രാഹുല്‍ ഗാന്ധിക്കെതിരെ ‘പപ്പുഗിരി’ പരാമര്‍ശം; അധ്യാപകനെതിരെ നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി

മുംബൈ ∙ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച്‌ ഫെയ്സ്ബുക്കില്‍ വിഡിയോ പോസ്റ്റ് ചെയ്ത മുംബൈ സര്‍വകലാശാല പ്രഫസര്‍ യോഗേഷ് സോമനെതിരെ വൈകാതെ നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്. അക്കാദമി ഒാഫ് തിയറ്റര്‍ ആര്‍ട്സ് ഡിപാര്‍ട്ട്മെന്റ് ഡയറക്ടറായ യോഗേഷ് സോമന് സര്‍വകലാശാല കഴിഞ്ഞ ദിവസം നിര്‍ബന്ധിത അവധി നല്‍കിയിരുന്നു. അതിനു പിന്നാലെയാണ് സര്‍ക്കാര്‍ നടപടി വരുന്നത്.

‘അധ്യാപകന്‍ രാഹുല്‍ ഗാന്ധിക്കെതിരെ നിന്ദ്യമായ പ്രസ്താവന നടത്തി. വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുക, ഇത്തരം പ്രസ്താവനകള്‍ നടത്താതിരിക്കുക എന്നതാണ് ഒരു അധ്യാപകന്റെ ജോലി. യോഗേഷിനെ നിര്‍ബന്ധിത അവധി നല്‍കിയിട്ടുണ്ട്. ഉടന്‍ തന്നെ അധ്യാപകനെതിരെ നടപടിയെടുക്കും’അനില്‍ ദേശ്മുഖ് പറഞ്ഞു.

താന്‍ സവര്‍ക്കറല്ല, രാഹുല്‍ ഗാന്ധിയാണെന്ന രാഹുലിന്റെ പ്രസംഗത്തിലെ പരാമര്‍ശത്തിനെതിരെയാണ് പ്രഫസര്‍ െഫെയ്സ്ബുക്കില്‍ വിഡിയോ പോസ്റ്റ് ചെയ്തത്. ”താങ്കള്‍ സവര്‍ക്കര്‍ അല്ലെന്നു പറഞ്ഞതു ശരി തന്നെ. അദ്ദേഹത്തിന്റെ മൂല്യങ്ങളൊന്നും താങ്കളിലില്ല. അതോടൊപ്പം, ഗാന്ധിയെന്നു വിളിക്കപ്പെടാനുള്ള കഴമ്ബൊന്നും താങ്കള്‍ക്കുമില്ല. ‘പപ്പുഗിരി’യെ അപലപിക്കുന്നു”- ഇതായിരുന്നു പ്രഫസര്‍ യോഗേഷ് സോമന്റെ പരാമര്‍ശം.

Top