ബംഗാളില്‍ സര്‍വനാശം വിതച്ച് ഉംപുന്‍

പശ്ചിമ ബംഗാളിന്റെ ചരിത്രത്തിലെ വലിയ ദുരന്തം സൃഷ്ടിച്ചാണ് ഉംപുന്‍ കടന്നുപോയത്. സംസ്ഥാനത്ത് 100 വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ ചുഴലിക്കാറ്റാണിത്.1970ല്‍ ഉണ്ടായ ചുഴലിക്കാറ്റാണ് ബംഗാളില്‍ ഇതുവരെ ഏറ്റവും നാശം വിതച്ചത്. ഇതിന്റെ പലമടങ്ങ് നാശമാണ് ഇപ്പോള്‍ ഉണ്ടായത്. പതിനായിരങ്ങളെ നേരിട്ടു ബാധിച്ച ചുഴലിക്കാറ്റ് ഇതുവരെ 72 പേരുടെ ജീവന്‍ കവര്‍ന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നും ബംഗാള്‍ സാധാരണസ്ഥിതിയിലേക്ക് തിരിച്ചെത്താന്‍ ദിവസങ്ങളെടുക്കുമെന്നും അധികൃതര്‍ പറഞ്ഞു.

ബംഗാളില്‍ ഒരു ലക്ഷം കോടിയുടെ നഷ്ടമെങ്കിലും ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. മണിക്കൂറില്‍ 190 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ കാറ്റ് സംസ്ഥാനത്തെ ആറ് ജില്ലയില്‍ വലിയ നാശനഷ്ടങ്ങളുണ്ടാക്കി. വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. കൊല്‍ക്കത്ത വിമാനത്താവളത്തിലെ ഹാങ്കറില്‍ വെള്ളം കയറി. പോസ്റ്റുകള്‍ ഒടിഞ്ഞുവീണ് വൈദ്യുതി നിലച്ചു. ആയിരത്തഞ്ഞൂറിലധികം മൊബൈല്‍ഫോണ്‍ ടവര്‍ തകര്‍ന്നു. നാലായിരത്തിലധികം മരം കടപുഴകി. കാര്‍ഷികവിളകള്‍ നശിച്ചു. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് തിരികെയെത്തി ക്യാമ്ബുകളില്‍ കഴിയുന്ന കുടിയേറ്റത്തൊഴിലാളികളെയും ഉംപുന്‍ സാരമായി ബാധിച്ചു. ‘ഇങ്ങനെയൊരു ദുരന്തം എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല. ഇത് സര്‍വനാശമായിരുന്നു. പ്രകൃതിയുടെ താണ്ഡവമായിരുന്നു’–-മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു.

കൊല്‍ക്കത്ത നഗരം നിശ്ചലമാണ്. നിരവധി ഗ്രാമങ്ങള്‍ ഇപ്പോഴും പൂര്‍ണമായും വെള്ളത്തിനടിയിലാണ്. അഞ്ചു ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചെങ്കിലും ആയിരങ്ങള്‍ അപകടമേഖലയില്‍ കുടുങ്ങിക്കിടക്കുകയാണ്. റോഡുകള്‍പോലും ഒലിച്ചുപോയ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനായില്ല. വൈദ്യുതക്കമ്ബികള്‍ പൊട്ടിവീണാണ് മരണമേറെയും. കോവിഡ് പടര്‍ന്നുപിടിക്കുന്നതിനിടെ ചുഴലിക്കാറ്റ് കൂടി എത്തിയതോടെ സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലായി. ആളുകളെ മാറ്റിത്താമസിപ്പിക്കുമ്ബോള്‍ സാമൂഹിക അകലമടക്കം പാലിക്കാന്‍ കഴിയാതെ വന്നത് രോഗവ്യാപനം കൂടുതല്‍ രൂക്ഷമാക്കാനും വഴിയൊരുക്കാനുമുള്ള സാധ്യതയുണ്ട്. ഏറ്റവും കൂടുതല്‍ കോവിഡ് മരണനിരക്കുള്ള സംസ്ഥാനമാണ് ബംഗാള്‍.

Top