വിഎസ് അച്യുതാനന്ദന്‍ അത്യാസന്ന നിലയിലെന്ന വ്യാജവാര്‍ത്തയുമായി എംഫ്‌ളിന്റ് മീഡിയ ചാനല്‍; നിയമ നടപടി

സിപിഎം മുതിര്‍ന്ന നേതാവും കേരള ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദനെതിരെ വ്യാജ വാര്‍ത്ത. വിഎസിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന വാര്‍ത്തയാണ് എംഫ്‌ളിന്റ് മീഡിയ എന്ന പേരിലുള്ള യൂട്യൂബ് ചാനല്‍ നല്‍കിയത്.

വിഎസ് അച്യുതാനന്ദന്‍ അത്യാസന്ന നിലയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണെന്നും മെഡിക്കല്‍ ഉപകരണങ്ങളുടെ സഹായത്തോടെയാണ് വിഎസിന്റെ ജീവന്‍ നിലനിര്‍ത്തുന്നതെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്.

വാര്‍ത്തക്കെതിരെ വിഎസുമായി ബന്ധപ്പെട്ടവര്‍ രംഗത്തെത്തിയിട്ടും വാര്‍ത്ത പിന്‍വലിക്കാന്‍ എംഫ്ളിന്റ് മീഡിയ ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസം വിഎസിനെ വീട്ടില്‍ പോയി സന്ദര്‍ശിച്ചവര്‍ വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിഎസിന്റെ പേഴ്സണല്‍ സെക്രട്ടറി വാര്‍ത്തക്കെതിരായി ഡിജിപിക്ക് പരാതി നല്‍കുമെന്ന് അറിയിച്ചു.

വാര്‍ത്തയ്ക്കെതിരെ വിഎസിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എ സുരേഷും രംഗത്തെത്തി. താന്‍ ഇന്നലെയും വിഎസിനൊപ്പം അദ്ദേഹത്തിന്റെ വീട്ടില്‍ ഉണ്ടായിരുന്നു. വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്നും സുരേഷ് ഫേസ്ബുക്കില്‍ ആവശ്യപ്പെടുന്നുണ്ട്.

Top