മൃതദേഹങ്ങള്‍ പള്ളികളില്‍ സംസ്‌കരിക്കുന്നതിനുള്ള ഓര്‍ഡിനന്‍സില്‍ ഇടപെടില്ല – സുപ്രീം കോടതി

ന്യൂഡല്‍ഹി: മലങ്കര സഭാ പള്ളികളില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഇടപെടില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മൃതദേഹങ്ങളോട് എല്ലവരും ആദരവ് കാണിക്കണം. മൃതദേഹം സംസ്‌കരിക്കുന്നത് ഏത് വികാരിയുടെ നേതൃത്വത്തില്‍ ആയിരിക്കണം എന്നത് കോടതിയുടെ വിഷയമല്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി.

മലങ്കര സഭാ കേസില്‍ 2017 ലെ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നില്ല എന്നാരോപിച്ച്‌ ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ബെഞ്ച് നിലപാട് വ്യക്തമാക്കിയത്. മലങ്കര സഭാ പള്ളികളില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് തടഞ്ഞത് മനുഷ്യാവകാശ ലംഘനം ആണെന്ന് ഇന്നലെ സുപ്രീം കോടതിയില്‍ ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടിയിരുന്നു. കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഫയല്‍ ചെയ്ത സത്യവാങ് മൂലത്തിലായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് മൃതദേഹങ്ങള്‍ കുടുംബ കല്ലറകള്‍ ഉള്ള പള്ളികളില്‍ സംസ്‌കരിക്കുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് എന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

എന്നാല്‍, സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് ഓര്‍ത്തോഡോക്‌സ് സഭ കോടതിയില്‍ വാദിച്ചു. 2017 ലെ മലങ്കര കേസിലെ വിധി പള്ളിയുടെ ഭരണവുമായി ബന്ധപ്പെട്ട വിഷയത്തിലാണ്. മറ്റുവിഷയങ്ങള്‍ കോടതിയുടെ പരിഗണനയില്‍ ഇല്ല. മൃതദേഹങ്ങളോട് അനാദരവ് തുടര്‍ന്നാല്‍ കോടതിയലക്ഷ്യ ഹര്‍ജി തള്ളുമെന്നും ജസ്റ്റിസ് മിശ്ര വ്യക്തമാക്കി. ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവര്‍ നല്‍കിയ മറുപടിയില്‍ അഭിപ്രായം അറിയിക്കാന്‍ ഓര്‍ത്തോഡോക്‌സ് സഭയ്ക്ക് കോടതി സമയം അനുവദിച്ചു. കോടതിയലക്ഷ്യ ഹര്‍ജി ഫെബ്രുവരി അവസാനം പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.

മലങ്കര സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട വിവാദങ്ങളിലെ അന്‍പത് ശതമാനത്തോളം പരിഹരിക്കാന്‍ തനിക്ക് കഴിഞ്ഞു. തനിക്കുശേഷം വരുന്നവര്‍ ബാക്കി അന്‍പത് ശതമാനം പരിഹരിക്കുമെന്നും അരുണ്‍ മിശ്ര അഭിപ്രായപ്പെട്ടു. സെപ്റ്റംബറിലാണ് ജസ്റ്റിസ് അരുണ്‍ മിശ്ര വിരമിക്കുന്നത്.

Top