സംസ്ഥാനത്ത് ബെവ്കോ വെയര്‍ ഹൗസുകള്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം

സംസ്ഥാനത്ത് ബെവ്കോ വെയര്‍ ഹൗസുകള്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം. മൊബൈല്‍ ആപ്പ് വഴി മദ്യം വിതരണം ചെയ്യുന്നതിന് മുന്നോടിയായാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്. റീട്ടെയില്‍ ഷോപ്പുകളില്‍ നിന്ന് ആവശ്യമായ കാര്യങ്ങള്‍ ശേഖരിക്കാനും, ലേബല്‍ മദ്യക്കുപ്പികളില്‍ ഒട്ടിക്കാനുമാണ് നിര്‍ദേശം.

പൊലീസ് സാന്നിദ്ധ്യത്തില്‍ ലോഡിറക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകരെ വെയര്‍ ഹൗസിലെ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോ​ഗിക്കാനും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. സംസ്ഥാനത്തെ മദ്യവില്‍പന ശാലകള്‍ തുറക്കാന്‍ അനുമതി നല്‍കി കൊണ്ട് കഴിഞ്ഞയാഴ്ചയാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഓണ്‍ലൈന്‍ ക്യൂ സംവിധാനം നടപ്പാക്കി വേണം മദ്യവില്‍പന നടത്താനെന്നും ഇതിനുള്ള മൊബൈല്‍ ആപ്പും മറ്റു സാങ്കേതിക സംവിധാനങ്ങളും തയ്യാറാവുന്ന മുറയ്ക്ക് മദ്യവില്‍പന ആരംഭിക്കാമെന്നുമാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്.

സംസ്ഥാനത്തെ 301 ബെവ്കോ – കണ്‍സ്യൂമര്‍ഫെഡ് വില്‍പനശാലകള്‍ വഴിയും സ്വകാര്യ ബാറുകള്‍ – വൈന്‍ പാര്‍ലറുകള്‍ എന്നിവ വഴിയും മദ്യം പാഴ്സാലായി വില്‍ക്കാമെന്നും എന്നാല്‍ എല്ലായിടത്തേയും മദ്യവില്‍പന പൂ‍ര്‍ണമായും ഓണ്‍ലൈന്‍ വഴിയായിരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് രാവിലെ ഒമ്ബത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാക്കി മദ്യവില്‍പന ശാലകളുടെ പ്രവര്‍ത്തന സമയം സംസ്ഥാന സ‍ര്‍ക്കാര്‍ പുനക്രമീകരിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ മദ്യവില്‍പന പൂ‍ര്‍ണമായും ഓണ്‍ലൈന്‍ വഴിയായിരിക്കുമെന്ന് അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top