പൂതന പരാമര്‍ശം: മന്ത്രി ജി. സുധാകരന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ല,​ ആരെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

തിരുവനന്തപുരം: അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരായ പൂതന പരാമര്‍ശത്തില്‍ മന്ത്രി ജി. സുധാകരന്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണ. ആരുടെയും പേരെടുത്തു പറഞ്ഞല്ല മന്ത്രിയുടെ പരാമര്‍ശം. അതില്‍ ചട്ടലംഘനമില്ലെന്നും ടിക്കാറാം മീണ പറഞ്ഞു.

മന്ത്രിയുടെ പരാമര്‍ശത്തില്‍ ദുരുദ്ദേശ്യമൊന്നും കണ്ടെത്താനായില്ല. കളക്ടറുടെയും എസ്.പിയുടെയും റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് തിരഞ്ഞടുപ്പ് കമ്മീഷന്റെ നടപടി. ജി സുധാകരന്റെ വിശദീകരണവും പ്രസം​ഗത്തിന്റെ വീഡിയോയും തിരഞ്ഞടുപ്പ് കമ്മീഷന്‍ പരിശോധിച്ചിരുന്നു.

തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നായിരുന്നു ജി സുധാകരന്റെ പരാമര്‍ശം. കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യു.ഡി.എഫ് ജയിക്കാന്‍ ശ്രമിക്കുന്നതെന്നും ജി.സുധാകരന്‍ ആരോപിച്ചിരുന്നു.

സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാട്ടിയാണ് മന്ത്രിക്കെതിരെ ഷാനിമോള്‍ ഉസ്മാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. പെരുമാറ്റചട്ട ലംഘനത്തിനും സത്യപ്രതിജ്ഞ ലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു

അതേസമയം തനിക്കെതിരായ ആരോപണത്തില്‍ മന്ത്രി ജി സുധാകരനും ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. യു.ഡി.എഫ് നേതാക്കള്‍ അസത്യം പ്രചരിപ്പിക്കുകയാണെന്ന് കാണിച്ചാണ് ജി സുധാകരന്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്. പൂതന എന്ന് വിളിച്ചത് ഏതെങ്കിലും ഒരു വ്യക്തിയെ അല്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

Top