കനത്ത മഴയും, തിരുവനന്തപുരത്ത് വെള്ളപ്പൊക്കം, വ്യാപക കൃഷിനാശം

തലസ്ഥാന ജില്ലയില്‍ ഇന്നലെ രാത്രിമുതല്‍ ആരംഭിച്ച കനത്ത മഴയില്‍ പല ഭാഗത്തും വെള്ളം കയറി. നഗരഹൃദയത്തിലും ഉള്‍നാടന്‍ പ്രദേശങ്ങളിലും ഉള്‍പ്പെടെ വീടുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ജില്ലയിലെ മലയോരമേഖലകളില്‍ ഇപ്പോഴും മഴ തുടരുകയാണ് .വൃഷ്ടിപ്രദേശത്തുണ്ടായ കനത്ത മഴയില്‍ അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നു. ഇതോടെ കരമനയാറിലും കൈവഴികളിലും ജലനിരപ്പ് ഉയര്‍ന്നു. ആറിന്റെ കരകളിലെ വീടുകളും കൃഷിസ്ഥലങ്ങളും റോഡുകളും വെള്ളത്തിനടിയിലായി.

തിരുവനന്തപുരം നഗരത്തിലെ അട്ടക്കുളങ്ങര ബൈപ്പാസ്,​ ചാലക്കമ്ബേളത്തിലേക്കുള്ള റോഡ് എന്നിവയും സമീപത്തെ കരിമഠം കോളനി,​ ബണ്ട് കോളനി എന്നിവിടങ്ങളിലെ വീടുകളും വെള്ളത്തിനടയിലായി. അട്ടക്കുളങ്ങര ബൈപ്പാസ് റോഡില്‍ എസ്.കെ.പി ജംഗ്ഷനില്‍ ബൈപ്പാസില്‍ മുട്ടോളം വെള്ളം ഉയര്‍ന്നിട്ടുണ്ട്. ഇവിടെ നിന്ന് കരിമഠം കോളനിയിലേക്കുള്ള റോഡും വെളളത്തിനടിയിലാണ്.ഇവിടങ്ങളില്‍ നിന്ന് താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ ജില്ലാ ഭരണകൂടത്തിന്റെയും നഗരസഭയുടെയും നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. നിര്‍മ്മാണത്തിലിരിക്കുന്ന കഴക്കൂട്ടം – കാരോട് ബൈപ്പാസില്‍ ഈഞ്ചയ്ക്കലുള്‍പ്പെടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന പല സ്ഥലങ്ങളും വെള്ളത്തില്‍ മുങ്ങി. നഗരത്തിലും റൂറല്‍ മേഖലകളിലും മരങ്ങള്‍ കടപുഴകി വീണും വ്യാപകമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. തമ്ബാനൂര്‍,​ പട്ടം,​ ഉള്ളൂര്‍ എന്നിവിടങ്ങളിലും ആറ്റിങ്ങല്‍, കോരാണി, തോന്നയ്ക്കല്‍ ഭാഗങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് വ്യാപക നാശമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. വൈദ്യുതി ലൈനുകള്‍ക്കും ചില കെട്ടിടങ്ങള്‍ക്കും തകരാറുകളുണ്ടായി. വെള്ളം കയറിയ വീടുകളിലും മരം കടപുഴകിയ സ്ഥലങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിന് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയുടെ കിഴക്കന്‍ മേഖലയായ കാട്ടാക്കട, നെടുമങ്ങാട്, കുറ്റിച്ചല്‍ പ്രദേശങ്ങളില്‍ റോഡുകളും കൃഷിയിടങ്ങളും വെള്ളത്തിലായിട്ടുണ്ട്. നെയ്യാറിലെ ജലനിരപ്പും ആശങ്കാജനകമാംവിധം ഉയര്‍ന്നിട്ടുണ്ട്. അരുവിക്കര ഡാമിന്റെ നാല് ഷട്ടറുകള്‍ 1.2 സെ.മി വീതവും ഒരു ഷട്ടര്‍ 1 സെ.മീയും ഉയര്‍ത്തിയെങ്കിലും മഴ തുടരുന്നതിനാല്‍ ഡാമിലെ ജലനിരപ്പില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. ഇതേപടി മഴതുടര്‍ന്നാല്‍ നെയ്യാറിന്റെ ഷട്ടറുകളും ഇന്നുച്ചയോടെ തുറക്കുമെന്നാണ് സൂചന. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണ്. അടുത്ത മൂന്നുമണിക്കൂറില്‍ വീണ്ടും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ആറിന്റെ കരകളിലും താഴ്ന്ന സ്ഥലങ്ങളിലും കഴിയുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്രാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

Top