പൃഥ്വിരാജും സംഘവും കൊച്ചിയിലെത്തി; ഇനി ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക്

കൊറോണ വ്യാപനവും ലോക്ക്ഡൗണും മൂലം ജോര്‍ദാനില്‍ കുടുങ്ങിയ പൃഥ്വിരാജും ‘ആടുജീവിതം’ ടീമും കൊച്ചിയിലെത്തി. 8.59 ന് കൊച്ചി നെടുമ്ബാശേരി വിമാനത്താവളത്തിലാണ് എത്തിയത്. എയര്‍ ഇന്ത്യ ഫ്ളെെറ്റ് നമ്ബര്‍: 1902 ല്‍ ആണ് പൃഥ്വിരാജും സംഘവും എത്തിയത്. ഡല്‍ഹിയില്‍ നിന്ന് രാവിലെ 7.15 നാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചിയിലേക്ക് പുറപ്പെട്ടത്. അമാനില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ശേഷമാണ് കൊച്ചിയിലേക്ക് പുറപ്പെട്ടത്. ജോര്‍ദാനില്‍ നിന്ന് കൊച്ചിയിലെത്തിയ പൃഥ്വിരാജ് അടക്കമുള്ള യാത്രക്കാര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം അനുസരിച്ച്‌ ക്വാറന്റെെനില്‍ കഴിയണം.ജോര്‍ദാനില്‍ നിന്നുള്ള പ്രവാസികളുമായി ഇന്നലെയാണ് എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. ഇതില്‍ പൃഥ്വിരാജും സംഘവും ഉള്‍പ്പെടുന്നതായും അവര്‍ നാട്ടിലേക്ക് തിരിച്ചതായും ജോര്‍ദാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു. 187 പേരാണ് വിമാനത്തില്‍ ഇന്ത്യയിലേക്ക് തിരിച്ചത്. ‘ആടുജീവിതം’ സിനിമയുടെ 58 അംഗ സംഘവും ഇതിലുള്‍പ്പെട്ടിരുന്നു. ഇവര്‍ ഫോര്‍ട്ടു കൊച്ചിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കായിരിക്കും പോകുക. പെയ്ഡ് ക്വാറന്റൈനിലേക്കാണ് ഇവര്‍ പോകുക. പൃഥ്വിരാജ് വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണോ എന്ന് വ്യക്തമല്ല. അദ്ദേഹം എയര്‍പോര്‍ട്ടില്‍ നിന്നും തനിയെ കാറോടിച്ചാണ് പോകുന്നത്.

രണ്ടു മാസത്തിലേറെയായി ജോര്‍ദാനിലയിരുന്നു പൃഥ്വിരാജ്. വലിയ കാന്‍വാസിലുള്ള ‘ആടുജീവിത’മെന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നായകന്‍ പൃഥ്വിരാജ് ഉള്‍പ്പടെയുള്ളവര്‍ ജോര്‍ദാനില്‍ എത്തിയപ്പോഴാണ് ലോകം മുഴുവന്‍ അടച്ചിടാനുള്ള തീരുമാനം ഉണ്ടായത്. തുടര്‍ന്നു സിനിമയുടെ ചിത്രീകരണം നിന്ന് പോവുകയും ചെയ്തിരുന്നു. ഇവരെ എങ്ങനെയെങ്കിലും നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെങ്കിലും ഫലം കണ്ടില്ല. കുറച്ചു ദിവസം ഷൂട്ടിങ് മുടങ്ങിയെങ്കിലും സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുകയായിരുന്നു അണിയറപ്രവര്‍ത്തകര്‍. ജോര്‍ദാനില്‍ കര്‍ഫ്യൂ ഇളവ് നല്‍കിയതോടെയാണ് ഷൂട്ടിങ്ങ് തീര്‍ക്കാന്‍ കഴിഞ്ഞത്. ബെന്യാമിന്റെ കഥയെ ആസ്‌പദമാക്കിയുള്ള സിനിമയാണ് ബ്ലസിയുടെ ‘ആടുജീവിതം’. ബെന്യാമിന്‍ രചിച്ച ‘ആടുജീവിതം’ പുസ്‌തകം ഏറെ വിറ്റഴിക്കപ്പെട്ട ഒന്നാണ്.

Top