ആഭ്യന്തര വിമാനങ്ങളില്‍ വരുന്നവര്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധം; ആരോഗ്യ മന്ത്രി കെകെ ശൈലജ

ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആഭ്യന്തര വിമാനങ്ങളില്‍ എത്തുന്നവരും ക്വാറന്റൈനില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. മെയ് 25 മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പുറത്ത് നിന്നും കേരളത്തില്‍ എത്തുന്നവര്‍ നിര്‍ബന്ധമായും 14 ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണമെന്നും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കെകെ ശൈലജ വ്യക്തമാക്കി. നേരത്തെ ആഭ്യന്തര വിമാനങ്ങളില്‍ എത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞിരുന്നു.

വിമാന, ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങുമ്ബോള്‍ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടാന്‍ സാധ്യതയുണ്ടെന്നും മന്ത്രി കെകെ ശൈലജ ചൂണ്ടിക്കാട്ടി. ‘മറ്റ് സ്ഥലങ്ങളില്‍ നിന്ന് വരരുതെന്ന് മലയാളികളോട് പറയാന്‍ സാധിക്കില്ല’. റെഡ് സോണുകളില്‍ നിന്ന് വരുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കുമെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണിലുള്ളവരെ യാത്രയ്ക്ക് അനുവദിക്കില്ല. അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു ഒരാള്‍ കൂടി മരിച്ചിരുന്നു. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കദീജക്കുട്ടിയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി. തൃശൂര്‍ സ്വദേശിയായ കദീജക്കുട്ടി തിങ്കളാഴ്ചയാണ് മുംബൈയില്‍ നിന്നും റോഡ് മാര്‍ഗം കേരളത്തിലെത്തിയത്. കേരളത്തില്‍ ഇതുവരെ 690 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

Top