ചെന്നിത്തല എന്ന ഗ്രാമം പ്രസിദ്ധമായത് രമേശ് ചെന്നിത്തലയിലൂടെയല്ല ; രമേശ് ചെന്നിത്തലയുടെ കുടുംബക്കാരുടെയും ആർ.എസ്.എസിന്റെയും അയിത്തത്തിലൂടെയാണ്.; സുജാതാ മാധവൻ എഴുതുന്നു.

രമേശ് ചെന്നിത്തലയുടെ സംഘബന്ധം അറിയാൻ ചെന്നിത്തലയിൽ വരെ പോയാൽ പോരെ ? രമേശ് ചെന്നിത്തലയുടെ ആർ.എസ്.എസ്. ബന്ധമറിയാൻ ചാനലുകളായ ചാനലുകളിൽ ചർച്ച നടക്കുന്നു. ചർച്ചയിലെ അവതാരകൻ തൃശൂർ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ഉള്ളവർ. ചർച്ചയിൽ പങ്കെടുക്കുന്ന ബിജെപി പ്രതിനിധികൾ പാലക്കാടും കണ്ണൂരും ഒക്കെയുള്ളവർ. ചർച്ചയിൽ പങ്കെടുക്കുന്ന സി.പി.ഐ. (എം) പ്രതിനിധികൾ കോഴിക്കോടും പാലക്കാടും കണ്ണൂരും ഉള്ളവർ. കോൺഗ്രസ്സുകാർ ആണെങ്കിൽ ഇടുക്കിയും എറണാകുളവും ഒക്കെ. ഈ ചർച്ചയ്ക്ക് നിദാനമായ വിഷയത്തെ കുറിച്ച് അറിയുവാൻ ചെന്നിത്തല എന്ന സ്ഥലത്തിന്റെ പത്ത് കിലോമീറ്റർ പോലും ചുറ്റളവിൽ ഇല്ലാത്ത ആളുകൾ പരസ്പരം ചർച്ച നടത്തിയിട്ടു എന്തിന്? ചാനലുകൾ ആ മൈക്ക് നീട്ടേണ്ടത് ചെന്നിത്തല നിവാസികൾക്ക് നേരെയാണ്. അവർ പറയും ചെന്നിത്തലയുടെ ചരിത്രം. രമേശ് ചെന്നിത്തലയുടെ ചരിത്രവും അതിനോടൊപ്പം നമുക്ക് കേൾക്കാൻ കഴിയും.

ചെന്നിത്തല ക്ഷേത്രം

ചെന്നിത്തല ക്ഷേത്രം (ഫയൽ ചിത്രം)

യഥാർത്ഥത്തിൽ ‘ചെന്നിത്തല’ എന്ന സ്ഥലം പ്രസിദ്ധമാവുന്നത് രമേശ് ചെന്നിത്തലയിലൂടെയാണോ ? കെ. കരുണാകരന്റെ പെട്ടി ചുമക്കൽ ജോലിയുണ്ടായിരുന്ന ചെന്നിത്തലക്കാരൻ ഹിന്ദി മാഷ് ഇന്നത്തെ രമേശ് ചെന്നിത്തല ആവുന്നതിനു മുൻപ് തന്നെ ചെന്നിത്തല എന്ന സ്ഥലം പ്രസിദ്ധമായിരുന്നു. ‘കുപ്രസിദ്ധി’ ആയിരുന്നു എന്ന് പറയുന്നതാണ് ശരി. അതിനു കാരണം ചെന്നിത്തലയിൽ നിലനിന്നിരുന്ന അയിത്തമായിരുന്നു. ചെന്നിത്തലയിലെ ദേവസ്വം ബോർഡിന് കീഴിലുള്ള മേജർ ക്ഷേത്രമായ മഹാദേവർ ക്ഷേത്രവും അതിനു ചുറ്റുപറ്റി നിന്നിരുന്ന ചില ‘അനാചാരങ്ങളുമാണ്’ ചെന്നിത്തല എന്ന നാടിനെ കുപ്രസിദ്ധിയിലേക്ക് നയിച്ചത്.
ഒരുകാലത്ത് ചെന്നിത്തല-തൃപ്പെരുന്തുറ മഹാദേവ ക്ഷേത്രത്തിലെ കുളത്തിൽ ഇറങ്ങാൻ അവർണ്ണർക്ക് കഴിയില്ലായിരുന്നു. അങ്ങനെ ഇറങ്ങുന്ന അവർണരെ മർദ്ദിക്കുക എന്നതായിരുന്നു അവിടെ നിലനിന്നിരുന്ന രീതി. ക്ഷേത്രമുറ്റത്ത് ഉണ്ടായിരുന്ന ആർ.എസ്.എസും ആർ.എസ്.എസിന്റെ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന വനിതകളുടെ ‘പ്രാർത്ഥനാ സംഘം’ എന്ന മുഖമൂടി അണിഞ്ഞ പൗർണമി സംഘവും ഉണ്ടായിരുന്നു. ആ പൗർണ്ണമി സംഘത്തിന് നേതൃത്വം കൊടുത്തിരുന്നത് ഇന്നത്തെ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയുടെ ‘അമ്മയായ ദേവകിയമ്മ ആയിരുന്നു. ഒരിക്കൽ പിന്നോക്ക വിഭാഗത്തിലെ ചില കുട്ടികൾ വിലക്ക് ലംഘിച്ച് ക്ഷേത്രക്കുളത്തിൽ ഇറങ്ങി കുളിക്കുകയും ആ കുട്ടികളെ ആർ.എസ്.എസുകാരും പൗർണ്ണമി സംഘവും ചേർന്ന് മൃഗീയമായി തല്ലിച്ചതയ്ക്കുകയും ചെയ്തു.

ചെന്നിത്തല ക്ഷേത്രക്കുളം (ഫയൽ ചിത്രം)

ആ സംഭവം സി.പി.ഐ. എമ്മിന്റെ നേതൃത്വത്തിൽ ഒരു ജനകീയ പ്രതിഷേധമായി ഉയർന്നു വന്നു. ആഞ്ഞടിച്ച പ്രതിഷേധത്തിന്റെ ഭാഗമായിരുന്ന അച്യുതക്കുറുപ്പ് എന്ന സി.പി.ഐ. (എം) പ്രവർത്തകനെ ആർ.എസ്.എസുകാർ കൊലപ്പെടുത്തുകയും ചെയ്തു. തുടർന്ന് പ്രതിഷേധം ശക്തമാവുകയും ക്ഷേത്രത്തിൽ നിലനിന്നിരുന്ന അയിത്തം അവസാനിപ്പിക്കുകയും ചെയ്തു. അതിനെ തുടർന്നാണ് ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത് സി.പി.ഐ. എമ്മിന്റെ ഉറച്ച കോട്ടയായി മാറിയതും.
ദേവകിയമ്മയുടെ മകൻ കുറേക്കാലങ്ങൾക്ക് ശേഷം കെ. കരുണാകരന്റെ പെട്ടി ചുമക്കാലുകാരനായി പോയി ആ വഴി എം.എൽ.എ.യും എം.പി.യും ഒക്കെയായി. കായംകുളം, മാവേലിക്കര, തിരുവല്ല, ചെങ്ങന്നൂർ, തുടങ്ങിയ സ്ഥലങ്ങൾ എല്ലാം ചേർന്ന പാർലമെന്റ് മണ്ഡലമായ മാവേലിക്കരയിൽ നിന്ന് എം.പി. ആയെങ്കിലും മൂന്നാം തവണ അതെ മണ്ഡലത്തിൽ പരാജയപ്പെട്ടു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരിക്കൽ പോലും രമേശ് ചെന്നിത്തല സ്വന്തം മണ്ഡലമായ ചെങ്ങന്നൂരിൽ നിന്ന് ജനവിധി തേടിയിട്ടില്ല. പഴയ അയിത്തത്തിന്റെയും കലാപങ്ങളുടെയും സമരങ്ങളുടെയും അഗ്നി ചെന്നിത്തലയിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും മനസ്സിൽ ഉള്ളതിനാൽ സ്വന്തം മണ്ഡലത്തിൽ മത്സരിച്ചാൽ പരാജയപ്പെടുമെന്ന് രമേശ് ചെന്നിത്തലയുടെ തിരിച്ചറിവാണ് തൊട്ടപ്പുറത്തുള്ള ഹരിപ്പാട് മണ്ഡലത്തിലേക്കുള്ള രമേശ് ചെന്നിത്തലയുടെ ചേക്കേറലിന്‌ പിന്നിലുള്ള രഹസ്യം.

ചെന്നിത്തല ക്ഷേത്രത്തിലെ കുളപ്പുര (ഫയൽ ചിത്രം)

രമേശ് ചെന്നിത്തല വലിയ കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവും ആഭ്യന്തര മന്ത്രിയും ഒക്കെ ആയെങ്കിലും സ്വന്തം കുടുംബങ്ങളിലെ ആളുകൾ മുഴുവൻ ബിജെപി പ്രവർത്തകർ ആണെന്നതാണ് സത്യം. രമേശ് ചെന്നിത്തല മാത്രം കോൺഗ്രസിലും. ഹരിപ്പാട് മണ്ഡലത്തിൽ രമേശ് ചെന്നിത്തല കടന്നു കൂടുന്നതും ഇതേ ആർ.എസ്.എസ്. ബന്ധം ഒന്നുകൊണ്ട് മാത്രമാണ്. സ്വന്തം കുടുംബത്തിലുള്ള ആർ.എസ്.എസ്. ബന്ധങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനുള്ള ചവിട്ടു പടിയായി ഉപയോഗിക്കുന്നു എന്നാണ് കോൺഗ്രസ്സിലെ മറുഗ്രൂപ്പിന്റെ ആരോപണം. അതിനു തെളിവായി അവർ ചൂണ്ടിക്കാണിക്കുന്നത് ടി.പി. സെൻകുമാറിനെ ഡി.ജി.പി.യായി നിയമിച്ചതിനെയാണ്. മറ്റൊരാൾക്ക് ലഭിക്കേണ്ടിയിരുന്ന ഡി.ജി.പി. സ്ഥാനമാണ് സെൻകുമാറിന്റെ തലയിൽ രമേശ് ചെന്നിത്തല ചാർത്തിക്കൊടുത്തത്. വിരമിക്കലിനു ശേഷമുള്ള സെൻകുമാറിന്റെ നിലപാടും ജല്പനങ്ങളും മറ്റും രമേശ് ചെന്നിത്തലയുടെ ആർ.എസ്.എസ്. ബന്ധത്തിനുള്ള തെളിവാണ് എതിർ വിഭാഗം ചൂണ്ടിക്കാണിക്കുന്നു. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന സമയത്താണ് കേരള പോലീസിൽ ഉൾപ്പടെ ആർ.എസ്.എസിന്റെ പിടിമുറുക്കൽ കൂടിയത്. ആർ.എസ്.എസുകാരായ ഉദ്യോഗസ്ഥരെ സുപ്രധാന സ്ഥാനങ്ങളിൽ നിയമിച്ച് ആർ.എസ്.എസിനോടുള്ള വിധേയത്വം രമേശ് ചെന്നിത്തല പ്രകടിപ്പിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ആർ.എസ്.എസുകാരുടെ കേസുകൾ എഴുതി തള്ളിയതും രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രി ആയിരുന്ന കാലത്താണ്. വധശ്രമക്കേസ് ഉളപ്പടെയുള്ള കേസുകൾ ഇതിൽ പെടുന്നു.
അതുകൊണ്ടാണ് ചെന്നിത്തല എന്ന ഗ്രാമം പ്രസിദ്ധമായത് രമേശ് ചെന്നിത്തലയിലൂടെ അല്ലെന്നും രമേശ് ചെന്നിത്തലയുടെ കുടുംബക്കാരുടെ ഉൾപ്പടെ സവർണ്ണ മേധാവിത്വത്തിനെതിരെയുള്ള സമരങ്ങളിലൂടെയാണ് എന്നും ഞങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

Top