കര്‍ണാടകത്തിലും ഡല്‍ഹിയിലും മദ്യ വില്‍പ്പന കുത്തനെ ഇടിഞ്ഞു

കൊവിഡിനുശേഷം മദ്യവില കുത്തനെ കൂട്ടിയതോടെ ഡല്‍ഹിയിലും കര്‍ണാടകത്തിലും മദ്യവില്പന വന്‍തോതില്‍ കുറഞ്ഞു. ലോക്ക് ഡൗണിനെത്തുടര്‍ന്നുണ്ടായ സാമ്ബത്തിക പ്രശ്നങ്ങള്‍ മറികടക്കാമെന്ന പ്രതീക്ഷയിലാണ് മദ്യത്തിന്റെ വില കൂട്ടിയത്. എന്നാലിത് സര്‍ക്കാരുകള്‍ക്ക് തിരിച്ചടിയിലായിരിക്കുകയാണ്. കച്ചവടം വന്‍തോതില്‍ കുറഞ്ഞിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ലോക്ക്ഡൗണ്‍മൂലം വരുമാനം കുറഞ്ഞതിനാല്‍ പലരുടെയും കൈയില്‍ മദ്യം വാങ്ങാന്‍ പണമില്ലാത്തതാണ് പ്രധാന പ്രശ്നം. കര്‍ണാടകത്തില്‍ മദ്യവിലയില്‍ 21 മുതല്‍ 31ശതമാനം വരെ യാണ് കൂട്ടിയത്.

വില കൂട്ടിയതിനു പിന്നാലെ കര്‍ണാടകത്തില്‍ മദ്യ വില്‍പനയില്‍ അറുപതുശതമാനമാണ് ഇടിവുണ്ടായത്. ആദ്യദിവസങ്ങളില്‍ വില്പന നന്നായി ഉയര്‍ന്നശേഷമാണ് കുത്തനെ താഴേക്ക് പോയത്. സംസ്ഥാനത്ത് ആകെയുള്ള 10,050 മദ്യവില്പനശാലകളില്‍ 4,880 എണ്ണം മാത്രമേ തുറന്നിട്ടുള്ളു.

ഡല്‍ഹിയിലും കാര്യങ്ങള്‍ സമാന രീതിയില്‍ തന്നെയാണ്. കച്ചവടം പകുതിയിലേറെ കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നതോടെ ഇനി കച്ചവടം ഉയരുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. കേരളത്തിലും മദ്യത്തിന്റെ നികുതി കൂട്ടിയിരിക്കുകയാണ്. പക്ഷേ, മദ്യവില്പനശാലകള്‍ ഇതുവരെ തുറന്നിട്ടില്ല.

Top