ദീപികയ്ക്ക് തന്നെപ്പോലൊരു ഗുരുവിന്റെ ഉപദേശം ആവശ്യമാണ് – ബാബ രാംദേവ്

ഇന്ദോര്‍:ദീപിക പദുക്കോണ്‍, രാഷ്ട്രീയ-സാമൂഹിക അവബോധം വര്‍ദ്ധിപ്പിക്കണമെന്ന് യോഗാ ഗുരു ബാബ രാംദേവ്. അവര്‍ക്ക് ബാബ രാംദേവിനെപ്പോലെ ഒരു ഉപദേശകനെ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച വ്യാവസായികാവശ്യത്തിന് ഇന്ദോറില്‍ എത്തിയപ്പോഴായിരുന്നു രാം ദേവിന്റെ പ്രതികരണം.

ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ജനുവരി 5ന് ദീപിക ക്യാമ്ബസിലെത്തിയിരുന്നു. പിന്തുണയറിയിച്ച്‌ എത്തിയെങ്കിലും വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യാതെയാണ് ദീപിക മടങ്ങിയത്. പതിനഞ്ചുമിനിറ്റോളം വിദ്യാര്‍ഥികള്‍ക്കൊപ്പം ചെലവഴിച്ച ദീപിക വിദ്യാര്‍ഥി നേതാക്കളില്‍ ചിലരോട് സംസാരിച്ച ശേഷം മടങ്ങുകയായിരുന്നു.

സര്‍വകലാശാല ക്യാമ്ബസില്‍ മുഖംമൂടിധാരികള്‍ ആക്രമണം നടത്തിയതിന് പിന്നാലെയായിരുന്നു ദീപികയുടെ സന്ദര്‍ശനം. ആക്രമണത്തില്‍ പരിക്കേറ്റ സ്ററുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷുള്‍പ്പടെയുള്ള വിദ്യാര്‍ഥികള്‍ക്കൊപ്പം നില്‍ക്കുന്ന ദീപികയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പുതിയ ചിത്രമായ ‘ഛപാക്കി’ന്റെ പ്രചാരണത്തിനാണ് നടി ജെ.എന്‍.യു.വിലെത്തിയതെന്ന് ബി.ജെ.പി. നേതാക്കള്‍ പരിഹസിച്ചു. ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലും നടിയെ എതിര്‍ത്തും പിന്തുണച്ചും പോസ്റ്റുകള്‍ പ്രചരിച്ചു.

Top