കാലുമാറ്റം: മഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസ്‌ എംഎല്‍എമാരെയും റിസോര്‍ട്ടിലേക്ക്‌ മാറ്റി

മുംബൈ> മഹാരാഷ്‌ട്രയില്‍ ശിവസേനയും ബിജെപിയും തമ്മിലുള്ള അധികാര തര്‍ക്കം തുടരുന്നതിനിടെ കാലുമാറ്റം ഭയന്ന്‌ കോണ്‍ഗ്രസ്‌ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക്‌ മാറ്റി. കോണ്‍ഗ്രസിന്റെ 44എംഎല്‍എമാരെയും രാജസ്ഥാനിലെ ജയ്‌പൂരിലുള്ള റിസോര്‍ട്ടിലേക്കാണ്‌ മാറ്റി

കാലുമാറാന്‍ ബിജെപി പണം വാഗ്ദാനം ചെയ്ത സാഹചര്യത്തിലാണ്‌ എംഎല്‍എ മാരെ ജയ്പൂരിലേക്ക് മാറ്റുന്നതെന്ന് കോണ്‍ഗ്രസ് എം‌എല്‍‌എ നിതിന്‍ റൗത്ത്പറഞ്ഞു. രാവിലെ പാര്‍ട്ടി നേതാവ് വിജയ് വാഡെറ്റിവാറിന്റെ വീട്ടില്‍ ഒത്തുകൂടിയ ശേഷമാണ്‌ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക്‌ മാറ്റിയത്‌.

അതേസമയം എംഎല്‍എമാരെല്ലാം ഒറ്റക്കെട്ടാണെന്നും ആരും കോണ്‍ഗ്രസ്‌ വിട്ട്‌ പോകില്ലെന്നും ഹൈക്കമാന്‍ഡ്‌ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും കോണ്‍ഗ്രസ്‌ നേതാവ്‌ ഹുസൈന്‍ ധല്‍വി പറഞ്ഞു. ശിവസേനയെ പിളര്‍ത്താനുള്ള ബിജെപി നീക്കത്തെ തുടര്‍ന്ന്‌ എംഎല്‍മാരെ ബാന്ദ്രയിലെ ഹോട്ടലിലേക്ക്‌ മാറ്റിയിരുന്നു.

അതേസമയം, സഖ്യകക്ഷികള്‍ തമ്മിലുള്ള അധികാര പോരാട്ടം മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ കാലതാമസം വരുത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. മുഖ്യമന്ത്രി പദത്തിന്റെ കാര്യത്തില്‍ ശിവസേനയും ബിജെപിയും ഒരു തീരുമാനത്തിലെത്തിയില്ലെങ്കില്‍ സംസ്‌ഥാനം രാഷ്‌ട്രപതി ഭരണത്തിലാകും. 288അംഗ മന്ത്രിസഭയില്‍ ബിജെപിക്ക്‌ 105അംഗങ്ങളും ശിവസേനക്ക്‌ 56 പേരുമാണുള്ളത്‌. ഇതുകൂടാതെ എന്‍സിപിക്ക്‌54 എംഎല്‍എമാരുമാണുള്ളത്‌.

Top