മോദി സ്തുതി:ജസ്റ്റിസ് അരുണ്‍ മിശ്ര രാജിവെയ്ക്കണമെന്ന് ആവശ്യം!

ന്യൂഡെല്‍ഹി:ദ്വിദിന രാജ്യന്തര ജുഡിഷ്യല്‍ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന ചടങ്ങില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര പ്രധാനമന്ത്രിയെ കുറിച്ച്‌ പറഞ്ഞ കാര്യങ്ങള്‍ വിവാദമാകുന്നു.ജസ്റ്റിസ് അരുണ്‍ മിശ്ര രാജിവെയ്ക്കണം എന്ന് ആവശ്യപെട്ട് ആള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയന്‍ രംഗത്ത്.

അരുണ്‍ മിശ്രയുടെ വാക്കുകള്‍ ജുഡീഷറിയുടെ കീഴ്വഴക്കങ്ങള്‍ ലംഘിക്കുന്നതാണെന്ന് ആള്‍ ഇന്ത്യാ ലൊയെഴ്സ് യൂണിയന്‍ പറയുന്നു.അതുകൊണ്ട് തന്നെ ജസ്റ്റിസ് അരുണ്‍ മിശ്ര രാജിവെച്ച്‌ കൊണ്ട് തന്‍റെ പദവിയുടെ അന്തസ് നിലനിര്‍ത്തണമെന്നാണ് ലോയേഴ്സ് യൂണിയന്റെ ആവശ്യം.ലോയേഴ്സ് യൂണിയന്‍ അഖിലേന്ത്യാ അധ്യക്ഷന്‍ പി വി സുരേന്ദ്രനാഥ്‌ ജസ്റ്റിസ് അരുണ്‍ മിശ്ര രാജിവെയ്ക്കണമെന്ന് പ്രസ്താവനയിലൂടെ ആവശ്യപെട്ടു.രാജ്യത്തെ ജുഡിഷ്യല്‍ മേഖലയില്‍ കേട്ട് കേള്‍വി ഇല്ലാത്ത വിധത്തിലാണ് ഒരു ഭരണാധികാരിയെ ജസ്റ്റിസ് പ്രശംസിച്ചത് അത് ജഡീഷ്യറിയുടെ വിശ്വസ്യതയെ പോലും സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്നതിന് കാരണമാകുമെന്നും പ്രസ്ഥാവനയില്‍ അഡ്വ.പിവി സുരേന്ദ്രനാഥ്‌ പറയുന്നു.
രാജ്യന്തര ജുഡിഷ്യല്‍ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന ചടങ്ങില്‍ കാലഹരണപ്പെട്ട 1500 ഓളം നിയമങ്ങള്‍ ഒഴിവാക്കിയതിന് പ്രധാനമന്ത്രിയെയും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനെയും ജസ്റ്റിസ് മിശ്ര അഭിനന്ദിച്ചു. സുപ്രിംകോടതിയില്‍ സീനിയോറട്ടിയില്‍ മൂന്നാമനാണ് ജസ്റ്റിസ് അരുണ്‍ മിശ്ര.

‘ ആഗോളതലത്തില്‍ ചിന്തിക്കുകയും തദ്ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ദീര്‍ഘദര്‍ശിയാണ് മോദി. മോദിയുടെ നേതൃത്വത്തില്‍ ലോകത്തിലെ ഏറ്റവും ഉത്തരവാദിത്തമുള്ള സൗഹൃദ പൂര്‍ണമായ രാജ്യമായി ഇന്ത്യ മാറി. രാജ്യസുരക്ഷ, വികസനം, പ്രകൃതി സംരക്ഷണം എന്നിവയ്ക്കും അദ്ദേഹം പ്രധാന്യം നല്‍കുന്നു. ഇതിനെല്ലാം മോദിയോട് നന്ദി പറയണമെന്നും’ അരുണ്‍ മിശ്ര പറഞ്ഞു.പ്രധാനമന്ത്രിയെ കൂടാതെ, ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസ് എല്‍ നാഗേശ്വര റാവു, അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍, വിവിധ ഹൈക്കോടതി ജഡ്ജിമാര്‍, 24 വിദേശ രാജ്യങ്ങളില്‍നിന്നുള്ള ജഡ്ജിമാര്‍, അഭിഭാഷകര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Top