ഉദ്ഘാടന വേദിയില്‍ മന്ത്രിയും എംപിയും തമ്മില്‍ വാക്‌ പോര്, ഒടുവില്‍ ഇറങ്ങിപ്പോക്ക്

ഉദ്ഘാടന വേദിയില്‍ മന്ത്രി ടി പി രാമകൃഷ്ണനും കൊടിക്കുന്നില്‍ സുരേഷ് എം പിയും തമ്മില്‍ വാക്ക് പോര്. കൊല്ലം നെടിയവിള ഇ എസ് ഐ ഡിസ്പെന്‍സറിയുടെ ഉദ്ഘാടന വേദിയില്‍വെച്ചാണ് മന്ത്രിയും എംപിയും തമ്മില്‍ പരസ്പരം തര്‍ക്കിച്ചത്. എംപി പ്രസംഗം തുടരുന്നതിനിടെ മന്ത്രി വേദിയില്‍ നിന്നിറങ്ങി പോവുകയും ചെയ്തു.

എംപിയുടെ സൗകര്യം പോലും ചോദിക്കാതെ ഉദ്‌ഘാടന പരിപാടി വെക്കുകയായിരുന്നു എന്ന് കൊടിക്കുന്നില്‍ സുരേഷ് പരാതി പറഞ്ഞു . എങ്കിലും എം പി ഓഫീസില്‍ കിട്ടിയ കത്ത് പ്രകാരം പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തി. എന്നാല്‍ വേദിയില്‍ എം പിക്കായി സീറ്റ് ഒരുക്കിയിരുന്നില്ല. മന്ത്രി ടി പി രാമകൃഷ്ണന്റെ ഉദ്‌ഘാടന പ്രസംഗം കഴിഞ്ഞയുടനെ കൊടിക്കുന്നില്‍ സുരേഷ് തന്റെ പ്രതിഷേധം അറിയിച്ചു തുടങ്ങി. താന്‍ കേന്ദ്രമന്ത്രി ആയിരിക്കെ ആണ് ഡിസ്പെന്‍സറിക്കായി ശ്രമം തുടങ്ങിയതെന്ന് എം പി പറഞ്ഞു.

ഇടതുപക്ഷ സര്‍ക്കാര്‍ ഇതിനായി ഒന്നും ചെയ്തിട്ടില്ലെന്നുള്ള എം പിയുടെ പരാമര്‍ശം മന്ത്രി ടി പി രാമകൃഷ്ണനെ ചൊടിപ്പിച്ചു. എം പിയെ വിലക്കാന്‍ മന്ത്രി ശ്രമിച്ചെങ്കിലും പ്രസംഗം തുടര്‍ന്ന എം പിക്ക് മുന്നിലൂടെ മന്ത്രി ടി പി രാമകൃഷ്ണന്‍ ഇറങ്ങിപ്പോവുകയായിരുന്നു.

Top