കൊല്ലം: കൊല്ലം അഞ്ചലില്‍ യുവതി പാമ്ബ് കടിയേറ്റു മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. ഏറം വെള്ളശേരി വീട്ടില്‍ ഉത്ര വീടിനുള്ളില്‍ പാമ്ബുകടിയേറ്റു മരിച്ച സംഭവത്തിലാണ് പുതിയ വഴിത്തിരിവ്. ആരോപണവുമായി രക്ഷിതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇവര്‍ പൊലീസില്‍ പരാതി നല്കി. അഞ്ചലില്‍ ഏറം വെള്ളശേരി വീട്ടില്‍ വിശ്വനാഥന്, വിജയലക്ഷ്മി ദമ്ബതികളുടെ മകളാണ് മേയ് എഴിനു പാമ്ബു കടിയേറ്റു മരിച്ച ഉത്ര. യുവതിയുടെ ഭര്‍ത്താവിന് പാമ്ബ് പിടിത്തക്കാരുമായി ബന്ധമുണ്ടെന്ന് മരിച്ച ഉത്രയുടെ അച്ഛന് ആരോപിച്ചു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് രക്ഷിതാക്കള്‍ കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരിക്കുന്നത്.
രാത്രി ഭര്‍ത്താവിനും മകനും ഒപ്പം കിടന്നുറങ്ങിയതാണ് ഉത്ര. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് നോക്കിയപ്പോള്‍ ബോധരഹിതയായി കിടക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലേക്ക് എത്തിച്ചു. അപ്പോഴാണ് യുവതിക്ക് പാമ്ബ് കടിയേറ്റതായി അറിയുന്നത്. പിന്നീട് ബെഡ് റൂമില്‍ നടത്തിയ തെരച്ചലില്‍ മൂര്‍ഖന്‍ പാമ്ബിനെ കണ്ടെത്തുകയും ചെയ്തു. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്ബ് എങ്ങനെ അകത്തു കയറി എന്നാണ് ഉത്രയുടെ വീട്ടുകാരുടെ സംശയം. മുറിയില്‍ കാണപ്പെട്ട വിഷപ്പാമ്ബിനെ തല്ലിക്കൊല്ലുകയും ചെയ്തിരുന്നു.
സൂരജും മകനും അതേ മുറിയില്‍ ഉണ്ടായിരുന്നിട്ടും പാമ്ബ് കടിച്ചത് ഉത്രയെ മാത്രമാണ്. ഇരുവരുടെയും മകന് ഒരു വയസ് മാത്രമാണ് പ്രായം. ഉത്രയെ പാമ്ബ് കടിച്ചതും മരിച്ചതും താന്‍ അറിഞ്ഞില്ലെന്നാണ് സൂരജ് മൊഴി നല്‍കിയത്. ഇതില്‍ വെെരുദ്ധ്യമുണ്ടെന്നാണ് ഉത്രയുടെ മാതാപിതാക്കളുടെ ആരോപണം. മകള്‍ക്കു വിവാഹസമ്മാനമായി നല്കിയ സ്വര്‍ണാഭരണങ്ങള്‍ പലതും കാണാനില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും അന്വേഷണം തുടരുകയാണെന്നും അഞ്ചല്‍ പൊലീസ് പറഞ്ഞു.
മാര്‍ച്ച് 2ന് അടൂര്‍ പറക്കോടുള്ള ഭര്‍തൃവീട്ടില്‍ വച്ചും ഉത്രയ്ക്ക് പാമ്ബ് കടിയേറ്റിരുന്നു. അന്ന് പാമ്ബ് കടിയേറ്റതിനെ തുടര്‍ന്ന് ഉത്തരയെ പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ ചികിത്സിക്കുകയായിരുന്നു. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടില്‍ ചികിത്സ തുടരുമ്ബോഴാണ് ഉത്തരയെ വീണ്ടും പാമ്ബ് കടിയേറ്റത്. അന്ന് അണലിയാണ് ഉത്തരയെ കടിച്ചത്. ചികിത്സയിലായതിനാല്‍ ഉത്ര തന്റെ കൊല്ലം അഞ്ചലിലുള്ള സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു. രണ്ടാമത് പാമ്ബ് കടിയേറ്റു മരിച്ച ദിവസം ഭര്‍ത്താവ് സൂരജ് ഉത്രയുടെ അഞ്ചലിലുള്ള വീട്ടിലേക്ക് എത്തുകയായിരുന്നു.