സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കുറ്റകൃത്യത്തിന് നേതൃത്വം നൽകിയവരെ കൽത്തുറുങ്കിൽ അടയ്ക്കാൻ ഇനി അൽപം പോലും വൈകരുത് – അയോധ്യ വിധിയിൽ ഡിവൈഎഫ്ഐ അഖിലേന്ത്യ സെക്രട്ടറിയേറ്റിന്റെ പ്രസ്താവന.

രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന അയോധ്യ വിധി സുപ്രീം കോടതി പുറപ്പെടുവിച്ചു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കുറ്റകൃത്യത്തിന് നേതൃത്വം നൽകിയവരെ കൽത്തുറുങ്കിൽ അടയ്ക്കാൻ ഇനി അൽപം പോലും വൈകരുതെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

അയോധ്യതര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാം, അവകാശം കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിന്. മുസ്‌ലിം പള്ളി നിര്‍മിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിന് തര്‍ക്കഭൂമിക്ക് പുറത്ത് അ‍ഞ്ചേക്കര്‍ എന്നിങ്ങനെയാണ് സുപ്രധാന വിധി. തര്‍ക്കഭൂമിയില്‍ അവകാശം തെളിയിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനായില്ലന്നും രാം ചബൂത്രയിലും സീത രസോയിലും ഹൈന്ദവപൂജ നടത്തിയതിന് തെളിവുണ്ടന്നും സുപ്രീം കോടതി പറഞ്ഞു.

ഡിവൈഎഫ്ഐ അഖിലേന്ത്യ സെക്രട്ടറിയേറ്റിന്റെ പ്രസ്താവന ചുവടെ :-

അയോധ്യ വിധി സംബന്ധിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യ സെക്രട്ടറിയേറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന.

പതിറ്റാണ്ടുകൾ പഴക്കമുള്ള അയോദ്ധ്യ കേസിൽ ഇന്ന് പരമോന്നത നീതിപീഠം വിധി പ്രസ്താവിച്ചു കഴിഞ്ഞു. സുപ്രീം കോടതി വിധിയിൽ ചില വിയോജിപ്പുകൾ ഉണ്ട്. എന്നാൽ രാജ്യത്ത് ഒരു കലാപം ഈ വിധിയെത്തുടർന്ന് ഉണ്ടാവുകയുമരുത്. കലാപവും വൈകാരിക പ്രതികരണങ്ങളും രാജ്യത്തെ തകർക്കാൻ മാത്രമേ ഉപകരിക്കൂ.

ആർഎസ്എസ് നേതൃത്വത്തിൽ ബാബരി മസ്ജിദ് തകർത്തത് കുറ്റകരമാണെന്ന് ഇന്നത്തെ വിധിയിൽ പരാമർശമുണ്ട്.സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കുറ്റകൃത്യത്തിൽ നേതൃത്വം നൽകിയവരെ കൽത്തുറുങ്കിൽ
അടയ്ക്കാൻ ഇനി അൽപം പോലും വൈകരുത്. ജനങ്ങൾക്ക് സ്റ്റേറ്റിലുള്ള വിശ്വാസം സംരക്ഷിക്കാൻ ഇത് അത്യന്താപേക്ഷിതമാണ്.

രാജ്യത്തിൻറെ സമാധാനം നിലനിർത്തുമെന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത നമുക്കുണ്ട്. എന്നാൽ വിധിയെ ജനാധിപത്യപരമായി വിമർശിക്കാനും നമുക്കാകണം.
മത തീവ്രവാദ സംഘടനകൾ അതി വൈകാരികത ആളിക്കത്തിച്ചു വർഗീയ മുതലെടുപ്പിന് ശ്രമിക്കും. ഇത്തരം വർഗീയ നീക്കങ്ങൾ സംഘപരിവാറിന് കൂടുതൽ ഊർജ്ജമാകും. അത് ഇന്ത്യൻ മതേതരത്വത്തെ തകർക്കും. അതിനാൽ മതേതരവും ജനാധിപത്യപരവുമായ മൂല്യങ്ങളിൽ അധിഷ്ഠിതമായ വിമർശനങ്ങളും വിശകലനങ്ങളും ഉയർന്നു വരണം.

Top