ഭോപ്പാല്‍: കറന്‍സി നോട്ടില്‍ മഹാത്മാഗാന്ധിക്ക് പകരം ഗോദ്സെയെ പ്രതിഷ്ഠിച്ച് എ.ബി.വി.പി നേതാവ്. മധ്യപ്രദേശിലെ സിഥി ജില്ലയില്‍ നിന്നുള്ള എ.ബി.വി.പി നേതാവ് ശിവം ശുക്ലയാണ് പത്തുരൂപ േനാട്ടില് ഗാന്ധിയെ മാറ്റി ഗോദ്സെയെ എഡിറ്റ് ചെയ്ത് ചേര്‍ത്തത്. തുടര്‍ന്ന് ‘ഗോദ്സെ അമര്‍ രഹേ’ എന്ന ടാഗ്ലൈനോടെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഗോദ്സെയുടെ 111ാം ജന്മദിനമായ മെയ് 19നാണ് ശിവം ശുെക്ല ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍ സംഭവം വിവാദമായതോടെ നോട്ടിെന്റ ചിത്രം ഒഴിവാക്കി ഗോദ്സെക്കുള്ള അഭിവാദ്യമായി പോസ്റ്റ് എഡിറ്റ് ചെയ്തിട്ടുണ്ട്. 2019 മെയ് 18നും ഇയാള്‍ ഗാന്ധിയെ മാറ്റി നോട്ടില്‍ േഗാദ്സെയെ എഡിറ്റ് ചെയ്ത ചിത്രം പോസ്റ്റ് ചെയ്തിരുന്നു.
ശിവം ശുക്ലയുടെ പോസ്റ്റ് ഗാന്ധിയെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി എന്‍.എസ്.യു സിഥി ജില്ല പ്രസിഡന്റ് ദീപക് മിശ്ര പൊലീസില്‍ പരാതി നല്കി. ശിവം ശുക്ല മുസ്ലിംകള്ക്കും കോണ്‍ഗ്രസിനുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി വിഷം വമിപ്പിക്കുകയാണെന്നും എന്‍.എസ്.യു നല്കിയ പരാതിയില്‍ പറയുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ് പൊലീസിന് സമര്‍പ്പിച്ചിട്ട് 24 മണിക്കൂര്‍ ആയെങ്കിലും പൊലീസ് ഇതുവരെയും കേസ് എടുത്തിട്ടില്ല.
ബി.ജെ.പി എം.പി റിഥി പതകുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും എന്‍.എസ്.യു ആരോപിച്ചു.