മത്സ്യത്തൊഴിലാളികള്‍ ഇല്ലായിരുന്നെങ്കില്‍ ഇതിലേറെ ജീവനുകള്‍ നഷ്ടപ്പെട്ടേനെ; പ്രകൃതി ദുരന്തങ്ങളുടെ ആഘാതം താങ്ങാന്‍ ശേഷിയുള്ള പുതിയ കേരളം നിര്‍മ്മിക്കും; ജനീവയില്‍ മുഖ്യമന്ത്രി

ജനീവ: ജനീവയില്‍ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ നടന്ന രാജ്യാന്തര പുനഃനിര്‍മ്മാണ സമ്മേളനത്തില്‍ കേരളത്തെ പ്രളയാനന്തരം പുനഃനിര്‍മ്മിക്കുന്നതിനെ കുറിച്ച്‌ സംസാരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകൃതി ദുരന്തങ്ങളുടെ ആഘാതം താങ്ങാന്‍ ശേഷിയുള്ള പുതിയ കേരളം നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരള പുനഃനിര്‍മ്മാണം കര്‍മ്മപദ്ധതിയായി നടപ്പാക്കും. പ്രകൃതിസൗഹൃദ നിര്‍മ്മാണം, നദീജല സംരക്ഷണം, പ്രളയത്തിനൊപ്പം ജീവിക്കുകയും അതിജീവിക്കുകയും ചെയ്യുന്ന ശൈലി എന്നിവയാണു മുഖ്യഘടകങ്ങളെന്ന് പിണറായി വിശദീകരിച്ചു.

കേരളത്തില്‍ കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ വെള്ളപ്പൊക്കത്തില്‍ സമയോചിത ഇടപെടല്‍ നടത്തി സംസ്ഥാനത്തിന്റെ രക്ഷകരായ മത്സ്യത്തൊഴിലാളികളെ കുറിച്ചും പിണറായി സമ്മേളനത്തില്‍ വിവരിച്ചു. നൂറ്റാണ്ടിന്റെ പ്രളയത്തില്‍ 453 മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ സമയോചിത ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ ഇതിലുമേറെ ജീവനുകള്‍ നഷ്ടപ്പെടുമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും വെള്ളപ്പൊക്കവും കൊടുങ്കാറ്റും കൂടുതലുണ്ടാകുന്ന ഈ കാലഘട്ടത്തില്‍ മുന്നറിയിപ്പു സംവിധാനങ്ങളുടെ പ്രാധാന്യം വലുതാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ചീഫ് സെക്രട്ടറി ടോം ജോസ്, കേരള പുനഃനിര്‍മ്മാണ പദ്ധതി സിഇഒ ഡോ. വി വേണു, വ്യവസായ സെക്രട്ടറി കെ ഇളങ്കോവന്‍, ദുരന്തനിവാരണ അതോറിറ്റി മെമ്ബര്‍ സെക്രട്ടറി ഡോ.ശേഖര്‍ കുര്യാക്കോസ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Top