കേരളത്തില്‍ വീണ്ടും ലോക്ഡൗണിലേക്കു പോകേണ്ട സാഹചര്യമാണെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ സമൂഹ വ്യാപനം നടന്നു കഴിഞ്ഞതായി ഐഎംഎ. രോഗലക്ഷണങ്ങളില്ലാത്ത രോഗികള്‍ വര്‍ധിക്കുന്നതും രോഗികളെ ചികിത്സിക്കാത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കുപോലും രോഗം വരുന്നതും രോഗലക്ഷണങ്ങളില്ലാതെ മറ്റു സംസ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് രോഗം ബാധിക്കുന്നതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. സമൂഹവ്യാപനത്തിലേക്ക് കടക്കുമ്ബോള്‍ രോഗ നിയന്ത്രണം എളുപ്പമാകില്ല. ടെസ്റ്റുകള്‍ വര്‍ധിപ്പിച്ച്‌ രോഗികളെ വേഗം കണ്ടെത്തണം. ഇതിനോടൊപ്പം തന്നെ നിയന്ത്രണങ്ങള്‍ ശക്തമാക്കണം.സംസ്ഥാനത്ത് ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തണമെന്നും ഐഎംഎ വ്യക്തമാക്കുന്നു.

വീണ്ടും ലോക്ഡൗണിലേക്കു പോകേണ്ട സാഹചര്യമാണ് കേരളത്തിലുള്ളത്. ഇളവുകള്‍ നിര്‍ത്തി നിയമം കര്‍ശനമാക്കണം. ഇളവുകള്‍ പലരും തെറ്റായി ഉപയോഗിച്ചു. കോവിഡ് വരില്ല എന്ന വിചാരത്തിലാണ് ജനങ്ങള്‍. നിയന്ത്രണം കര്‍ശനമാക്കിയാലേ ആ ചിന്ത മാറുകയുള്ളൂ. ജനങ്ങള്‍ ഉത്തരവാദിത്തതോടെ പെരുമാറേണ്ട ഘട്ടമാണിതെന്നും ഐഎംഎ വ്യക്തമാക്കുന്നു.

Top