നിര്‍ഭയയുടെ അമ്മയെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ച്‌ കോണ്‍ഗ്രസ്; രാഷ്ട്രീയത്തില്‍ താത്പര്യമില്ലെന്ന് ആശാദേവി

ന്യൂഡല്‍ഹി: നിര്‍ഭയയുടെ അമ്മ ആശാദേവിയെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ച്‌ കോണ്‍ഗ്രസ്. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആശാദേവി മത്സരിച്ചേക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദ് പറഞ്ഞു. ന്യൂഡല്‍ഹി മണ്ഡലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെതിരെ ആശാദേവിയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

എന്നാല്‍ താന്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ആശാദേവി മാധ്യമങ്ങളോട് പറഞ്ഞു. ഇത് സംബന്ധിച്ച്‌ കോണ്‍ഗ്രസിലെ ആരോടും താന്‍ സംസാരിച്ചിട്ടില്ല. എന്റെ മകള്‍ക്ക് നീതിയും കുറ്റവാളികള്‍ക്ക് വധശിക്ഷയുമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ആശാദേവി പറഞ്ഞു.

ആശാദേവിയെ കോണ്‍ഗ്രസിലെത്തിക്കുന്നതിലൂടെ ഡല്‍ഹി തെരഞ്ഞടുപ്പില്‍ അധികാരത്തില്‍ തിരിച്ചെത്താനാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ലോക്‌സഭാ തെരഞ്ഞടുപ്പിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞടുപ്പുകളിലെ വിജയവും കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. ശക്തമായ ത്രികോണമത്സരത്തിനാണ് ഇത്തവണ ഡല്‍ഹി വേദിയാവുക. നേരത്തെ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ ആം ആദ്മി പ്രചാരണം തുടങ്ങി. ബിജെപിയും 57 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

Top