ഷംനയെ ഭീഷണിപ്പെടുത്തിയവര്‍ തന്നെയും വിളിച്ചിരുന്നു; വെളിപ്പെടുത്തലുമായി ധര്‍മജന്‍

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ തന്നെയും വിളിച്ചെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. കൊച്ചി കമ്മിഷണര്‍ ഓഫിസില്‍ മൊഴിനല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയാണ് തട്ടിപ്പു നടത്തിയ ആള്‍ക്ക് തന്റെ നമ്ബര്‍ കൊടുത്തതെന്ന് ധര്‍മജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഷംനയുടെയും മിയയുടെയും നമ്ബറുകള്‍ പ്രതികള്‍ തന്നോട് ആവശ്യപ്പെട്ടിരുന്നതായും ധര്‍മജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ലോക്ക്‌ഡൗണ്‍ കാലത്താണ് തനിക്കു ഫോണ്‍ കോള്‍ വന്നതെന്നും ധര്‍മജന്‍ വ്യക്തമാക്കി.

തട്ടിപ്പില്‍ സിനിമാ മേഖലയ്ക്കുള്ള ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ധര്‍മജനെ വിളിപ്പിച്ച്‌ മൊഴിയെടുത്തത്. സിനിമ മേഖലയ്‌ക്കുള്ള ബന്ധം അന്വേഷിക്കുമെന്ന് ഐജി വിജയ് സാഖറെ നേരത്തെ പറഞ്ഞിരുന്നു. ധര്‍മജന്‍ ഉള്‍പ്പെടെ സിനിമാ മേഖലയില്‍നിന്നുള്ള മൂന്നുപേരുടെ മൊഴിയാണ് ഇന്നു രേഖപ്പെടുത്തുന്നത്. ധര്‍മജന്റെ ഫോണ്‍ നമ്ബര്‍ പ്രതികളില്‍നിന്ന് കണ്ടെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് ധര്‍മജനെ മൊഴിയെടുക്കാന്‍ വിളിച്ചുവരുത്തിയത്. നടി ഷംന കാസിം ഇന്നു കൊച്ചിയിലെത്തിയിട്ടുണ്ട്. ഹെെദരബാദിലായിരുന്നു ഷംന.

അഷ്‌കര്‍ അലി എന്നു പരിചയപ്പെടുത്തിയയാളാണ് തന്നെ വിളിച്ചതെന്ന് ധര്‍മജന്‍ പറയുന്നു. “സ്വര്‍ണക്കടത്തിന്റെ ആള്‍ക്കാരാണെന്നും സെലിബ്രെറ്റികളെ ഉപയോഗിച്ച്‌ സ്വര്‍ണം കടത്തുന്നവരാണെന്നും പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ കണക്കുകളും പറഞ്ഞു. ലോക്ക്‌ഡൗണ്‍ സമയത്ത് തമാശയ്‌ക്ക് വിളിക്കുന്നവരാണെന്നാണ് കരുതിയത്. അതിനാല്‍ കാര്യമായെടുത്തില്ല. പിന്നീട് നടിമാരായ ഷംന കാസിമിന്റെയും മിയയുടെയും നമ്ബറുകള്‍ ചോദിക്കുകയായിരുന്നു,” ധര്‍മജന്‍ പറഞ്ഞു.

“ഷംനയെയും മിയയെയും പരിചയപ്പെടുത്തി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ആകെ രണ്ടോ മൂന്നോ തവണയാണ് വിളിച്ചത്. എന്നാല്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞതോടെ അവര്‍ വിളിച്ചിരുന്ന നമ്ബര്‍ സ്വിച് ഓഫ് ആയി. പിന്നീട് വിളിച്ചിട്ടില്ല.”-ധര്‍മജന്‍ ബോള്‍ഗാട്ടി പറഞ്ഞു.

അതേസമയം, ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം തുടരുകയാണ്. പ്രതികള്‍ക്കെതിരേ സ്വര്‍ണക്കടത്ത് ആരോപണങ്ങളും ഉയര്‍ന്നതോടെ കസ്റ്റംസും പോലീസില്‍നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ട്. നിലവില്‍ സ്വര്‍ണക്കടത്തിന് തെളിവ് ലഭിച്ചിട്ടില്ല. അന്വേഷണം തൃപ്തികരമാണെന്നാണ് ഷാംനയുടെ മാതാപിതാക്കള്‍ പറയുന്നത്.

Top