2018 ൽ കേരളത്തിൽ നടന്നത് മഹാപ്രളയമെന്ന് WMO റിപ്പോർട്ട്‌ ; പ്രളയം ലോകത്തുണ്ടായ അതിതീവ്രമായ കാലാവസ്ഥ വ്യതിയാനമെന്നും റിപ്പോർട്ട്‌.

മഹാപ്രളയം കേരളത്തെ ഒന്നാകെ വിഴുങ്ങിയ വർഷമായിരുന്നു 2018. 1924ലെ പ്രളയത്തിനുശേഷം ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത് അതിശക്തമായ മഴയെത്തുടർന്ന് മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളിൽ ഉരുൾപൊട്ടലുമുണ്ടായി.കനത്ത മഴയിലും പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 500ന് മുകളിലാണെന്നാണ് കണക്കുകൾ പറയുന്നത്.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ലോകം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളില്‍ 2018 ഓഗസ്‌റ്റില്‍ കേരളത്തിലുണ്ടായ മഹാപ്രളയവും. ലോകത്തിലെ അതിതീവ്രമായ കാലാവസ്‌ഥാ വ്യതിയാനങ്ങളില്‍ നാലെണ്ണം സംഭവിച്ചത്‌ ഇന്ത്യയിലാണെന്നു ലോക അന്തരീക്ഷ പഠനകേന്ദ്രത്തിന്റെ (ഡബ്‌ളിയു.എം.ഒ) ആഗോള കാലാവസ്‌ഥാ പഠന റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു. 2017-ല്‍ വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളിലുണ്ടായ വെള്ളപ്പൊക്കം, 2018-ല്‍ ഉത്തരേന്ത്യയിലുണ്ടായ പൊടിക്കാറ്റ്‌, 2015-ല്‍ രാജ്യത്തുണ്ടായ ഉഷ്‌ണതരംഗം എന്നിവയാണ്‌ മറ്റു മൂന്നണ്ണം. ഉഷ്‌ണതരംഗം പാകിസ്‌താനിലും അനുഭവപ്പെട്ടു. ലോകത്ത്‌ വരള്‍ച്ച ഏറെയുള്ള മേഖലകളിലൊന്ന്‌ തമിഴ്‌നാടാണ്‌.

അഞ്ചുവര്‍ഷത്തിനിടെ ലോകത്തുണ്ടായ അഞ്ചാമത്തെ വലിയ പ്രളയമാണ്‌ കേരളത്തിലുണ്ടായതെന്നു പഠനം വിലയിരുത്തുന്നു. 54 ലക്ഷം പേരാണു പ്രത്യക്ഷമായും പരോക്ഷമായും ദുരിതം അനുഭവിച്ചത്‌. അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും വലിയ പ്രളയമുണ്ടായത്‌ ചൈനയിലാണ്‌. കാലാവസ്‌ഥാ ദുരന്തം മൂലം ഏഷ്യയില്‍ മാത്രം മരിച്ചത്‌ 7500-ല്‍ അധികം പേര്‍. 1660 കോടി രൂപയുടെ നഷ്‌ടം ഏഷ്യയിലുണ്ടായി.
ആഗോളതാപനം 2011-15 കാലഘട്ടത്തില്‍ 0.2 ഡിഗ്രിയായി വര്‍ധിച്ചു. അന്തരീക്ഷത്തിലെ ചൂടുകൂടുന്നതിന്‌ മുഖ്യ പങ്കുവഹിക്കുന്ന ഹരിതഗൃഹ വാതകങ്ങളില്‍ പ്രധാനിയായ കാര്‍ബണ്‍ ഡൈ ഒക്‌സൈഡിന്റെ അളവില്‍ 20 ശതമാനം വര്‍ധന. ഓരോ വര്‍ഷവും ഒരു മില്ലിമീറ്റര്‍ അളവില്‍ സമുദ്ര ജലനിരപ്പ്‌ ഉയരുന്നതായും പഠനം സൂചിപ്പിക്കുന്നു.

ലോകത്ത്‌ സംഭവിക്കുന്ന 90 ശതമാനം പ്രകൃതി ദുരന്തവും കാലാവസ്‌ഥയുമായി ബന്ധപ്പെട്ടതാണ്‌. മനുഷന്‍ പ്രകൃതിയില്‍ നടത്തുന്ന ഇടപെടലുകളാണ്‌ ദുരന്തത്തിന്റെ വ്യാപ്‌തി വര്‍ധിപ്പിക്കുന്നതെന്ന്‌ പഠനത്തില്‍ പറയുന്നു. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവ ഉദാഹരണം. അതിതീവ്ര കാലാവസ്‌ഥാ അനുഭവങ്ങള്‍ മൂലം അഞ്ചുവര്‍ഷത്തിനുള്ളില്‍ ലോകത്ത്‌ 42,260 കോടിയുടെ നാശനഷ്‌ടമുണ്ടായി. 21,000-ല്‍പരം ആളുകള്‍ കാലാവസ്‌ഥാ ദുരന്തങ്ങളില്‍ മരിച്ചു. കാലാവസ്‌ഥയുമായി ബന്ധപ്പെട്ട്‌ ഏറ്റവുമധികം മരണങ്ങള്‍ നടന്നത്‌ ഉഷ്‌ണതരംഗങ്ങള്‍ മൂലമാണ്‌. 8,900 പേരാണ്‌ ഇത്തരത്തില്‍ മരിച്ചത്‌.

Top