അവരെ കൊന്നത് ഞാനാണ്, ചാനല്‍ ചര്‍ച്ചയില്‍ യുവാവിന്റെകുറ്റസമ്മതം, പിന്നാലെ പോലീസെത്തി അറസ്റ്റ് ചെയ്തു

ചണ്ഡിഗഢ്: ചാനല്‍ ചര്‍ച്ചയ്ക്കിടെ പത്തുവര്‍ഷം മുമ്ബ് രണ്ടുസ്ത്രീകളെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാര്‍ ഡ്രൈവറായ മനിന്ദര്‍ സിങ്ങാണ് പോലീസ് പിടിയിലായത്.

ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന സരബ്ജിത് കൗര്‍(27), രേണു എന്നീ യുവതികളെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. സരബ്ജിത്തിന് സഹോദരഭാര്യയുടെ സഹോദരനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയപ്പോള്‍ വകവരുത്തുകയായിരുന്നു. പരപുരുഷബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രേണുവിനെയും ഇയാള്‍ കൊലപ്പെടുത്തിയത്.

ചാനല്‍ പരിപാടി പുരോഗമിക്കവെ സ്റ്റുഡിയോയിലെത്തി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2010 ലാണ് രേണുവിനെ കൊലപ്പെടുത്തിയത്. ഈ കേസില്‍ ഹരിയാണ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കുറ്റവാളിയാണെന്ന് കണ്ടെത്തിയെങ്കിലും കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

ജാമ്യത്തിലിറങ്ങിയിരിക്കെയാണ് ഇയാള്‍ ചാനല്‍ ഷോയില്‍ സരബ്ജിത് കൗറിനെയും കൊലപ്പെടുത്തിയത് താനാണെന്ന കുറ്റസമ്മതം നടത്തിയത്. തുടര്‍ന്ന് പരിപാടിക്കിടെ പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ 10 വര്‍ഷം മുമ്ബാണ് സരബ്ജിത് കൗറിനെ കണ്ടെത്തിയത്. ഈ കേസില്‍ അന്വേഷണം വഴിമുട്ടി നില്‍ക്കുകയായിരുന്നു.

Top