ബാബറി: തര്‍ക്കം അവസാനിക്കാനുള്ള വിധി; മസ്ജിദ് തകര്‍ത്തവര്‍ ശിക്ഷിക്കപ്പെടണം: സിപിഐഎം

ന്യൂഡല്‍ഹി: വന്‍തോതില്‍ സംഘര്‍ഷങ്ങള്‍ക്കും മരണത്തിനും ഇടയാക്കിയ വിധം വര്‍ഗീയശക്തികള്‍ ഉപയോഗിച്ചുവന്ന വിഷയത്തിലെ തര്‍ക്കം അവസാനിപ്പിക്കാനാണ്‌ അയോധ്യക്കേസില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനബെഞ്ചിന്റെ വിധിയിലൂടെ ശ്രമിച്ചിരിക്കുന്നതെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയില്‍ പറഞ്ഞു.

തര്‍ക്കഭൂമിയായ 2.77 ഏക്കര്‍ സ്ഥലം ട്രസ്‌റ്റ്‌ വഴി ക്ഷേത്രം പണിയാന്‍ ഹിന്ദുപക്ഷത്തിനു സുപ്രീംകോടതി കൈമാറി. മുസ്ലിംപള്ളി പണിയാന്‍ സുന്നി വഖഫ്‌ബോര്‍ഡിനു മറ്റൊരിടത്ത്‌ അഞ്ചേക്കര്‍ സ്ഥലം അനുവദിക്കണമെന്ന്‌ കോടതി നിര്‍ദേശിച്ചു.

ഈ തര്‍ക്കത്തില്‍ മധ്യസ്ഥത വഴിയുള്ള പരിഹാരം സാധ്യമല്ലെന്നും കോടതിവിധി വഴി പരിഹരിക്കണമെന്നുമാണ്‌ സിപിഐ എം എക്കാലത്തും അഭിപ്രായപ്പെട്ടിരുന്നത്‌.
കലുഷിതമായ പ്രശ്‌നത്തിനു നീതീന്യായ വഴിയില്‍ പരിഹാരം കാണുമ്ബോള്‍ തന്നെ കോടതിവിധിയിലെ ചില ഭാഗങ്ങള്‍ ചോദ്യങ്ങളുയര്‍ത്തുന്നു. 1992ല്‍ ബാബ്‌റി മസ്‌ജിദ്‌ തകര്‍ത്തത്‌ നിയമലംഘനമാണെന്ന്‌ കോടതിവിധിയില്‍ തന്നെ പറയുന്നു.

അതൊരു ക്രിമിനല്‍ പ്രവൃത്തിയും മതനിരപേക്ഷ തത്വങ്ങള്‍ക്കുനേരെയുള്ള കടന്നാക്രമണവുമായിരുന്നു. ബാബറി മസ്‌ജിദ്‌ തകര്‍ക്കല്‍ കേസിന്റെ വിചാരണ വേഗത്തില്‍ നടത്തുകയും കുറ്റവാളികളെ ശിക്ഷിക്കുകയും ചെയ്യണം. 1991ലെ ആരാധനാലയനിയമത്തെ കോടതി ശ്ലാഘിച്ചിട്ടുണ്ട്‌.

ഈ നിയമത്തില്‍ മുറുകെപിടിക്കുന്നതിലൂടെ ഭാവിയില്‍ മതപരമായ കേന്ദ്രങ്ങളുടെ പേരിലുള്ള തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ഒഴിവാക്കാനാകും.

കോടതിവിധിയുടെ പേരില്‍ സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന വിധം പ്രകോപനപരമായ പ്രതികരണങ്ങള്‍ ആരും നടത്തരുതെന്ന്‌ പിബി അഭ്യര്‍ഥിച്ചു.

Top