കളിയിക്കവിള കൊലപാതകം: മുഖ്യ സൂത്രധാരന്‍ മെഹബൂബ് പാഷ പിടിയില്‍

ബംഗളൂരു : കളിയിക്കാവിളയില്‍ എ എസ് ഐ യെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയും ,അല്‍ ഉമ തലവനുമായ മെഹബൂബ് പാഷ പിടിയില്‍ . ബംഗളൂരു പൊലീസാണ് ഇയാളെ പിടികൂടിയത് . കൂട്ടാളികളായ ജബീബുള്ളയും, അജ്മത്തുള്ളയും, മന്‍സൂറും പിടിയിലായിട്ടുണ്ട്. അല്‍ ഉമ്മയുടെ 17 അംഗ സംഘമാണ് എഎസ്‌ഐയുടെ കൊലപാതകത്തിന്‍റെ ആസൂത്രണം നടത്തിയതെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു. ഈ സംഘത്തിന്‍റെ തലവനാണ് മെഹ്ബൂബ് പാഷ.

സംഭവത്തിനു ഭീകര ബന്ധമുള്ളതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു . തമിഴ്‌നാട് സ്വദേശികളായ സെയ്ദ് ഇബ്രാഹിം, അബ്ബാസ് എന്നിവരെ കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു . ബംഗളൂരുവില്‍ തീവ്രവാദ സംഘത്തെ പിടികൂടിയതിന് തിരിച്ചടി നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് വില്‍സണെ കൊലപ്പെടുത്തിയതെന്ന സംശയവും പൊലീസിനുണ്ട്. രാജ്യവ്യാപകമായി സ്‌ഫോടനത്തിന് പദ്ധതിയിട്ട തീവ്രവാദി സംഘത്തെയാണ് ബംഗളൂരുവില്‍ പിടികൂടിയത്. ഇതിന് എവിടെയെങ്കിലും തിരിച്ചടി നല്‍കുക എന്ന ഉദ്ദേശ്യമായിരുന്നു എഎസ്‌ഐയെ വെടിവെക്കുന്നതില്‍ കലാശിച്ചതെന്നാണ് നിഗമനം. കൊലപാതകത്തിന് പിന്നില്‍ തിരുവിതാംകോട് സ്വദേശി അബ്ദുല്‍ ഷമീം, തൗഫിഖ് എന്നിവരാണെന്ന് പൊലീസ് തിരിച്ചറിഞ്ഞതോടെയാണ് ലക്ഷ്യം വ്യക്തമായത്.

കളിയിക്കാവിളയില്‍ എഎസ്‌ഐയെ വെടിവെച്ച്‌ കൊന്ന കേസിലെ മുഖ്യപ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി. അബ്ദുള്‍ ഷെമീം, തൗഫീക്ക്‌ എന്നിവര്‍ക്കെതിരെയാണ് യുഎപിഎ ചുമത്തിയത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു.

Top