സര്‍ക്കാര്‍ നിര്‍ദേശപ്രകാരം രാത്രി കട തുറന്ന ഉടമക്കെതിരെ പൊലീസ് കേസെടുത്തു

പെരുന്നാള്‍ പ്രമാണിച്ച്‌​ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം രാത്രി കട തുറന്ന ഉടമക്കെതിരെ പൊലീസ് കേസെടുത്തതായി പരാതി. മുതുവണ്ണാച്ച ജി.ജി.സി സൂപ്പര്‍ മാര്‍ക്കറ്റ് മാനേജര്‍ നാഗത്ത് റിയാസിനെതിരെയാണ് കേരള പകര്‍ച്ചവ്യാധി നിരോധന നിയമ പ്രകാരം കേസെടുത്തത്.

വെള്ളിയാഴ്‌ച്ച രാത്രി 8. 30നാണ് പേരാമ്ബ്ര പൊലീസ് കടയില്‍ വന്ന് അടക്കാനാവശ്യപ്പെടുകയും കേസെടുക്കുകയും ചെയ്​തത്. എന്നാല്‍, പെരുന്നാള്‍ പ്രമാണിച്ച്‌ വെള്ളി, ശനി ദിവസങ്ങളില്‍ അവശ്യസാധന കടകള്‍ തുറക്കുന്ന സമയം രാത്രി ഒമ്ബത്​ വരെ നീട്ടിയതായി സര്‍ക്കാര്‍ അറിയിപ്പുണ്ടായിരുന്നു. ഇത് പൊലീസിന്‍െറ ശ്രദ്ധയില്‍ അപ്പോള്‍ തന്നെ പെടുത്തിയെങ്കിലും തങ്ങള്‍ക്ക് അങ്ങനെയൊരുത്തരവ് ലഭിച്ചിട്ടില്ലെന്നാണ് പറഞ്ഞതത്രെ.

ശനിയാഴ്​ച രാവിലെ പേരാമ്ബ്ര സ്​റ്റേഷനില്‍ പോയി കാര്യം ധരിപ്പിച്ചപ്പോള്‍ എഫ്.ഐ.ആര്‍ ഇട്ടതുകൊണ്ട് കേസൊഴിവാക്കാന്‍ കഴിയില്ലെന്ന നിലപാടാണ് എടുത്തതെന്നും മാനേജര്‍ പറഞ്ഞു.

Top