പ്രതിഷേധം ഫലം കണ്ടു ; ശ്രീനാരായണ ഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന് കേന്ദ്രസര്‍ക്കാരിന്റെ കത്ത്

ശ്രീനാരായണ ഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി

പുനരുജ്ജീവിപ്പിക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന്

കേന്ദ്രസര്‍ക്കാരിന്റെ കത്ത്

ശ്രീനാരായണ ഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. 69.47 കോടി രൂപയുടെ ശ്രീനാരായണ ഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി പ്രത്യേകിച്ച് കാരണമൊന്നും വ്യക്തമാക്കാതെ റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം സംസ്ഥാനത്ത് ഉയര്‍ന്നിരുന്നു. ശ്രീനാരായണ തീര്‍ത്ഥാടന സര്‍ക്യൂട്ട് ഉപേക്ഷിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍‍ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ശ്രീനാരായണ തീര്‍ത്ഥാടന സര്‍ക്യൂട്ട് പുനരുജ്ജീവിപ്പിക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്. അതേസമയം സംസ്ഥാനത്തെ 14 ജില്ലകളിലെ വ്യത്യസ്ത മതവിഭാഗങ്ങളുടെ 133 ആരാധാനാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസിപ്പിക്കുന്നതിനുള്ള 85.22 കോടി രൂപയുടെ സ്പിരിച്ചല്‍ ടൂറിസം പദ്ധതി ഉപേക്ഷിച്ച തീരുമാനം പിന്‍വലിക്കുന്നതിനെ കുറിച്ച് കേന്ദ്ര ടൂറിസം മന്ത്രാലത്തിന്റെ കത്തില്‍ പരാമര്‍ശമൊന്നുമില്ല. ശ്രീനാരായണ തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള കേന്ദ്ര തീരുമാനം സ്വാഗതാര്‍ഹമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദ്ദവും, സംസ്ഥാനത്ത് ഒറ്റക്കെട്ടായി ഉയര്‍ന്ന പ്രതിഷേധവും കണക്കിലെടുത്താണ് ശ്രീനാരായണ തീര്‍ത്ഥാടന സര്‍ക്യൂട്ട് ഉപേക്ഷിക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്രം പിന്മാറിയത്. പദ്ധതി നടത്തിപ്പ് നടപടി ക്രമം പാലിച്ച് സംസ്ഥാന ടൂറിസം വകുപ്പിനെ ഏല്‍പ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ശ്രീനാരായണ തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി കേന്ദ്ര സ്ഥാപനമായ ഐടിഡിസിയെയാണ് നേരത്തെ ഏല്‍പ്പിച്ചിരുന്നത്. 133 ആരാധാനാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസിപ്പിക്കുന്നതിനുള്ള 85.22 കോടി രൂപയുടെ സ്പിരിച്ചല്‍ ടൂറിസം പദ്ധതി കൂടി പുനരുജ്ജീവിപ്പിക്കണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Top