണക്കുറുപ്പ്, വൈസ് പ്രസിഡന്റ് നിരഞ്ജിനി സുധീഷ്, ജോ. സെക്രട്ടറി അജു തങ്കച്ചൻ, അജികുമാർ കല്ലട, സുധാകരൻ കായംകുളം, സലീം മുഴപ്പിലങ്ങാട്, സുധീഷ്, ഫിറോസ് ഖാൻ, പ്രവീണ്‍ കുമാർ, ജ്യോതിഷ്, നിഹാസ്, ഏരിയ കമ്മിറ്റി അംഗങ്ങൾ, വിവിധ യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Top