ബത്തേരി സംഭവം: ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും

വയനാട്: പെണ്‍കുട്ടി ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്ത് അപകടമുണ്ടാക്കിയ സംഭവത്തില്‍ ബസിന്‍റെ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചു.

പ്രശ്നം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ ഗതാഗത കമ്മീഷണറോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ നടപടികള്‍ ആരംഭിച്ചത്.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.15 ഓടെ ബത്തേരിയിലായിരുന്നു സംഭവം. സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന സ്കൂള്‍ വിദ്യാര്‍ഥികളെ കയറ്റാതിരിക്കാനാണ് പെണ്‍കുട്ടി ഇറങ്ങുന്നതിന് മുന്‍പ് ബസ് മുന്നോട്ടെടുത്തത്. പെണ്‍കുട്ടി നിലത്തുവീണതോടെ പിന്നാലെയിറങ്ങിയ പിതാവ് ബസ് ജീവനക്കാരുടെ നടപടി ചോദ്യം ചെയ്തു. പിന്നിലെ വാതിലിലൂടെ ഇറങ്ങിയ പിതാവ് മുന്നിലെ വാതിലില്‍ കയറിനിന്നാണ് ജീവനക്കാരോട് തര്‍ക്കിച്ചത്. ഇതിനിടെ ബസ് മുന്നോട്ടെടുത്തപ്പോള്‍ കണ്ടക്ടര്‍ പെണ്‍കുട്ടിയുടെ പിതാവിനെ തള്ളിയിടുകയും പിന്നിലെ ചക്രം കാലിലൂടെ കയറിയിറങ്ങുകയുമായിരുന്നു.

തുടയെല്ല് പുറത്തുവന്ന നിലയില്‍ പെണ്‍കുട്ടിയുടെ പിതാവ് കാര്യമ്ബാടി സ്വദേശി ജോസഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

Top