സംസ്ഥാന സ്കൂൾ കായികമേളയിൽ പൊൻതാരകമായി മാറിയ വിഷ്ണുവിന് പിണറായി വിജയൻ സർക്കാരിന്റെ കൈത്താങ്ങ് ; വിഷ്ണുവിന് സർക്കാർ വീടും സ്ഥലവും നൽകും, മികച്ച കായിക പരിശീലനവും വാഗ്‌ദാനം.

ട്രാക്കിൽ ഇനി വിഷ്‌ണുവിന്‌ ‘ബോൾട്ടിനെപ്പോലെ’ വിജയക്കുതിപ്പ്‌ തുടരാം. ജീവിത വഴിയിലെ പ്രതിബന്ധങ്ങൾ ഇനി നോവാകില്ല. സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ 400, 200 മീറ്ററിൽ സ്വർണവും 100 മീറ്ററിൽ വെള്ളിയും നേടിയ വെള്ളായണി ശ്രീഅയ്യങ്കാളി മോഡൽ റസിഡൻഷ്യൽ സ്‌കൂൾ വിദ്യാർഥി വിഷ്‌ണുവിന്‌ വീടും സ്ഥലവും നൽകാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചു.

 

മന്ത്രി എ കെ ബാലൻ പട്ടികവർഗ ഡയറക്ടർ പുകഴേന്തിയെ കണ്ട ശേഷമാണ്‌ തീരുമാനം. വിഷ്‌ണുവിന്‌ വീടും സ്ഥലവും നൽകുന്നതിന്‌ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി. പ്രത്യേക ഉത്തരവ്‌ ഇറക്കും. സ്ഥലത്തിനായുള്ള അന്വേഷണം തുടങ്ങി. പ്രതിസന്ധികൾ തരണം ചെയ്‌ത്‌ ട്രാക്കിൽ മിന്നും വിജയം കൊയ്ത വിഷ്‌ണുവിന്റെ ജീവിതം ‘ദേശാഭിമാനി’ ഒന്നാംപേജിൽ പ്രസിദ്ധീകരിച്ചിരുന്നു. ‘മുണ്ടക്കൊല്ലിയിലെ ബോൾട്ട്‌’ എന്ന വാർത്ത ശ്രദ്ധയിൽപ്പെട്ട മന്ത്രി എ കെ ബാലൻ, വീടിനൊപ്പം വിഷ്‌ണുവിന്‌ മികച്ച കായിക പരിശീലനവും വാഗ്‌ദാനം ചെയ്‌തു.

 

കണ്ണൂർ ഐടിഡിസി പ്രൊജക്ട്‌ ഓഫീസർ വിഷ്‌ണുവിനെ നേരിൽ കണ്ട്‌ വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. മികച്ച കായിക പരിശീലനം ലഭ്യമാക്കാൻ സ്‌പോർട്‌സ്‌ കൗൺസിൽ സെക്രട്ടറിയുമായും ഡയറക്ടർ ചർച്ച നടത്തി. സ്‌പോർട്‌സ്‌ കൗൺസിൽ നേതൃത്വത്തിൽ വിദഗ്‌ധ പരിശീലനം ലഭ്യമാക്കാനും ധാരണയായി. പഠനം അയ്യങ്കാളി സ്‌കൂളിൽ തുടരും. വയനാട്‌ മുണ്ടക്കൊല്ലി സ്വദേശിയാണ്‌ വിഷ്‌ണു. അച്ഛനും അമ്മയും വിഷ്‌ണുവിനെയും സഹോദരങ്ങളെയും ഉപേക്ഷിച്ചു. ബന്ധുവീടുകളിൽ മാറിമാറിയാണ്‌ താമസം. വിഷ്‌ണുവിനെയും സഹോദരങ്ങളെയും സംരക്ഷിക്കാൻ ചേട്ടൻ ബിജു പഠനം നിർത്തി കൂലിപ്പണിക്ക്‌ പോവുകയാണ്‌. സുൽത്താൻ ബത്തേരി ചീരാൽ എച്ച്‌എസ്‌എസിലെ ഉണ്ണി സാറാണ്‌ വിഷ്‌ണുവിനെ കൈ പിടിച്ചുയർത്തിയത്‌. അയ്യങ്കാളി സ്‌കൂളില പരിശീലകൻ പി ആർ എസ്‌ നായർ വിഷ്‌ണുവിനെ മികവിലേക്ക്‌ ഉയർത്തി.

Top