ചാരിറ്റി വിറ്റ് കോടികള്‍ സമ്പാദിച്ചുവെന്ന് സമ്മതിച്ച് ഫിറോസ്‌ കുന്നുംപറമ്പില്‍

ചാരിറ്റി വിറ്റ്‌ കോടികള്‍ സമ്പാദിച്ചുവെന്ന് തുറന്നു സമ്മതിച്ച് പ്രമുഖ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ്‌ കുന്നുംപറമ്പില്‍. ഫിറോസിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളിലെ തട്ടിപ്പ് പലതവണ പുറത്ത് കൊണ്ടുവന്ന ഡോക്ടര്‍ അഷീലിന്റെ കമന്റിന് മറുപടിയായാണ് ഫിറോസ്‌ കുന്നുംപറമ്പില്‍ ഇങ്ങനെ മറുപടി കൊടുത്തത്. മജ്ജ മാറ്റി വയ്ക്കലിന് 15 ലക്ഷം രൂപ ആവശ്യമുള്ള ഒരു രോഗിയുടെ ചികിത്സാ റിപ്പോര്‍ട്ട് പോസ്റ്റ്‌ ചെയ്ത് ഡോക്ടര്‍ അഷീലിനെ വെല്ലുവിളിക്കുകയാണ് ഫിറോസ്‌ തന്റെ ഫേസ്ബുക്ക് പേജിലൂടെ ചെയ്തത്. അതില്‍ തന്നെ ഡോക്ടര്‍ അഷീല്‍ വ്യക്തമായി ഫിറോസിന് മറുപടി കൊടുക്കുകയുണ്ടായി. ആദ്യമിട്ട കമന്റ് ഫിറോസ്‌ ഡിലീറ്റ് ആക്കിയെങ്കിലും ഡോക്ടര്‍ അഷീല്‍ വീണ്ടും കമന്റ് ഇടുകയും അതിന് മറുപടിയായി ഫിറോസ്‌ കോടീശ്വരനായ വിവരം തുറന്നു സമ്മതിച്ചതും.

വീ കെയര്‍ പദ്ധതിയില്‍ ആ രോഗിയുടെ കുടുംബത്തിന് സഹായത്തിനായി അപേക്ഷിക്കാമെന്നും തീര്‍ച്ചയായും സഹായം ലഭിക്കുമെന്നും ഡോക്ടര്‍ അഷീല്‍ ഉറപ്പു പറയുന്നുണ്ട്. ഈ സഹായം ലഭിക്കാന്‍ വേണ്ടി ഒരു ചാരിറ്റി വിറ്റ്‌ കോടീശ്വരനായ  ഇടനിലക്കാരന്റെയും ആവശ്യമില്ലെന്നും ഡോക്ടര്‍ അഷീല്‍ കമന്റിലൂടെ പറഞ്ഞു. “ഞാന്‍ കോടീശ്വരന്‍ ആയിട്ടുണ്ടെങ്കില്‍ അത് ഞാന്‍ ചെയ്ത നന്മയ്ക്ക് എന്നെ സ്നേഹിക്കുന്നവര്‍ നല്‍കിയതാണ്” എന്നാണ് ഫിറോസിന്റെ മറുപടി.ഫിറോസിന്റെ ചാരിറ്റി പിരിവും വക മാറ്റലും അനധികൃത സ്വത്ത് സമ്പാദനവും ഉള്‍പ്പടെ കേന്ദ്രത്തിന് പരാതി പോയ പശ്ചാത്തലത്തിലാണ് ഫിറോസ്‌ മുന്‍പ് ഒരു സുപ്രഭാതത്തില്‍ ചാരിറ്റി പ്രവര്‍ത്തനം നിര്ത്തുന്നതായി പ്രഖ്യാപിച്ചത്. അനാവശ്യ വിമര്‍ശനം സഹിക്കവയ്യാതെയാണ് ചാരിറ്റി നിര്‍ത്തുന്നത് എന്നാണ് ഫിറോസിന്റെ ഭാഷ്യമെങ്കിലും രാജ്യത്തെ നിയമത്തിനു വിരുദ്ധമായി വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്നതില്‍ പണി വീഴുമെന്നു കണ്ടിട്ടാണ് ചാരിറ്റി പ്രവര്‍ത്തനം ഫിറോസ്‌ നിര്‍ത്തിയത് എന്നതാണ് വാസ്തവം.

സ്വകാര്യ ആശുപത്രികളില്‍ മാത്രം ചികിത്സയ്ക്ക് ആളുകളെ പറഞ്ഞയക്കുന്നതും സര്‍ക്കാര്‍ സംവിധാനങ്ങളെ പാടെ അവഗണിക്കുന്നതുമാണ് ഫിറോസിനെ ആളുകള്‍ വിമര്‍ശിക്കാനുള്ള പ്രധാന കാരണം. സ്വകാര്യ ആശുപത്രി മാഫിയയുമായുള്ള ഫിറോസിന്റെ കള്ളക്കളി മാത്രമാണിത് എന്നാണ് ഡോക്ടര്‍ അഷീല്‍ അടക്കമുള്ളവര്‍ തുറന്നു കാട്ടിയത്. കൂടാതെ ചാരിറ്റിയുടെ പേരില്‍ രോഗിയുടെ അക്കൗണ്ടില്‍ വരുന്ന പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുന്നതും വിമര്‍ശന വിധേയമായിട്ടുണ്ട്. ഒന്നോ രണ്ടോ ദിവസങ്ങള്‍ കൊണ്ട് കോടികള്‍ ഒരു സാധാരണ അക്കൗണ്ടിലെക്ക് വരുന്നത് ഹവാലാ ഇടപാടിന് സമാനമാണെന്നും ആരോപണമുണ്ടായിരുന്നു. തുടര്‍ന്നാണ്‌ യുവമോര്‍ച്ച കേന്ദ്രസര്‍ക്കാരിനു ഇതുസംബന്ധിച്ച് പരാതി നല്‍കുന്നത്. തുടര്‍ന്ന് കാര്യങ്ങള്‍ പന്തിയല്ലെന്ന് മനസ്സിലായ ഫിറോസ്‌ ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.വീടും പുതിയ കാറും വിലകൂടിയ മറ്റ് വസ്തുക്കളും ഉള്‍പ്പടെ കോടികള്‍ ഫിറോസ്‌ ചാരിറ്റിയിലൂടെ അനധികൃതമായി  സമ്പാദിച്ചുവെന്ന് ആരോപണമുയര്‍ന്നിരുന്നു. അതൊക്കെ സമ്മതിക്കുന്നതാണ് ഫിറോസിന്റെ ഒടുവിലത്തെ പ്രതികരണം.

 

Top