ലോക്ക് ഡൗണ്‍ ലംഘനം വ്യാപകം; സംസ്ഥാനങ്ങള്‍ക്ക് വീണ്ടും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലഘൂകരിക്കുന്നതിനെതിരേ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.

തീവ്രബാധിത മേഖലകളിലടക്കം ലംഘനം നടക്കുന്നുണ്ടെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും എല്ലാ അധികാരികളും ഇത് ഉറപ്പാക്കേണ്ടതുണ്ടെന്നും സംസ്ഥാ ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല അയച്ച കത്തില്‍ ആവര്‍ത്തിച്ച്‌ വ്യക്തമാക്കി. രാജ്യത്തൊട്ടാകെയുള്ള ലോക്ക് ഡൗണ്‍ നിയമലംഘനങ്ങളുടെ റിപോര്‍ട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ചതിനെത്തുടര്‍ന്നാണ് പുതിയ കത്തയച്ചിരിക്കുന്നത്.

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്‌ രാത്രി 7 മുതല്‍ രാവിലെ 7 വരെ കര്‍ഫ്യൂ നിലനില്‍ക്കുകയാണ്. അതില്‍ യാതൊരു ഇളവും വരുത്തിയിട്ടില്ല. രാത്രികാലങ്ങളിലെ കര്‍ഫ്യൂ പാലിക്കപ്പെടുന്നില്ലെന്നും സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രതകാട്ടണമെന്നും കത്തില്‍ ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടു. റെഡ്‌സോണുകളില്‍ അവശ്യസേവനങ്ങളല്ലാത്തവ കേന്ദ്രസര്‍ക്കാര്‍ വിലക്കിയിരിക്കുകയാണ്.

എന്നാല്‍, റെഡ്, ഓറഞ്ച് മേഖലകളിലെ കണ്ടെയ്‌മെന്റ്, ബഫര്‍ സോണുകള്‍ ജില്ലാ അധികൃതര്‍ക്ക് നിശ്ചയിക്കാം. കണ്ടെയ്‌മെന്റ് സോണുകളില്‍ വീടുതോറുമുള്ള നിരീക്ഷണവും കോണ്‍ടാക്‌ട് ട്രെയ്‌സിങ്ങും സംസ്ഥാനങ്ങള്‍ ശക്തമായി തുടരേണ്ടത് ആവശ്യമാണെന്നും ഭല്ല വ്യക്തമാക്കി.

Top