ഈ കുഞ്ഞില്ലായിരുന്നെങ്കില്‍ നിന്റെ കൂടെ വരാന്‍ ഒരു ബുദ്ധിമുട്ടും എനിക്ക് ഇല്ലായിരുന്നു ;ജനിപ്പിച്ച് പോയി ഇവനെ..!!ശരണ്യയെ കുറിച്ച് കാമുകന്റെ മൊഴി

കാമുകന്റെ പ്രേരണയിലാണ് എല്ലാം ചെയ്തതെന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയ ശരണ്യ പൊലീസിന് മൊഴി നല്‍കി. ഭീഷണിപ്പെടുത്തിയാണ് തന്നെ നിധിന്‍ വരുതിയിലാക്കിയത്. ഇതിനായി ഫേസ്‌ബുക്കിലെ ഫോട്ടോ എടുത്ത് മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്. കൂടാതെ എപ്പോഴും പണം ആവശ്യപ്പെട്ടിരുന്നു. കാലിലെ കൊലുസ്സാണ് ആദ്യം ചോദിച്ചത്. പിന്നീട് പലപ്പോഴും പണം ആവശ്യപ്പെടാന്‍ തുടങ്ങിയപ്പോഴാണ് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചത് എന്നുമാണ് ശരണ്യ പൊലീസിന് നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ കാമുകനായ നിധിനെ പൊലീസ് കഴിഞ്ഞ അഞ്ച് മണിക്കൂറായി ചോദ്യം ചെയത് വരികയാണ്.

ഇന്ന് ഉച്ചയോടെയാണ് ശരണ്യയെ പൊലീസ് കോടതിയുടെ അനുമതിയോടെ കസ്റ്റഡിയില്‍ വാങ്ങിയത്. സ്റ്റേഷനില്‍ വച്ച്‌ നടത്തിയ ചോദ്യം ചെയ്യലില്‍ ആണ് എല്ലാത്തിനും കാരണക്കാരന്‍ വാരത്തെ കാമുകന്‍ ആണ് എന്ന് ശരണ്യ മൊഴി നല്‍കിയത്. സ്റ്റേഷനില്‍ ഭര്‍ത്താവ് പ്രണവ് എത്തിയിരുന്നു. പ്രണവിനെ കണ്ടപ്പോള്‍ തനിക്ക് ആരുമില്ലാതായി എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു. ഇതിന് ശേഷമാണ് പൊലീസിന്് നിധിനെതിരെ മൊഴി നല്‍കിയത്. ഇതോടെ നിധിനെ വീണ്ടും പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനില്‍ വച്ച്‌ നിധിന് നേരെ പ്രണവ് ആക്രോശിച്ചു കൊണ്ട് പാഞ്ഞടുത്തു. എന്റെ കുടുംബം തകര്‍ത്തു കളഞ്ഞല്ലോടാ എന്ന് പറഞ്ഞായിരുന്നു നിധിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. ഇതോടെ പൊലീസും സുഹൃത്തുക്കളും വേഗം പ്രണവിനെ തടഞ്ഞതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ നടന്നില്ല.

നിധിന്‍ നല്‍കിയ മൊഴിയും ശരണ്യ നല്‍കിയ മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ട്. അതിനാലാണ് മണിക്കൂറുകളായി നിധിനെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. ഇതിന്റെ ആശ്വാസത്തിലായിരുന്നു നിധിന്‍. എന്നാല്‍ ഇന്ന് ശരണ്യ നിധിനെതിരെ മൊഴി നല്‍കിയതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. കൊലപാതകത്തില്‍ നിധിന്റെ പങ്ക് വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. അങ്ങനെയാണെങ്കില്‍ ഇന്ന് രാത്രി തന്നെ നിധിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ട്. കണ്ണൂര്‍ സിറ്റി പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ആര്‍ സതീശന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നു വരുന്നത്. ശരണ്യയേയും നിധിനേയും വെവ്വേറെ മുറികളില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്.

കഴിഞ്ഞ ദിവസം നിധിനെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. കൊലപാതകം നടക്കുന്നതിന് തലേന്ന് ശരണ്യയുടെ വീടിന് സമീപം ഇയാളെ കണ്ടു എന്ന് പരിസരവാസി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ നിധിന്‍ ബൈക്കില്‍ പുലര്‍ച്ചെ ഒന്നര മണിയോടെ യാത്ര ചെയ്യുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും നോട്ടീസ് നല്‍കി ചോദ്യം ചെയ്തത്. ശനിയാഴ്ച നോട്ടീസ് നല്‍കിയിട്ടും ഹാജരാകാതിരുന്നതോടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങളിലേക്ക് നീങ്ങും എന്ന പൊലീസ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇന്നലെ വൈകുന്നേരം ഇയാള്‍ പൊലീസിന് മുന്നില്‍ ഹാജരായത്. മൂന്ന് മണിക്കൂറിലധികം ഇയാളെ ചോദ്യം ചെയ്തു.

പുലര്‍ച്ചെ ഒന്നര മണിക്ക് എന്തിനാണ് ശരണ്യയുടെ വീട്ടില്‍ എത്തിയത് എന്ന ചോദ്യമായിരുന്നു പൊലീസ് ആദ്യം നിധിനോട് ചോദിച്ചത്. ശരണ്യയും താനും ചേര്‍ന്ന് സഹകരണ ബാങ്കില്‍ നിന്നും എടുക്കാന്‍ ശ്രമിച്ച ലോണിന്റെ ഡോക്യുമെന്റ്‌സ് കൈമാറാന്‍ എത്തിയതായിരുന്നു എന്നാണ് നിധിന്‍ മറുപടി നല്‍കിയത്. മറ്റാരും അറിയാതിരിക്കാനാണ് ഈ സമയത്ത് എത്തിയത് എന്നും ഇയാള്‍ പറഞ്ഞു.

പല രീതിയില്‍ ചോദ്യം ചെയ്തിട്ടും ഇയാള്‍ പറഞ്ഞ മൊഴിയില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു. കുഞ്ഞിന്റെ കൊലപാതകം താന്‍ മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞത്, ഒരിക്കല്‍ പോലും ശരണ്യ കുട്ടിയെ കൊലപ്പെടുത്തുന്ന കാര്യം തന്നോട് പറഞ്ഞിരുന്നില്ല. എന്നാല്‍ ഒരിക്കല്‍ കുഞ്ഞില്ലായിരുന്നെങ്കില്‍ തന്റെ കൂടെ വരാന്‍ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു എന്നും പറഞ്ഞിരുന്നതായും നിധിന്‍ പറഞ്ഞിരുന്നു.

Top