ശിവസേന പിളര്‍പ്പിലേക്ക്?

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് അധികാരമേറ്റതിന് പിന്നാലെ ശിവസേനയിലും തര്‍ക്കങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്.

ബിജെപിയുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിട്ട ശിവസേന കോണ്‍ഗ്രസും എന്‍സിപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപികരിക്കാന്‍ ശ്രമം നടത്തിയത്പാര്‍ട്ടിയില്‍ ഒരു വിഭാഗം നേതാക്കള്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല.

ഈ സാഹചര്യത്തില്‍, ശിവസേന തലവന്‍ ഉദ്ദവ് താക്കറെയ്ക്കെതിരെ പാര്‍ട്ടിയില്‍ എതിര്‍ സ്വരം ഉയരുകയാണ്.

പാര്‍ട്ടി ഉയര്‍ത്തി പിടിച്ചിരുന്ന മൂല്യങ്ങളും രാഷ്ട്രീയവും ബലികഴിച്ച്‌ കൊണ്ടുള്ള നിലപാടാണ് ഉദ്ദവ് സ്വീകരിച്ചതെന്നാണ് അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ ആരോപിക്കുന്നത്.

അജിത്‌ പവറിന്‍റെ നേതൃത്വത്തില്‍ എന്‍സിപിയിലെ ഒരു വിഭാഗം ബിജെപിയുമായി ചേര്‍ന്നതോടെ ബിജെപിയ്ക്ക് സര്‍ക്കാര്‍ രൂപികരണം സാധ്യമാകുകയായിരുന്നു.

ഈ സാഹചര്യത്തില്‍ ശിവസേനയില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്. ഫഡ്നാവിസ് സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടുമ്ബോള്‍ അദ്ദേഹത്തെ പിന്തുണയ്ക്കണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്.

പാര്‍ട്ടി ഉയര്‍ത്തി പിടിക്കുന്ന ഹിന്ദുത്വം ഉപേക്ഷിക്കുന്നതിന് പോലും ഉദ്ദവ് തയാറായെന്നാണ് ഇവരുടെ കുറ്റപ്പെടുത്തല്‍.

എന്‍ഡിഎയുടെ ഭാഗമായി ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കുകയും കേന്ദ്രമന്ത്രി സഭയില്‍ ഇടം നേടുകയും ചെയ്ത ശിവസേന മഹാരാഷ്ട്രയില്‍ ഉദ്ദവ് താക്കറെയെ മുഖ്യമന്ത്രിയാക്കുന്നതിനു വേണ്ടി എന്‍ഡിഎ ബന്ധം ഉപേക്ഷിക്കുകയായിരുന്നു.

ശിവസേന എംഎല്‍എമാര്‍ ഒറ്റക്കെട്ടാണെന്ന് പാര്‍ട്ടി നേതാക്കള്‍ ആവര്‍ത്തിക്കുമ്ബോഴും
പാര്‍ട്ടിയിലെ നല്ലൊരു വിഭാഗം എംഎല്‍എമാരും ബിജെപിയുമായി അടുപ്പം പുലര്‍ത്തുന്നവരാണ്.

മുഖ്യമന്ത്രിയായി ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തതോടെ ഇവരില്‍ പലരും ബിജെപി അനുകൂല നിലപാടുമായി പരസ്യമായി രംഗത്ത് വരുന്നതിനു സാധ്യതയുണ്ട്.

Top