ഒരു വര്‍ഷത്തിനുള്ളില്‍ യു.ഡി.എഫില്‍ വിള്ളലുണ്ടാകുമെന്ന് ഇ.പി ജയരാജന്‍

ഒരു വര്‍ഷത്തിനുള്ളില്‍ യു.ഡി.എഫില്‍ വിള്ളലുണ്ടാകുമെന്ന് വ്യവസായമന്ത്രി ഇ.പി ജയരാജന്‍. കൊവിഡ് കഴി‌ഞ്ഞാല്‍ കേരളത്തിലെ മുന്നണി ബന്ധങ്ങളില്‍ മാറ്റമുണ്ടാകും. യു.ഡി.എഫില്‍ നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളിലും മുന്നണിക്കും മാറ്റമുണ്ടാകുമെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.

ഇതുവരെ എതിര്‍ചേരിയില്‍ നിന്നിരുന്ന ജനങ്ങള്‍ മാറിവരികയാണ്. അത്തരമൊരു മാറ്റം സംഭവിക്കുമ്ബോള്‍ സ്വാഭാവികമായും രാഷ്ട്രീയ പാര്‍ട്ടികളിലും ആ മാറ്റമുണ്ടാകും ജനങ്ങള്‍ പിണറായി സര്‍ക്കാരിനൊപ്പമാണ്. എല്ലാ ജനവിഭാഗങ്ങളുടെയും താത്പര്യം സംരക്ഷിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദേഹം പറഞ്ഞു.

അന്ധമായ കമ്യൂണിസ്റ്റ് വിരോധത്തിന് ഇനി കേരളത്തില്‍ നിലനില്‍പ്പില്ല. ഞങ്ങള്‍ എല്ലാ ജനങ്ങള്‍ക്കും വേണ്ടി ഞങ്ങളുടെ വാതിലുകള്‍ തുറന്നുവച്ചിട്ടുണ്ട്. ഞങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടി മാത്രം ഭരിക്കുന്ന ഒരു സര്‍ക്കാരല്ല. ഈ സര്‍ക്കാര്‍ നടത്തുന്ന മികച്ച പ്രവര്‍ത്തനം പ്രതിപക്ഷത്തെ അസ്വസ്ഥമാക്കുന്നു.അടിസ്ഥാനമില്ലാത്ത ആരോപണവുമായി വരുന്ന പ്രതിപക്ഷത്തോട് സര്‍ക്കാരിന് ഒന്നേ പറയാനുള്ളൂ. ഈ മഹാമാരിയെ നേരിടുന്നതിന് എങ്കിലും സര്‍ക്കാരിന് ഒപ്പം നില്‍ക്കാന്‍ പ്രതിപക്ഷം തയ്യാറാകണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.

Top