ഇന്ത്യന്‍ കറന്‍സി രക്ഷപ്പെടണമെങ്കില്‍ നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെ ചിത്രം പതിക്കണം; ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.

ഭോപ്പാല്‍: നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെ ചിത്രം ഉള്‍പ്പെടുത്തിയാല്‍ ഇന്ത്യന്‍ കറന്‍സി രക്ഷപ്പെടുമെന്ന് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. ഇന്തോനേഷ്യയിലെ കറന്‍സി നോട്ടുകളില്‍ ഗണേശ ഭഗവാന്റെ ചിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഗണേശ ഭഗവാന്‍ തടസ്സങ്ങളെല്ലാം നീക്കുന്നുവെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

മധ്യപ്രദേശിലെ കണ്ട്വയില്‍ സ്വാമി വിവേകാന്ദ വ്യാഖാന്മാല പ്രഭാഷണം നടത്തുന്നതിനിടെയാണ് സുബ്രഹ്മണ്യന്‍ സ്വാമി ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെ ചിത്രം ഉള്‍പ്പെടുത്തിയാല്‍ രൂപയുടെ വില മെച്ചപ്പെട്ടേക്കും. അതാരും മോശമായി കാണേണ്ട കാര്യമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഇക്കാര്യത്തില്‍ മറുപടി പറയേണ്ടതെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
സത്യം പറയാത്ത മന്ത്രിമാരെയും ചില സുഹൃത്തുക്കളെയുമാണ് സാമ്ബത്തിക രംഗത്തെ വിഷയങ്ങളില്‍ നരേന്ദ്രമോഡി വിശ്വസിക്കുന്നതെന്നും പ്രതിസന്ധി തരണം ചെയ്യേണ്ടത് എങ്ങനെയാണെന്നതിനെപ്പറ്റി അവരൊന്നും പറയില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കറന്‍സിയില്‍ ലക്ഷ്മി ദേവിയുടെ ചിത്രം ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞത്.

Top