സ്വത്ത് മുഴുവന്‍ മക്കള്‍ക്ക് കൊടുത്തു; ഒടുവില്‍ അമ്മയെ ആക്രിസാധനങ്ങള്‍ സൂക്ഷിക്കുന്ന ചായ്പ്പില്‍ തള്ളി മക്കള്‍; ദയനീയ കാഴ്ച

തിരുവനന്തപുരം: മക്കള്‍ ആക്രിസാധനങ്ങള്‍ക്കൊപ്പം താമസിപ്പിച്ച അമ്മയ്ക്ക് റസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ തുണയായി. തിരുവനന്തപുരം പാലോട് പാപ്പനംകോട് വെങ്കിടഗിരി വീട്ടില്‍ തങ്കമ്മയെയാണ് മക്കള്‍ ടാര്‍പോളിന്‍ വലിച്ചുകെട്ടിയ ഷെഡില്‍ ആക്രിസാധനങ്ങള്‍ക്കൊപ്പം കിടത്തിയത്. ഭവന സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് പാപ്പനംകോട് റസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഈ ദയനീയ കാഴ്ച കണ്ടത്.

മകള്‍ക്ക് എഴുതിക്കൊടുത്ത പത്തു സെന്റിലെ വീടിന്റെ പിന്നാമ്ബുറത്ത് ടാര്‍പ്പോളിന്‍ വലിച്ചുകെട്ടിയ ഷെഡില്‍, പഴയ സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതിനു നടുവിലാണ് തങ്കമ്മ കഴിഞ്ഞിരുന്നത്. വസ്ത്രം പോലുമില്ലാതെയാണ് തങ്കമ്മ കിടന്നിരുന്നതെന്ന് ് റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. കൂടാതെ തങ്കമ്മയെ കിടത്തിയിരിക്കുന്നതിന്റെ അടുത്തായി ആള്‍മറയില്ലാത്ത ഒരു കിണറുമുണ്ട്.

ഈ ദയനീയ കാഴ്ച കണ്ട ഭാരവാഹികള്‍ ഉടന്‍ തന്നെ വിവരം പാലോട് പോലീസില്‍ അറിയിച്ചു. തങ്കമ്മയെ വീടിനുള്ളില്‍ കിടത്താന്‍ മകള്‍ക്ക് നിര്‍ദേശം നല്കിയെന്നും നിരീക്ഷിക്കുമെന്നും പോലീസ് അറിയിച്ചു.ഇവര്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പിനോട് അഭ്യര്‍ഥിച്ചതായും വീട്ടിലെത്തി ചികിത്സ നല്കുമെന്നും പോലീസ് വ്യക്തമാക്കി.

Top